Latest NewsTravel

മഹാലിംഗേശ്വരക്ഷേത്രവും ഹരിഹരക്ഷേത്രവും, സൂര്യനാരായണക്ഷേത്രവും – കുംഭാസി ; അധ്യായം- 4

ജ്യോതിര്‍മയി ശങ്കരന്‍

മനോഹരമായ ഏതൊരു കാഴ്ച്ചയും, അവ പ്രകൃതിദത്തമായാലും മനുഷ്യനിർമ്മിതമായാലും ഒരു മിന്നൽ പോലെ മനസ്സിന്നകത്തെവിടെയോ തൊടുമ്പോഴുണരുന്ന സന്തോഷം, അതാണീ അമ്പലം കണ്ടപ്പോഴുണ്ടായത്. നൂറോളം പടികൾ ഇറങ്ങുന്ന സമയത്ത് വളരെ ബുദ്ധിമുട്ടി പടികൾ കയറി മുകളിലെത്തി താഴോട്ടു തന്നെ ഇറങ്ങുന്ന വയസ്സായ സ്ത്രീയെ ശ്രദ്ധിയ്ക്കാതിരിയ്ക്കാനായില്ല. പാവം , കഷ്ടപ്പെടുന്നുണ്ട്. ഇടയ്ക്ക് അൽ‌പ്പം നിന്ന് കിതപ്പു മാറ്റുന്നുണ്ട്. പിന്നീട് മനസ്സിലാക്കാനായി, അവിടെ താമസിയ്ക്കുന്നവർ എല്ലാം തന്നെ ദിവസത്തിൽ ഒരിയ്ക്കലെങ്കിലും ചെയ്യുന്ന അനുഷ്ഠാനമാണിതെന്ന്.

താഴെ മനോഹരമായ ക്ഷേത്രം മാടിവിളിയ്ക്കുന്നു. ചെറിയ ഒരു കുളത്തിനു മുകളിൽ സ്ഥിതിചെയ്യുന്ന ശ്രീകോവിലിലേയ്ക്കു കടക്കാനായി കുളത്തിനു നടുവിലായി തയ്യാറാക്കിയ വഴിയിലൂടെ കടന്നു ചെന്നാൽ കുംഭാസുര നിഗ്രഹത്തിന്നായി സഹായിച്ച ദേവദേവന്മാരുടെ ദർശനം സാദ്ധ്യമാകും. അകത്തെ ശിവലിംഗവും ഗൌതമമഹർഷിയുടെ അപേക്ഷയാൽ ഗംഗാനദി പ്രത്യക്ഷപ്പെട്ടെന്നു കരുതപ്പെടുന്ന ചെറിയ ജലധാരയും കാണാം.

ഇവിടെ മറ്റു ചില ചെറിയ ക്ഷേത്രങ്ങളും ഉണ്ടെങ്കിലും ഇത്രയും മനോഹാരിതയും പ്രാധാന്യവും മറ്റൊന്നിനും ഉണ്ടെന്നു തോന്നിയില്ല. മഹാലിംഗേശ്വരനെയും ഹരിഹരഭഗവാനെയും സന്ദർശിച്ചശേഷം ചന്ന കേശവന്റെയും സൂര്യ നാരായണന്റെയും അമ്പലങ്ങൾ ഞങ്ങൾ സന്ദർശിച്ചു. മധുവനം എന്നാണീ സ്ഥലം അറിയപ്പെടുന്നത്.

തെളിഞ്ഞവെള്ളം നിറഞ്ഞു നിൽക്കുന്ന കുളത്തിനു മുകളിലെ അതിമനോഹരമായ അമ്പലത്തിനെ മനസ്സിലും ക്യാമറയിലും പകർത്തി സാവധാനത്തിൽ ഞങ്ങൾ മുകളിലേയ്ക്കുള്ള പടികൾ കയറാൻ തുടങ്ങി. കാത്തു നിൽക്കുന്ന ബസ്സിൽക്കയറി അടുത്ത ലക്ഷ്യമായ മൂകാബികയിലേയ്ക്ക് തിരിയ്ക്കുമ്പോൾ പതിവുപോലെ ദേവിയെക്കാണാമെന്നുള്ള സന്തോഷത്താൽ മനസ്സ് തുള്ളിച്ചാടാൻ തുടങ്ങി.

