Kerala

മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ജി സുധാകരന്‍

ത്രിതല പഞ്ചായത്തുകളുടെയും നഗരസഭകളുടെയും കീഴില്‍ വരുന്ന സംസ്ഥാനത്തെ മൂന്ന് ലക്ഷം റോഡുകള്‍ നവീകരിക്കാനുള്ള നടപടി സ്വീകരിക്കുകയും ആവശ്യമായ റോഡുകള്‍ പൊതുമരാമത്ത് ഏറ്റെടുക്കുകയും ചെയ്യുന്ന പദ്ധതി മുന്നോട്ടുവയ്ക്കുമെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ പറഞ്ഞു. വരുന്ന ലോകസഭാ തെരഞ്ഞടുപ്പിന് ശേഷം ഇതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ കാലിച്ചാനടുക്കത്ത് നീലേശ്വരം-ഇടത്തോട് റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

42.10 കോടി രൂപയാണ് ഈ റോഡിനായി വികസന നിധിയില്‍ മാറ്റി വച്ചിട്ടുള്ളത്. സംസ്ഥാനത്ത് നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടന്നിട്ടുള്ളത്. കേരളത്തിലെ ഓരോ നിയോജക മണ്ഡലങ്ങള്‍ പരിശോധിച്ചാല്‍ ഇതു നമുക്ക് മനസിലാകും. 60,000 കോടി രൂപയാണ് കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ പദ്ധതികള്‍ക്കായി വിഭാവനം ചെയ്തിട്ടുള്ളത്. കൂടാതെ മുന്‍കാല സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ 22 ടോള്‍ ബൂത്തുകള്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നിര്‍ത്തലാക്കി. നിലവില്‍ 700 കോടിയുടെ വികസനമാണ് കാഞ്ഞങ്ങാട് മണ്ഡലത്തില്‍ മാത്രം നടന്നിട്ടുള്ളത്.ഈ സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോഴേക്കും കേരളത്തിലെ തന്നെ മികച്ച വികസനം നടന്ന മണ്ഡലമായി കാഞ്ഞങ്ങാട് മാറുമെന്നും മന്ത്രി പറഞ്ഞു. അതേസമയം ദേശീയപാത നാലുവരിയാക്കാനുള്ള എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ചെയ്തിട്ടുണ്ടെങ്കിലും കേന്ദ്ര സര്‍ക്കാര്‍ നീട്ടികൊണ്ടു പോകുന്ന സാഹചര്യമാണ് നിലവിലുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

ആധുനിക സാങ്കേതികവിദ്യകളെ ഫലപ്രദമായി ഉപയോഗിച്ച് ദീര്‍ഘകാലയളവില്‍ പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് സര്‍ക്കാര്‍ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്ന് അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു. സമസ്ത മേഖലയിലുള്ള വികസന പ്രവര്‍ത്തനമാണ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നടപ്പാക്കിയിട്ടുള്ളത്. ഏറെ പിന്നോക്കം നില്‍ക്കുന്ന മേഖലകളെയും വിഭാഗങ്ങളെയും പ്രത്യേക ശ്രദ്ധ നല്‍കി സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപ്പിടിച്ചുയര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button