Latest NewsInternational

തങ്ങളുടെ ധൂർത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച് വെനിസ്വെലയിലെ വിപ്ലവകാരികളുടെ മക്കൾ

രാജ്യമെങ്ങും ദാരിദ്ര്യവും പട്ടിണിയും നടമാടുമ്പോഴും വിദേശരാജ്യങ്ങളിൽ കറങ്ങിനടക്കാനാണ് നേതാക്കളുടെ മക്കൾക്ക് താല്പര്യം. അച്ഛന്മാരിൽ സ്വന്തം നിന്നും സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ കഥകൾ മാത്രം കേട്ടുവളർന്നിട്ടും, സ്വന്തം രാജ്യം പെടാപ്പാടുപെടുന്ന ഈ നേരത്തും, മക്കൾക്ക് ധാരാളിത്തപ്രദർശനത്തിന് എങ്ങനെ മനസ്സുവരുന്നു എന്ന അമ്പരപ്പിലാണ് സമൂഹമാധ്യമങ്ങൾ.

വെനിസ്വെലയിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവും മുൻ പ്രസിഡന്റുമായിരുന്ന ഹ്യൂഗോ ഷാവേസിന്റെ മൂത്ത പുത്രിയാണ് മരിയാ ഗബ്രിയേല. ഇരുപത്തിഎണ്ണായിരം കോടി രൂപയാണ് മുപ്പത്തെട്ടുകാരിയായ മരിയ ഷാവേസിന്റെ ഇന്നത്തെ ആസ്തി. ദീർഘകാലം വെനിസ്വെലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവെസിനൊപ്പം പ്രഥമവനിതാ സ്ഥാനം അലങ്കരിച്ചുകൊണ്ടിരിക്കുന്ന കാലത്ത്, മരിയയുടെ അമ്മയും ഷാവേസിന്റെ രണ്ടാം ഭാര്യയുമായ മരിസബേൽ റോഡ്രിഗസിനെ, ഷാവേസ് വിവാഹമോചനം ചെയ്യുന്നതോടെയാണ് ജീവനാംശത്തിന്റെ രൂപത്തിൽ മകൾ മരിയ ഇത്ര വലിയ സമ്പത്താർജ്ജിച്ചതെന്നാണ് പറയപ്പെടുന്നത്.

കൈകളിൽ ചീട്ടുനിരത്തിപ്പിടിക്കും പോലെ ഡോളർ ബില്ലുകൾ പ്രദർശിപ്പിച്ചുകൊണ്ടുള്ള പടം ട്വീറ്റുചെയ്ത മരിയയുടെ അനിയത്തി റോസിനെസ് ഷാവേസാണ് ഇപ്പോൾ ജനരോഷത്തിനിരയായിരിക്കുന്നത്. ഈ ചിത്രം തന്റെ അക്കൗണ്ടിൽ നിന്നും അവർ ട്വീറ്റുചെയ്ത് നിമിഷങ്ങൾക്കകം ഇവർക്കെതിരെ വ്യാപകമായ പൊതുരോഷം അലയടിക്കുകയും, അടുത്തപ്രഭാതത്തിൽ തന്നെ അവർ പാരീസിലേക്ക് കടക്കുകയും ചെയ്‌തിരുന്നു. പാരീസിലെ സോർബോൺ യൂണിവേഴ്‌സിറ്റിയിൽ കോടികൾ ചെലവിട്ട് സുഖദമായ വിദ്യാർത്ഥി ജീവിതം നയിക്കുകയാണ് ഈ ഇരുപത്തൊന്നുകാരിയിപ്പോൾ.

ഇത് ഷാവേസിന്റെ കുടുംബത്തിന്റെ വിശേഷം. ഷാവേസിന്റെ പിന്തുടർച്ചക്കാരനായി അവരോധിക്കപ്പെട്ട ഇപ്പോഴത്തെ പ്രസിഡന്റ് നിക്കോളാസ് മഡുറോയുടെ കാര്യം ഇതിലും ദയനീയമാണ്. വെനിസ്വേലയിൽ പച്ചമാംസത്തിനുപോലും ജനങ്ങൾ നീണ്ട വരികളിൽ നിന്നു വലയുമ്പോൾ,ഇസ്‌താംബുളിലെ ഒരു ആഡംബരവിരുന്നിൽ സെലിബ്രിറ്റി ഷെഫായ സാൾട്ട് ബെയുമൊത്ത് സെൽഫിക്ക് പോസ് ചെയ്തപ്പോഴാണ് അദ്ദേഹത്തിന്റെ ഇരട്ടത്താപ്പ് വെളിച്ചത്തായത്. മഡുറോയുടെ വലം കൈയായ ഡോൾസ്‌ഡാദോ കാബെലോയുടെ മകളായ ഡാനിയേലയാവട്ടെ തന്റെ ഫാഷൻ ഭ്രമത്തിനും ഗ്ളാമർ പ്രദർശനത്തിനും സെലിബ്രിറ്റി ജീവിതശൈലിയ്ക്കും പ്രസിദ്ധിയാർജ്ജിച്ചുകൊണ്ടിരിക്കുകയാണ്.

