Latest NewsKerala

രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള സർക്കാരിനെ വിമർശിക്കുന്നത് : മുഖ്യമന്ത്രി

തിരുവനന്തപുരം: ഇടതുസർക്കാർ കേരളത്തിന്‍റെ സംസ്കാരം തകർക്കുന്നുവെന്ന കഴിഞ്ഞ ദിവസത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിമർശനത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്‍റെ സാംസ്കാരിക പൈതൃകം തകർക്കുന്നതിന് കൂട്ടുനിൽക്കുന്നയാളാണ് കേരള സർക്കാരിനെ വിമർശിക്കുന്നതെന്നു ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍റെ ദേശീയ സമ്മേളനത്തിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ മതനിരപേക്ഷത സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ശരിയായി നിറവേറ്റിയോയെന്ന് മോദി ആത്മപരിശോധന നടത്തണമെന്നും പിണറായി ആവശ്യപ്പെട്ടു

റംസാൻ നോമ്പുതുറയ്ക്കായി വീട്ടിലേക്ക് ട്രയിനിൽ പോയ സഹോദരങ്ങളെ, ഒരു കൂട്ടം ആളുകൾ വേഷത്തിൽ നിന്ന് മുസ്ലീം ആണെന്ന് തിരിച്ചറിഞ്ഞ് ആക്രമിച്ചതടക്കമുള്ള നിരവധി സംഭവങ്ങൾ രാജ്യത്തുണ്ടായി. ആ സഹോദരങ്ങളിൽ ഏറ്റവും ഇളയവനെ കൊന്നു ട്രയിനില്‍ നിന്ന് പുറത്തേക്ക് വലിച്ചെറിഞ്ഞു. ഒരു വിഭാഗം ആളുകളെ, ഒരു കുറ്റവും ചെയ്യാത്ത ചെറുപ്പക്കാരെ കൊല ചെയ്യുന്നവർക്ക് സംഘപരിവാര്‍ സംരക്ഷണം കൊടുത്തുവെന്നും എങ്ങനെയെല്ലാം അവരെ സംഘപരിവാർ സംരക്ഷിച്ചുവെന്ന് രാജ്യത്തിന് അറിയാമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

ഭക്ഷണത്തിന്‍റെ പേരിലും പശുവിന്‍റെ പേരിലും മനുഷ്യരെ കൊലപ്പെടുത്തി. സംഘപരിവാറാണ് ഈ മാനസികാവസ്ഥയിലേക്ക് രാജ്യത്തെ ചെറുപ്പക്കാരെ എത്തിച്ചത്. ഇപ്പോഴും സംഘപരിവാർ പ്രചാരകന്‍റെ മനസാണ് മോദിക്ക്. പ്രധാനമന്ത്രിയുടെ അനുയായികളാണ് രാജ്യത്തിന്‍റെ സംസ്കാരം തകർക്കുന്നത്. ആ അതിക്രമങ്ങളെയാണ് പ്രധാനമന്ത്രി എതിർക്കേണ്ടതെന്നും ന്യൂനപക്ഷ, ഭൂരിപക്ഷ ചേരിതിരിവിനുള്ള ഇത്തരം സംഘപരിവാർ ശ്രമങ്ങൾ കേരളത്തിൽ നടക്കില്ലെന്ന നിരാശയാണ് മോദിയുടെ വിമർശനത്തിന് കാരണമെന്നും പിണറായി വിജയൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button