NewsIndia

മോദി ഭരണത്തില്‍ അദ്വാനി ലോക്‌സഭയില്‍ പറഞ്ഞത് 365 വാക്കുകള്‍ മാത്രം

 

ഡല്‍ഹി: ബിജെപിയുടെ ഉരുക്കു മനുഷ്യന്‍ എന്ന് അറിയപ്പെട്ടിരുന്ന എല്‍.കെ.അദ്വാനി, നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കാലത്ത് ലോക്സഭയില്‍ സംസാരിച്ചത് വെറും 365 വാക്കുകള്‍ മാത്രം! ലോക്സഭാ വെബ്സൈറ്റില്‍ നല്‍കിയിരിക്കുന്ന രേഖകളാണ് ഇത് വ്യക്തമാക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ പ്രകടനവുമായി താരതമ്യം ചെയ്താല്‍ 99 ശതമാനം ഇടിവാണ് അദ്വാനിയുടെ കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്.

2009നും 2014നുമിടയില്‍ 42 ചര്‍ച്ചകളില്‍ പങ്കെടുത്തിട്ടുള്ള അദ്വാനി 35,926 വാക്കുകള്‍ സംസാരിച്ചിട്ടുണ്ട്. നിലവിലുള്ള ലോക്സഭയില്‍ അഞ്ചു വര്‍ഷത്തിനിടെ അഞ്ചു തവണ മാത്രമാണ് ഉരുക്കു മനുഷ്യന്‍ വാ തുറന്നിട്ടുള്ളത്. അതേ സമയം പാര്‍ലമെന്റിലെ ഹാജര്‍ നിലവാരത്തില്‍ അദ്വാനി മുന്‍പന്തിയിലുമുണ്ട്. 92 ശതമാനമാണ് ഹാജര്‍ നിരക്ക്. വളരെ കുറച്ചു മാത്രം സംസാരിക്കുന്ന ആളായിരിക്കും അദ്വാനി എന്ന് കരുതുന്നവര്‍ക്കുള്ള മറുപടി അദ്ദേഹത്തിന്റെ ആത്മകഥ തന്നെയാണ്. ആയിരത്തിലേറെ പേജുകളാണ് ഇതിനുള്ളത്.

സ്പീക്കറെയും ഡെപ്യൂട്ടി സ്പീക്കറെയും തെരഞ്ഞെടുത്തപ്പോഴായിരുന്നു രണ്ടു തവണ അദ്വാനി സംസാരിച്ചത്. ഞാന്‍ പിന്തുണയ്ക്കുന്നു എന്നായിരുന്നു ആ വാക്കുകള്‍. അദ്ദേഹം നേതൃത്വം നല്‍കുകയോ അംഗമായിരിക്കുകയോ ചെയ്യുന്ന പാര്‍ലമെന്ററി സമിതികളുടെ റിപ്പോര്‍ട്ടുകള്‍ അവതരിപ്പിച്ചുകൊണ്ട് രണ്ടു തവണ സംസാരിച്ചു. റിപ്പോര്‍ട്ടിന്റെ പേര് വായിച്ചുകൊണ്ട്, ഇത് സഭയുടെ മേശപ്പുറത്തു വെക്കുന്നു എന്നു മാത്രമായിരുന്നു അപ്പോള്‍ പറഞ്ഞത്.

കാശ്മീരിലെ കുടിയേറ്റക്കാരെക്കുറിച്ചാണ് അദ്വാനിയുടെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസംഗം. പഴയൊരു പാര്‍ലമെന്ററി കമ്മിറ്റി റിപ്പോര്‍ട്ട് പരാമര്‍ശിച്ചുകൊണ്ടായിരുന്നു ഈ പ്രസംഗം. ബിജെപിയിലെ ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും മുതിര്‍ന്ന നേതാവായ അദ്വാനിയെ മറികടന്നാണ് മോഡിയും അമിത്ഷായും ഉള്‍പ്പെടുന്നവര്‍ നേതൃത്വത്തിലെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button