ഏതാനും ആഴ്ചകൾക്കുമുമ്പാണ് മഡുറോയുടെ ദത്തുപുത്രന്മാരായ യോസ്‌വാൾ ഗാവിഡിയ ഫ്ലോറസും വാൾട്ടർ ഗാവിഡിയ ഫ്ലോറസും മൂന്നാഴ്ചത്തെ അവധിക്കാലം ചെലവിടാൻ പാരിസിലേക്ക് പറന്നത്. അവിടെ അവർ തങ്ങിയ ‘റിറ്റ്സ് ‘ഹോട്ടലിന്റെ ഒരു ദിവസത്തെ വാടക നാല്പതിനായിരം രൂപയ്ക്ക് മുകളിലാണ്. അവർ അന്നവിടെ മൂന്നാഴ്ചകൊണ്ട് പൊട്ടിച്ചത് മുപ്പതുലക്ഷം രൂപയായിരുന്നു. ഏകദേശം രണ്ടായിരം വെനിസ്വേലക്കാരുടെ ഒരു മാസത്തേക്കുള്ള ശമ്പളം വരും അത്. അന്ന് അവർ ഷോപ്പിങ്ങ് ചെയ്ത ചുരുങ്ങിയ സംഖ്യ എന്നത് വെനിസ്വെലയിലെ മിനിമം കൂലിയുടെ പതിനാറ് ഇരട്ടിയോളമാണ്. വെനിസ്വേലയിൽ, ദാരിദ്ര്യംകൊണ്ട്, ഇന്ന് പത്തിൽ ആറു കുടുംബങ്ങളിലും നിത്യം ഒരാളെങ്കിലും ഊഴമിട്ട് പട്ടിണി കിടക്കുന്നുണ്ട്, വെനിസ്വെലയിലെ പന്ത്രണ്ടിൽ ഒരു കുടുംബം വീതം ഇന്ന് ചവറുകൂനകൾ ചിക്കിപ്പരത്തിയാണ് വിശപ്പടക്കുന്നത്. അതിനിടയിലാണ് മാഡ്രിഡിലെ ഏറ്റവും പോഷ് ആയ തീന്മേശകൾക്കു ചുറ്റുമിരുന്നുള്ള പ്രസിഡന്റിന്റെ ദത്തുപുത്രന്മാരുടെ ഈ ആർഭാടപ്രദർശനം.

വെനിസ്വെലയുടെ ഇന്നത്തെ പ്രഥമ വനിതയായ സിലിയ ഫ്‌ളോറസിന്റെ മക്കളായ എഫ്രൈൻ അന്റോണിയോ കാമ്പോ ഫ്ലോറസും ഫ്രാൻക്വി ഫ്രാൻസിസ്‌കോ ഫ്ലോറസും 2017 ൽ ഹെയ്തി വഴി അമേരിക്കയിലേക്ക് ഏകദേശം ഇരുപതു മില്യൺ ഡോളർ വിലവരുന്ന കൊക്കെയ്ൻ കടത്താൻ ശ്രമിച്ച കുറ്റത്തിന് പതിനെട്ടുവർഷത്തേക്ക് ശിക്ഷിക്കപ്പെട്ടതും അവർക്ക് വലിയ ക്ഷീണമായിരുന്നു..

ഇതിനിടയിലും വളരെ ലളിതമായ ജീവിതശൈലി പിന്തുടരുന്ന മകൻ നിക്കോളാസിറ്റോയാണ് മഡുറോയുടെ ഏക ആശ്വാസം. 2017ൽ ട്രംപിനെ വൈറ്റ് ഹൗസിൽ കേറി തല്ലുമെന്നു പറഞ്ഞുനടത്തിയ ഒരു പ്രസംഗം മാത്രമാണ് നിക്കോളാസിറ്റോയുടെ പേരിൽ ആകെയുള്ള ഒരു ആക്ഷേപം. വെനിസ്വെലൻ രാഷ്ട്രീയത്തിൽ ഹ്യൂഗോ ഷാവേസിനെ അനിഷേധ്യനായൊരു ജനപ്രിയനേതാവാക്കി മാറ്റിയ സോഷ്യലിസ്റ്റ് രാഷ്ട്രീയത്തിന്റെ ആണിക്കല്ലായ മുദ്രാവാക്യങ്ങളിലൊന്ന്, ” സമ്പത്താർജ്ജിക്കുന്നത് ക്രിമിനൽ കുറ്റമാണ്’ എന്നതായിരുന്നു. അതുതന്നെ പാടെ മറന്നുകൊണ്ടാണ് ഇപ്പോൾ മക്കൾ നീങ്ങുന്നത്. ജന്മനാട് പണപ്പെരുപ്പത്തിൽപ്പെട്ട് നട്ടംതിരിയുമ്പോഴും, വിദേശങ്ങളിൽ ഇങ്ങനെ ധൂർത്തടിച്ചു നടക്കുകയാണ് നേതാക്കളുടെ മക്കൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button