KeralaLatest News

വോട്ടുചെയ്തും വിവി പാറ്റ് കണ്ടും സംശയദൂരീകരണത്തിന് അവസരമൊരുക്കി തിരഞ്ഞെടുപ്പ് കമ്മീഷൻ

മെഷീനിൽ വോട്ട് ചെയ്യാനും വിവി പാറ്റ് രസീത് കണ്ട് വോട്ടുറപ്പിക്കാനും അവസരമൊരുക്കി രാഷ്ട്രീയകക്ഷി നേതാക്കൾക്കായി തിരഞ്ഞെടുപ്പ് കമ്മീഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീന്റെ സാങ്കേതികതയും സുരക്ഷാ നടപടികളും വിശദീകരിച്ചതിനൊപ്പമാണ് മെഷീനിൽ ഡമ്മി വോട്ടിംഗും വോട്ടെണ്ണലും നടത്തി പ്രവർത്തനം മനസിലാക്കി നൽകിയത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണയുടെ നേതൃത്വത്തിലാണ് നിയമസഭാ കോംപ്ലക്‌സിൽ ബോധവത്കരണത്തിനും സംശയദൂരീകരണത്തിനും അവസരമൊരുക്കിയത്.

ചടങ്ങിൽ മുൻ അഡീ. ചീഫ് സെക്രട്ടറി ഡി. ബാബുപോൾ മുഖ്യപ്രഭാഷണം നടത്തി. ഈ രാജ്യത്തെ സാധാരണക്കാരാണ് ഏതു തിരഞ്ഞെടുപ്പിന്റെയും ബലമെന്നും അവരിൽ അനാവശ്യ ആശങ്ക ഉണ്ടാക്കുന്ന സാഹചര്യമുണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. ഉദ്യോഗസ്ഥരും പൊതുപ്രവർത്തകരും തമ്മിൽ പരസ്പരവിശ്വാസത്തോടെയാണ് പ്രവർത്തിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് നടപടികളും വോട്ടിംഗ് മെഷീനും വിവി പാറ്റും സംബന്ധിച്ച നടപടികൾ സുരക്ഷിതവുമാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ പറഞ്ഞു. മെഷീൻ സംബന്ധിച്ച അനാവശ്യ പരിഭ്രാന്തിയോ ആശങ്കയോ ഉയർത്തരുത്. മെഷീനിൽ തിരിമറി നടത്തുക സാധ്യമല്ല. അതേസമയം, സാങ്കേതിക പ്രശ്‌നമുണ്ടായാൽ പകരം മെഷീൻ ഉപയോഗിക്കാനോ, ആ ബൂത്തിലെ പോളിംഗ് നിർത്തിവെക്കാനോ കഴിയും. ഇതിനായി എപ്പോഴും 25 ശതമാനത്തോളം മെഷീനുകൾ സ്റ്റാൻഡ് ബൈയായി സൂക്ഷിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വോട്ടിംഗ് മെഷീനുകൾ ഒരു നെറ്റ്‌വർക്കുമായും ബന്ധപ്പെടുത്തിയല്ല ഉപയോഗിക്കുന്നത്. അതുകൊണ്ട് തന്നെ ഹാക്കിംഗിനോ മറ്റ് കടന്നുകയറ്റങ്ങൾക്കോ സാധ്യമല്ല. ഒരുതവണ പ്രോഗ്രാം ചെയ്താൽ പിന്നെ അത് മാറ്റാനാകില്ല. അങ്ങനെ ശ്രമമുണ്ടായാൽ പിന്നെ മെഷീൻ പ്രവർത്തിക്കില്ല. മാത്രമല്ല പൊതുമേഖലാ സ്ഥാപനങ്ങളായ ഇ.സി.ഐ.എൽ, ബി.ഇ.എൽ എന്നിവരാണ് ഇവ നിർമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വോട്ടിംഗ് മെഷീൻ നിർമിക്കുന്ന ഇലക്‌ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിലെ സാങ്കേതിക വിദഗ്ധർ വിശദമായ ക്ലാസിലൂടെയും മെഷീനുകൾ നേരിട്ട് പ്രദർശിപ്പിച്ചും വിശദീകരിച്ചു. ഇതിനൊപ്പം മെഷീൻ ഒരു പോളിംഗ് ബൂത്തിൽ എങ്ങനെ ഒരുക്കുന്നുവെന്നതിലും തുടർന്നുള്ള വോട്ടിംഗ് പ്രക്രിയയിലും പരിപാടിക്കെത്തിയ രാഷ്ട്രീയകക്ഷി നേതാക്കളെ പങ്കാളികളാക്കി. ഇതിനായി ഒരു ഡമ്മി വോട്ടിംഗാണ് സംഘടിപ്പിച്ചത്. തുടർന്ന് വോട്ടെണ്ണി ചെയ്ത വോട്ടുകൾ മെഷീനിൽ വീണതായി ഉറപ്പാക്കാനും അവസരമൊരുക്കി. ചെയ്ത വോട്ട് ആർക്കാണ് പതിഞ്ഞതെന്ന് മനസിലാക്കാൻ വിവി പാറ്റ് മെഷീനും (വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ) ഒരുക്കിയിരുന്നു. ഇത്തരം ബോധവത്കരണ പരിപാടി ജില്ലാതലത്തിലും മണ്ഡലം തലത്തിലും കൂടുതൽ സംഘടിപ്പിക്കണമെന്നും വി.വി. പാറ്റ് സ്‌ളിപ്പുകൾ മുഴുവൻ എണ്ണാനുള്ള സാധ്യത പരിശോധിക്കമെന്നും നേതാക്കൾ അഭിപ്രായമുന്നയിച്ചു. എല്ലാ അഭിപ്രായങ്ങളും തിരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button