Latest NewsKerala

രണ്ട് ലക്ഷമല്ല, രണ്ട് കോടി ഭക്തരുണ്ടാകണം തിരുവനന്തപുരത്ത് ശരണം വിളിക്കാന്‍

ലക്ഷ്മി ആര്‍  ദാസ്‌

നാമജപ പ്രതിഷേധം പോലെ, മഞ്ചേശ്വരം മുതല്‍ കന്യാകുമാരി വരെ തെളിഞ്ഞ അയ്യപ്പജ്യോതിപോലെ, പൊന്നമ്പലമേട്ടില്‍ നിന്ന് കേരളം മുഴുവന്‍ വ്യാപിച്ച മകരവിളക്ക് പോലെ മറ്റൊരു നിശബ്ദദൗത്യം കൂടി. ഈ മാസം 20 ന് അയ്യപ്പഭക്തര്‍ തലസ്ഥാനത്ത് ഒത്തുകൂടാന്‍ പോകുകയാണ്. നിലവില്‍ ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങളോടും ഹൈന്ദമതവിശ്വാസികളോടുമുള്ള സര്‍ക്കാരിന്റെയും ഇടത് പ്രസ്ഥാനങ്ങളുടെയും മനോഭാവം ബോധ്യപ്പെടുമ്പോള്‍ അന്നേ ദിവസം തലസ്ഥാനത്ത് എത്തേണ്ടത് രണ്ട് ലക്ഷമല്ല രണ്ട് കോടി വിശ്വാസികളാണ്. ഒരു മതവിഭാഗത്തിന്റെ നിര്‍ദോഷങ്ങളായ സങ്കല്‍പ്പങ്ങളേയും ആചാരങ്ങളേയും പാടേ പരിഹസിച്ച് ആ മതവിശ്വാസികളെ അപമാനിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഒരു സര്‍ക്കാരിനുള്ള മറുപടിയാകണം അയ്യപ്പഭക്ത സംഗമം.

ശബരിമല നട അടയ്ക്കുന്ന ജനുവരി 20ന് ശബരിമല കര്‍മസമിതിയുടെ നേതൃത്വത്തിലാണ് വന്‍ അയ്യപ്പഭക്ത സംഗമം സംഘടിപ്പിക്കുന്നത്. പരിപാടിയില്‍ ശ്രീ മാതാ അമൃതാനന്ദമയിയും പങ്കെടുക്കും. കൂടാതെ ജീവനകല ആചാര്യന്‍ ശ്രീശ്രീ രവിശങ്കറടക്കമുള്ളവരെയും ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചിട്ടുണ്ട്. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ നടപടികളോട് ഇടഞ്ഞുനില്‍ക്കുന്ന എന്‍എസ് എസിന്റെ പിന്തുണയും ഈ സംഗമത്തിനുണ്ടാകുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള വിശ്വാസികളുടെ നാമജപയാത്രയും അന്ന് ഉണ്ടായിരിക്കും. ശബരിമലയില്‍ ആചാരസംരക്ഷണം ആവശ്യപ്പെട്ടു 18ന് സെക്രട്ടേറിയറ്റ് വളയല്‍ സമരമാണ് കര്‍മസമിതി ആദ്യം പ്രഖ്യാപിച്ചിരുന്നതെങ്കിലും പിന്നീട് അത് മാറ്റി അയ്യപ്പഭക്തസംഗമം എന്ന തീരുമാനത്തിലെത്തുകയായിരുന്നു. സംഗമത്തിന്റെ ഭാഗമായി 18ന് രാവിലെ അയ്യപ്പ മണ്ഡപങ്ങള്‍ ഒരുക്കും. തലസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലാണ് ഇത് ഒരുക്കുക. കൂടാതെ മൂന്നു ദിവസം ഇവിടെ അയ്യപ്പ വിഗ്രഹവും വിളക്കും വച്ചു പൂജയുണ്ടാകും. 18ന് വൈകിട്ടു നഗരത്തില്‍ വനിതകളുടെ വാഹനപ്രചാരണ യാത്രയും നടത്തും. ഇതേതുടര്‍ന്നാണ് 20 ന് നൂറുകണക്കിനാളുകള്‍ പങ്കെടുക്കുന്ന അയ്യപ്പഭക്തസംഗമം.

കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ ആധ്യാത്മികാചാര്യന്മാരും സമുദായ സംഘടനാ നേതാക്കളും പങ്കെടുക്കുന്ന പരിപാടി അക്ഷരാര്‍ത്ഥത്തില്‍ ഹൈന്ദവകൂട്ടായ്മയാല്‍ മാത്രമേ വിശ്വാസങ്ങളേയും മൂല്യങ്ങളേയും അടച്ചാക്ഷേപിക്കുന്നവര്‍ക്ക് കുട പിടിക്കുന്ന പിണറായി സര്‍ക്കാരിന് മറുപടി നല്‍കാനാകൂ. സ്ത്രീകളെ പ്രവേശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ശബരിമലയില്‍ നടന്ന വിശ്വാസികളുടെ പ്രതിഷേധത്തിനപ്പുറം ഒന്നിനും സഹനത്തില്‍ വിശ്വസിക്കുന്ന യഥാര്‍ത്ഥ വിശ്വാസികള്‍ പുറപ്പെട്ടിട്ടില്ല. എന്നാല്‍ അവര്‍ നിശബ്ദരുമായിരുന്നില്ല. പ്രാര്‍ത്ഥിച്ചും ശരണം വിളിച്ചും ക്ഷേത്രസംസ്‌കാരങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റങ്ങളില്‍ പ്രതിഷേധമറിയിക്കുക മാത്രമാണ് അവര്‍ ചെയ്തത്. അതിനര്‍ത്ഥം പിണറായിയുടെ പൊലിസിന്റെ ലാത്തി ഭയന്ന് വിശ്വാസി സമൂഹം നിശബ്ദരായെന്നല്ല. ചില നടപടികള്‍ക്ക് മൗനമോ പ്രാര്‍ത്ഥനയോ ആണ് പ്രതിഷേധമാര്‍ഗം. അലറാനും കൊല്ലാനും കൊടി പിടിക്കാനും മാത്രം ശീലിച്ച ഒരു പാര്‍ട്ടിയുടെ നേതാക്കള്‍ക്ക് അതൊന്നും കേട്ടുകേള്‍വി പോലുമുണ്ടാകില്ല.

ഭക്തജനപ്രക്ഷോഭത്തിന് മുന്നില്‍ മുട്ടുമടങ്ങിയെന്ന ദുര്‍ഖ്യാതിയില്‍ നിന്ന് രക്ഷപ്പെടാന്‍ ് അയ്യപ്പനെ വെല്ലുവിളിക്കാനെത്തിയ രണ്ട് സ്ത്രീകളെ സന്നിധാനത്തെത്തിച്ചനാണംകെട്ട കളി കളിയുടെ കണക്ക് മാത്രമേ മകരവിളക്ക് കഴിയുമ്പോള്‍ സര്‍ക്കാരിന് മുന്നിലുള്ളു. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ അനധികൃത സൗകര്യങ്ങളൊരുക്കിയെന്നും ഭക്തരെ കയറ്റി വിടാത്ത ഗേറ്റിലൂടെയാണ് ഇവരെ കടത്തിവിട്ടതെന്നും ശബരിമല നിരീക്ഷക സമിതി സമിതി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. പോലീസുകാര്‍ കാവല്‍ നില്‍ക്കുന്ന ഗേറ്റ് വഴി യുവതികള്‍ എങ്ങനെ സന്നിധാനത്ത് എത്തിയെന്ന് അറിയില്ല. കൊടിമരത്തിനടുത്ത് കൂടി ശ്രീകോവിലിന് മുന്നിലേക്ക് കടത്തിയതും ഭക്തരെ പ്രവേശിപ്പിക്കാത്ത വഴിയിലൂടെയാണ്. ദേവസ്വം ജീവനക്കാരെയും വിഐപികളേയും മാത്രം കടത്തിവിടുന്ന ഗേറ്റിലൂടെയാണ് യുവതികളെ പ്രവേശിപ്പിച്ചതെന്നാണ് നിരീക്ഷകസമിതിയുടെ റിപ്പോര്‍ട്ടിലുള്ളത്.

