Latest NewsKerala

ഉംറയ്ക്ക് കൊണ്ടുപോകാമെന്നുപറഞ്ഞ് പണംതട്ടിയ ആള്‍ക്കെതിരേ വീട്ടമ്മമാരുടെ പ്രതിഷേധം

അരീക്കോട്: ഉംറയ്ക്ക് കൊണ്ടുപോകാമെന്ന് വാഗ്ദാനം നല്‍കി വന്‍തുക കൈപ്പറ്റിയ ട്രാവല്‍സ് ഉടമ മുങ്ങിയതായി പരാതി. അരീക്കോട് പൂക്കോട്ടുചോലയിലെ ടി.ടി. അബ്ദുറഹിമാനാണ് വീടുപൂട്ടി മുങ്ങിയത്. ഇദ്ദേഹത്തിന് കൊണ്ടോട്ടി, എടവണ്ണപ്പാറ, അരീക്കോടിനടുത്ത് മൈത്ര, പാലക്കാട് എന്നിവിടങ്ങളില്‍ ഓഫീസുണ്ടായിരുന്നു. മറ്റു ട്രാവല്‍സുകളെ അപേക്ഷിച്ച് നാലായിരവും അയ്യായിരവും രൂപവീതം കുറഞ്ഞതുകയ്ക്ക് പാവപ്പെട്ട സ്ത്രീകള്‍ക്ക് ഉംറ വിസ അടിച്ചുകൊടുക്കുമെന്നായിരുന്നു ഇദ്ദേഹത്തിന്റെ വാഗ്ദാനം. ഇതു വിശ്വസിച്ച് വിവിധ സ്ഥലങ്ങളിലെ നിരവധിസ്ത്രീകള്‍ ഇയാളുടെ കൈവശം പണവും പാസ്പോര്‍ട്ടും നല്‍കി. ഇവരില്‍ ഇരുപതോളം പേരോട് കഴിഞ്ഞമാസം യാത്രയ്ക്ക് തയ്യാറായി കോഴിക്കോട് വിമാനത്താവളത്തിലെത്താന്‍ അബ്ദുറഹിമാന്‍ നിര്‍ദേശിച്ചിരുന്നു.

എന്നാല്‍ ഇവര്‍ എത്തിയപ്പോള്‍ അബ്ദുറഹിമാന്‍ അവിടെയുണ്ടായിരുന്നില്ല. ഇതോടെയാണ് സ്ത്രീകള്‍ക്ക് തട്ടിപ്പ് ബോധ്യമായത്. പിന്നീട് ഇയാളെ ഫോണില്‍ ബന്ധപ്പെടാനും സാധിച്ചില്ല. ഇതോടെ പോലീസിനെ സമീപിച്ചെങ്കിലും തങ്ങള്‍ പ്രതീക്ഷിച്ച സമീപനം പോലീസിന്റെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് സ്ത്രീകള്‍ പറഞ്ഞു. ഇതോടെയാണ് പൂക്കോട്ടുചോലയിലെ വീട്ടുപടിക്കല്‍ പ്രതിഷേധവുമായെത്തിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നല്‍കിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് സ്ത്രീകള്‍ മടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button