KeralaLatest News

കേരളത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ വരുന്നു

തിരുവനന്തപുരം: മലബാറിന്റെ ചിരകാല സ്വപ്നമായ തലശേരി-മൈസൂര്‍ റെയില്‍വേപാതയ്ക്ക് വീണ്ടും ചിറകു മുളയ്ക്കുന്നുവെന്ന് റിപ്പോര്‍ട്ട്. എന്നാലിത് നദിയ്ക്കടിയിലൂടെ ടണല്‍ നിര്‍മ്മിച്ചായിരിക്കുമെന്നാണ് സൂചന. കര്‍ണാടകയുടെ സഹകരണവും ഉണ്ടാവും. ഇതോടെ 11.5 കിലോമീറ്റര്‍ ദൂരത്തില്‍ നദിക്കടിയിലൂടെ ട്രെയിന്‍ ഓടും. കര്‍ണാടകത്തിലെ നാഗര്‍ഹോള, ബന്ദിപ്പൂര്‍ വനമേഖലകള്‍ക്കിടയിലൂടെ ഒഴുകുന്ന കബനീ നദിക്കടിയിലൂടെ ടണല്‍ വഴി റെയില്‍പാത നിര്‍മ്മിക്കണമെന്ന നിര്‍ദേശം കേരള റെയില്‍ ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ കര്‍ണാടക സര്‍ക്കാരിന് സമര്‍പ്പിച്ചുവെന്നാണ് റിപ്പോര്‍ട്ട്. നേരത്തെ തലശേരി, കൂത്തുപറമ്പ്, മാനന്തവാടി, കുട്ട വഴിയായിരുന്നു റെയില്‍പാത നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ കര്‍ണാടക അതിര്‍ത്തിയിലെ കോഫീ പ്‌ളാന്റര്‍മാര്‍ എതിര്‍പ്പ് ഉയര്‍ത്തിയിരുന്നു. ഒപ്പം പാരിസ്ഥിതിക പ്രശ്‌നത്തെ ചൊല്ലിയുള്ള എതിര്‍പ്പും മറികടക്കുക കൂടിയാണ് ഭൂഗര്‍ഭ പാതയിലൂടെ ലക്ഷ്യമിടുന്നത്.

മാനന്തവാടി, കേണിച്ചിറ, പുല്‍പ്പള്ളി വഴിയാണ് പാത പോകുന്നത്. 11.5 കിലോമീറ്രര്‍ ടണലിന് മാത്രം 1200 കോടിയുടെ ചെലവ് വരുമെന്നാണ് കണക്കുകൂട്ടല്‍. പാത നിര്‍മിക്കാനുള്ള മൊത്തം ചെലവ് 6,000 കോടിയാവുമെന്നും. ഭൂമിയേറ്റെടുക്കലിനുള്ള ചെലവ് ഇതിനുപുറമേയാകുമെന്നുമാണ് റിപ്പോര്‍ട്ട്. റെയില്‍പാത യാഥാര്‍ത്ഥ്യമായാല്‍ തലശേരിയില്‍ നിന്ന് എളുപ്പത്തില്‍ മൈസൂരും അതുവഴി ബംഗളൂരുവിലും എത്താം. കോഴിക്കോട്ടുള്ളവര്‍ക്കും ഒരു മണിക്കൂര്‍ കൂടി സഞ്ചരിച്ചാല്‍ തലശേരി വഴി ബംഗളൂരുവില്‍ എളുപ്പത്തില്‍ എത്തിച്ചേരാനാവും. ഇപ്പോഴുള്ള മംഗലാപുരം- ബംഗളൂരു പാതയിലെ ചരക്ക് നീക്കം കപ്പാസിറ്റിയെക്കാള്‍ അധികമായതിനാല്‍ അധിക ചരക്ക് നീക്കവും ഇതുവഴിയാക്കാനാവും. നിലവില്‍ തലശേരിയില്‍ നിന്ന് കോഴിക്കോട്, ഷൊര്‍ണൂര്‍ വഴി ട്രെയിന്‍ മാര്‍ഗം ബംഗളൂരുവിലെത്താന്‍ 15 മണിക്കൂറെടുക്കും. പുതിയ പാത വരികയാണെങ്കില്‍ നാല് മണിക്കൂര്‍കൊണ്ട് (207 കിലോമീറ്റര്‍ ) മൈസൂരിലും തുടര്‍ന്ന് മൂന്ന് മണിക്കൂര്‍കൊണ്ട് ബംഗളൂരുവിലും എത്താം. പത്തു മുതല്‍ പതിനഞ്ച് കിലോമീറ്റര്‍ വരെയുള്ള ദൂരത്ത് സ്‌റ്റേഷനുകള്‍ അനുവദിക്കുമെന്നും സൂചനയുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button