പാര്‍ട്ടി അനുഭാവികളായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ചെയ്തുകൊടുത്ത സഹായത്തിന് സ്ഥാനകയറ്റവും പുരസ്‌കാരവുമൊക്കെ ലഭിക്കുമെന്നതില്‍ സംശയമില്ല. പക്ഷേ എന്തൊക്കെ കിട്ടിയാലും ആരൊക്കെ ബലേ ഭേഷ് എന്നറിയിച്ചാലും ഇങ്ങനെയല്ല ജനാധിപത്യരീതിയില്‍അധികാരത്തിലെത്തിയ ഒരു സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടതെന്ന വിമര്‍ശനത്തിന്റെ കൂരമ്പ് തുരുതുരെ വന്നു പൊതിഞ്ഞുകൊണ്ടിരിക്കും. ആ വിര്‍ശനങ്ങളുംം ശാപവചനങ്ങളും ഹിന്ദു സമൂഹത്തിലെ പാവം വിശ്വാസികളുടെ മാത്രമായിരിക്കില്ല. നല്ല അസല്‍ സഖാക്കളും നാലുപേരെ കേള്‍ക്കാതെ അടക്കം പറയുന്നത് അതുതന്നെയാണെന്ന് ബോധ്യപ്പെടുന്ന ഒരു ദിവസം സിപിഎമ്മിന് മുന്നിലെത്തും.

സുപ്രീംകോടതി എങ്ങനെ വിധിച്ചാലും വിശ്വാസികള്‍ക്ക് കലിയുഗവരദനായ അയ്യപ്പനോടുള്ള കാഴ്ച്ചപ്പാടില്‍ ഒരു മാറ്റവും വരാന്‍ പോകുന്നില്ല. മുമ്പ് ആചരിച്ചതൊക്കെ, വിശ്വസിച്ചതൊക്കെ മരണം വരെ അവര്‍ തുടരും. കേരളത്തിലെ അറിയപ്പെടുന്ന അധ്യാത്മിക ആചാര്യന്‍മാരെല്ലാം അതിനായി അവരെ ആശീര്‍വദിക്കുന്നു. അധ്യാത്മിക രംഗത്തെ വന്‍ശക്തികളായി ലക്ഷക്കണക്കിന് വരുന്ന ഭക്തരുടെ വഴികാട്ടികളാണ് ശ്രീ മാതാ അമൃതാനന്ദമയി ദേവിയും ശ്രീ ശ്രീ രവിശങ്കറും. ഈ രണ്ട് ആത്മീയആചാര്യന്‍മാരും അയ്യപ്പന്റെ പേരില്‍ ഒരുവേദിയില്‍ ഒന്നിച്ചെത്തിയാല്‍ അതൊരു വലിയ അനുഗ്രഹവും പ്രചോദനവുമാകും. ആ മഹാഗുരുക്കന്‍മാരുടെ സാന്നിധ്യത്തില്‍ ഹൈന്ദവവിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകത ഊന്നിപറയുമ്പോള്‍ അത് വിഫലമാകില്ല. അതുകൊണ്ട് തന്നെ രണ്ട് ലക്ഷം പേരല്ല രണ്ട് കോടി വിശ്വാസികള്‍ ആരും ക്ഷണിക്കാതെ തലസ്ഥാനത്തെത്തട്ടെ. അങ്ങനെയെങ്കിലും ഇടത് സര്‍ക്കാര്‍ തിരിച്ചറിയട്ടെ നവോത്ഥാനമെന്നത് സ്തുതിപാഠകരായ ഒരു വിഭാഗത്തിന്റെ പ്രീണനത്തിനായി നടത്തുന്ന വിശ്വാസഹത്യ അല്ലെന്ന്…

shortlink

Related Articles

Post Your Comments

Related Articles


Back to top button