Latest NewsUAEGulf

പോപ്പിന്റെ സന്ദര്‍ശനം വന്‍ ആഘോഷമാക്കാന്‍ അബുദാബി

അബുദാബി : റോമന്‍ കത്തോലിക്കാ സഭയുടെ ആത്മീയാചാര്യനും സഭയുടെയും വത്തിക്കാന്‍ രാഷ്ട്രത്തിന്റെയും പരമാധികാരിയും റോമാ മെത്രാനുമായ പോപ്പ് ഫ്രാന്‍സിസിനെ വരവേല്‍ക്കാനായി ഒരുങ്ങിനില്‍ക്കുകയാണ് അബുദാബി. ഇതാദ്യമായാണ് പോപ്പ് മിഡിലീസ്റ്റിലെ ഒരു രാജ്യം സന്ദര്‍ശിക്കുന്നത് എന്നതിനപ്പുറം ചരിത്രപരമായ നിരവധി പ്രത്യേകതകള്‍ അവകാശപ്പെടാനുണ്ട് ഈ സന്ദര്‍ശനത്തിന്.

യു.എ.ഇ. എന്ന രാഷ്ടം സഹിഷ്ണുതാ വര്‍ഷമായാണ് 2019 ആചരിക്കുന്നത്. മാനവസമൂഹത്തിനിന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്ന സ്‌നേഹവും സഹവര്‍ത്തിത്വവും സഹജീവികളോടുള്ള അനുകമ്പയുമെല്ലാം തിരികെപ്പിടിക്കാനും ജനതയെ ഒരുമിപ്പിക്കാനുള്ള വലിയ ശ്രമങ്ങളുടെ ഭാഗമായാണ് യു.എ.ഇ.യുടെ ഈ പ്രഖ്യാപനം. ലോകം മുഴുവന്‍ അനുയായികളുള്ള, സമാധാനത്തിന്റെ പ്രചാരകനായ പോപ്പിന്റെ സന്ദര്‍ശനം യു.എ.ഇ. മുന്നോട്ടുവെക്കുന്ന ആശയങ്ങള്‍ക്ക് അടിവരയിടുന്നതാണ്. പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കിടയില്‍ മുസ്ലിം ജനതയുടെ മേല്‍ അറിഞ്ഞോ അറിയാതെയോ ചാര്‍ത്തപ്പെട്ട ഭീകരവാദ മുഖം തെറ്റായ കാഴ്ചപ്പാട് മാത്രമാണെന്നത് വ്യക്തമാക്കാന്‍ പോപ്പിന്റെ യു.എ.ഇ. സന്ദര്‍ശനത്തിന് കഴിയും.
അബുദാബി കിരീടാവകാശിയും യു.എ.ഇ. സായുധസേന ഉപ സര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ ക്ഷണം സ്വീകരിച്ചാണ് പോപ് യു.എ.ഇ.യിലെത്തുന്നത്. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെയാണ് അദ്ദേഹം യു.എ.ഇ.യിലുണ്ടാവുക. ഫെബ്രുവരി മൂന്ന് ഞായറാഴ്ച ഉച്ചയ്ക്ക് ഒരുമണിക്ക് റോമിലെ ഫൈയുമിഷിനോയില്‍നിന്നുമാണ് പോപ്പ് അബുദാബിയിലേക്ക് പുറപ്പെടുക.
പ്രത്യേകരീതിയില്‍ സജ്ജീകരിച്ച വാഹനത്തിലായിരിക്കും പോപ് സ്റ്റേഡിയത്തിനുള്ളില്‍ വിശ്വാസികള്‍ക്കിടയിലൂടെ സഞ്ചരിക്കുകയെന്ന് ദുബായ് സെയ്ന്റ് മേരീസ് ദേവാലയ വെബ്സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്. സായിദ് സ്‌പോര്‍ട്‌സ് സിറ്റി സ്റ്റേഡിയത്തിലും അബുദാബി നഗരത്തിലും വലിയ ഒരുക്കങ്ങളാണ് ഇതിനായി നടത്തിയിട്ടുള്ളത്. 43,000 ആളുകള്‍ക്കുള്ള ഇരിപ്പിടങ്ങളാണ് സ്റ്റേഡിയത്തിന്റെ ഗാലറിയില്‍ ഉള്ളത്. പൊതുപരിപാടിക്ക് സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിക്കുന്ന 1.20 ലക്ഷം ആളുകളില്‍ ബാക്കിയുള്ള 77,000 ആളുകള്‍ക്ക് ഗ്രൗണ്ടില്‍ പ്രത്യേക സകൗര്യമാണ് ഒരുക്കുക. സ്റ്റേഡിയത്തിലേക്ക് വിശ്വാസികളെ തിക്കുംതിരക്കുമില്ലാതെ എത്തിക്കുകയാണ് ഏറ്റവും ശ്രമകരമായ ജോലി. യു.എ.ഇ.യുടെ വിവിധ എമിറേറ്റുകളില്‍ നിന്നുള്ള വിശ്വാസികള്‍ക്ക് പുറമെ ജി.സി.സിയില്‍ നിന്നും മറ്റ് ലോക രാജ്യങ്ങളില്‍ നിന്നുമുള്ള നിരവധിപ്പേര്‍ അബുദാബിയില്‍ ഇതിനോടകം എത്തിയിട്ടുണ്ട്. സ്വന്തം വാഹനത്തില്‍ സ്റ്റേഡിയത്തിലേക്ക് ആളുകളെത്തിയാല്‍ വലിയ ഗതാഗതപ്രശ്‌നമുണ്ടാക്കും എന്നതിനാല്‍ പ്രത്യേക ബസ് സര്‍വീസാണ് ഇതിനായി ഏര്‍പ്പെടുത്തിയിട്ടുള്ളത്. അബുദാബി നഗരത്തില്‍ സ്വകാര്യ വാഹനങ്ങള്‍ പ്രവേശിക്കുന്നതിന് വിലക്കും ഏര്‍പ്പെടുത്തിയിട്ടുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button