രാവിലെ ഹോട്ടൽ സ്വാതിയിൽ നിന്നും കഴിച്ച മസാലദോശ എപ്പോഴേ ദഹിച്ചിരിയ്ക്കുന്നല്ലോ. ഇത്രയും പടവുകൾ കയറിയിറങ്ങിയതല്ലേ? ബസ്സിലിരുന്നു വിരസമായി പുറത്തെ കാഴ്ച്ചകളും നോക്കിയിരുന്നപ്പോൾ ഉറക്കം വന്നുതുടങ്ങി. ഉച്ചയോടെ ഞങ്ങൾ കൊല്ലൂരിലെത്തി. ഹോട്ടലിൻ ചെക് ഇൻ ചെയ്ത് ഫ്രെഷായി താഴെയെത്തി. അമ്പലത്തിലെ പ്രസാദമൂട്ടിനായി ശ്രമിച്ചെങ്കിലും അസാമാന്യമായ തിരക്കു കാരണം വേണ്ടെന്നു വച്ചു. ക്രിസ്തുമസ്സ് വെക്കേഷനാ‍യതിനാൽ കർണ്ണാടകയിലെ സ്കൂൾ കുട്ടികളെ നിർബന്ധമായും ആരാധനാലയങ്ങളിലെല്ലാം കൊണ്ടുപോകണമെന്ന വിദ്യാഭ്യാസ വകുപ്പിന്റെ നിർദ്ദേശം കാരണം പോകുന്നയിടങ്ങളിലെല്ലാം തന്നെ ആയിരക്കണക്കിനു സ്കൂൾ വിദ്യാർത്ഥികൾ സൃഷ്ടിച്ച തിരക്ക് ഈ യാത്രയിലുടനീളം അനുഭവിയ്ക്കേണ്ടി വന്നു. തൊട്ടടുത്തു കണ്ട ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ കുടജാദ്രിയിലേയ്ക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു.

കുടജാദ്രിയിലേക്ക്…..

മുൻപ് ഒന്നു രണ്ടുതവണ പോയിട്ടുണ്ടെങ്കിലും ഒരിയ്ക്കൽക്കൂടി കുടജാദ്രിയിൽ പോകണമെന്ന മോഹം മനസ്സിലുണ്ടായിരുന്നു. എട്ടുപേർ അടങ്ങുന്ന ഗ്രൂപ്പുകൾ രൂപീകരിയ്ക്കപ്പെട്ടു. തയ്യാറായി വന്ന ജീപ്പുകളിൽക്കയറി ഞങ്ങൾ കുടജാദ്രിയിലേയ്ക്കു തിരിച്ചു. പണ്ടു പോകുന്നതിനേക്കാൾ വഴി അൽ‌പ്പം ഭേദമാണെന്നു തോന്നിയെങ്കിലും കുടജാദ്രിയാത്ര ഇന്നും അതി കഠിനം തന്നെയെന്നു തോന്നി. കുലുങ്ങിയും വിറച്ചുമുള്ള ജീപ്പു യാത്ര ഒരിയ്ക്കൽ ചെയ്തവർക്ക് മറക്കാനാവില്ല.

നിശ്ശബ്ദയായി ജീപ്പിൽ ഇരുന്ന് കാഴ്ച്ചകൾ കാണാൻ തീരുമാനിച്ചെങ്കിലും പിന്നിടുന്ന അതിദുർഘടമായ വഴിത്താരകളും ഹെയർ പിൻ വളവുകളും തന്ന നടുക്കങ്ങളും കുലുക്കങ്ങളും ചാഞ്ചാട്ടങ്ങളും പലരുടെയും സംഭാഷണത്തിലെ പങ്കാളിയാക്കി. ഇതിനു മുൻപുണ്ടായ യാത്രകളും കൂടെയുണ്ടായിരുന്നവരും ഓർമ്മയിൽ ഓടിയെത്തി. ദൂരെ മുകളിൽ കുടജാദ്രി മാടി വിളിയ്ക്കുന്നു. മൂകാംബികയുടെ മൂലസ്ഥാനം അവിടെയാണല്ലോ, മനസ്സിലോർത്തു. നീലക്കടമ്പു എന്നചിത്രത്തിൽ ചിത്ര പാടിയ പാട്ട് മനസ്സിൽ ഉയർന്നു വന്നു.

കുടജാദ്രിയില്‍ കുടി കൊള്ളും മഹേശ്വരി

ഗുണദായിനി, സര്‍വ്വ ശുഭകാരിണി!

കാതരഹൃദയ സരോവര നിറുകയില്‍

ഉദയാംഗുലിയാകു.. മംഗള മന്ദസ്മിതം തൂകു….

ഇപ്പോഴത്തെ മുകാംബികാ ക്ഷേത്രം താഴ്വരയിലാണ് സ്ഥിതിചെയ്യുന്നതെങ്കിലും മൂലസ്ഥാനം മുകളിൽത്തന്നെയാണല്ലോ. പാട്ടിൽ‌പ്പറയുന്നതുപോലെ ദേവീ… എന്റെ ഹൃദയത്തെ ഒരു സൌപർണ്ണികയാക്കൂ, ആ വിദ്യാവിലാസിനിയുടെ കടാക്ഷമങ്ങനെ ഒഴുകിയൊഴുകിയെത്താനായി. ചിത്രകൂടത്തിലെ ഉത്ഭവസ്ഥാനം ഇനിയും കാണാനായിട്ടില്ലെങ്കിലും മനസ്സിൽ വ്യക്തമായിത്തന്നെ വിവരണങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും വ്യക്തമായി തെളിഞ്ഞു നിൽക്കുന്ന ഒന്നാണല്ലോ.

shortlink

Post Your Comments


Back to top button