Kerala

ആയുഷ് ചികിത്സാസമ്പ്രദായം കൂടുതല്‍ വിപുലപ്പെടുത്തുമെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

തിരുവനന്തപുരം: ആയുഷ് ചികിത്സാ സമ്പ്രദായം കൂടുതല്‍ വികസിപ്പിച്ച് ജനോപകാരപ്രദമാക്കുമെന്ന് ആരോഗ്യ ആയുഷ് വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായാണ് മേഖലയിലെ വിവിധ വിഭാഗങ്ങളുടെ ശാസ്ത്രീയ അടിത്തറ തുറന്നുകാട്ടുന്നതിന് ഇന്റര്‍ നാഷണല്‍ ആയുഷ് കോണ്‍ക്ലേവ് ഫെബ്രുവരി 15 മുതല്‍ 19 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്. കണ്ണൂരില്‍ ഇന്റര്‍നാഷണല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആയുര്‍വേദ സ്ഥാപിക്കുന്നതിന് നടപടികള്‍ ആരംഭിച്ചുവെന്നും മന്ത്രി പറഞ്ഞു. ആയുഷ് മേഖലയിലെ വിവിധ വകുപ്പ് മേധാവികളുടെയും ജില്ല മെഡിക്കല്‍ ഓഫീസര്‍മാരുടേയും ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ആയുഷിന്റെ വിവിധ മേഖലകളിലെ വികസനവും നിലവിലെ സ്ഥിതിയും പ്രതിപാദിക്കുന്ന കൈപ്പുസ്തകം മന്ത്രി പ്രകാശനം ചെയ്തു.

ആയുഷ് മേഖലയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്ന നിരവധി പദ്ധതികളുടെ വിശദമായ ചര്‍ച്ച ശില്പശാലയില്‍ നടന്നു. തൃശൂരില്‍ ആരംഭിച്ച ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പോര്‍ട്‌സ് ആയുര്‍വേദ റിസര്‍ച്ച് ഇത്തരത്തില്‍ ഏഷ്യയിലെതന്നെ ആദ്യ സംരംഭമായിരുന്നു. കണ്ണൂരില്‍ ഹോമിയോ വകുപ്പിന് കീഴില്‍ ജനനി (ഇന്‍ഫെര്‍ട്ടിലിറ്റി സെന്റര്‍) മികവിന്റെ കേന്ദ്രമാക്കി മാറ്റുന്നതിന് ഭരണാനുമതി നല്‍കി പ്രവര്‍ത്തനമാരംഭിച്ചു. നാഷണല്‍ ആയുഷ് മിഷന്‍ നിലവില്‍ അനുവദിച്ച 2595 ലക്ഷം രൂപയ്ക്ക് പുറമേ സപ്ലിമെന്ററി ഗ്രാന്റായി 1735 ലക്ഷം രൂപ ഈ മാസം അനുവദിച്ചു. ഓരോ ആയുഷ് ആശുപത്രികളുടെയും വികസനത്തിന് 5 ലക്ഷം രൂപ വീതവും ഡിസ്‌പെന്‍സറികളുടെ വികസനത്തിന് 189 ലക്ഷം രൂപയും സപ്ലിമെന്ററി ഗ്രാന്റില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. സീതാലയം സെന്ററുകള്‍, കോണ്‍ട്രാക്ട് അടിസ്ഥാനത്തില്‍ ആയുര്‍വേദ ഡ്രഗ് ഇന്‍സ്‌പെക്ടറുടെ 11 തസ്തികകള്‍ എന്നിവയും അനുവദിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button