Latest NewsIndia

നവജാത ശിശുക്കള്‍ക്ക് ഗ്രഹനില നോക്കി പേര് നല്‍കും; ആശുപത്രികളില്‍ ജോതിഷികളെ നിയമിക്കാനൊരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍

ജയ്പൂര്‍: ഇനി രാജസ്ഥാനില്‍ ജനിക്കുന്ന കുഞ്ഞുങ്ങള്‍ക്ക് ആശുപത്രിയില്‍ വച്ച് തന്നെ ഗ്രഹനില നോക്കി പേര് നല്‍കും. രാജസ്ഥാനിലെ കോണ്‍ഗ്രസ് സര്‍ക്കാരാണ് പുതിയ പദ്ധതിക്ക് രൂപം നല്‍കിയത്്. നവജാത ശിശുക്കളുടെ ജനന സമയത്തെ ഗ്രഹനില കണക്കാക്കി അതിന് യോജിക്കുന്ന തരത്തിലുള്ള പേര് ആശുപത്രിയില്‍ വച്ച് തന്നെ നല്‍കുന്നതാണ് പദ്ധതി. രാജീവ് ഗാന്ധി ജന്മപത്രി നാംകരണ്‍ യോജന എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ അശുപത്രികളിലും പദ്ധതി നടപ്പിലാക്കുമെന്നു സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. നിലവില്‍ ആദ്യ ഘട്ടത്തില്‍ ജയ്പൂരിലെ അഞ്ച് സര്‍ക്കാര്‍ ആശുപത്രികളില്‍ പദ്ധതി ആരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

സെനാന, മഹിള ചികിത്സാലയ, കന്‍വാതിയ, ജയ്പുരിയ, സെതി കോളനി സാറ്റ്ലൈറ്റ് എന്നീ അഞ്ച് ആശുപത്രികളിലാണ് ഇത് നടപ്പിലാക്കുന്നത്. തുടക്കത്തില്‍ സൗജന്യമാക്കുന്ന പദ്ധതി പിന്നീട് മറ്റിടങ്ങളിലേക്ക് വ്യാപിപിക്കുമ്പോള്‍ പണം ഇടാക്കുമെന്നും അധികൃതര്‍ അറിയിച്ചു. സംസ്ഥാനം മുഴുവന്‍ പദ്ധതി വരുമ്പോള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ 51 രൂപയും സ്വകാര്യ ആശുപത്രികളില്‍ 101 രൂപയുമായിരിക്കും ഇതിന്റെ ഫീസ്.

16,728 സര്‍ക്കാര്‍ ആശുപത്രികളും 54 രജിസ്ട്രേഡ് സ്വകാര്യ ആശുപത്രികളുമാണ് രാജസ്ഥാനിലുള്ളത്. നവജാത ശിശുക്കളുടെ ജനന സമയം ഗണിക്കാന്‍ ആശുപത്രികളില്‍ ജ്യോതിഷികളെ നിയമിക്കും. ഇതുവഴി 3,000ത്തോളം പേര്‍ക്കെങ്കിലും തൊഴില്‍ നല്‍കാം. ജ്യോതിഷത്തില്‍ ബിരുദമോ, ഡിപ്ലോമയോ ഉള്ളവരും സര്‍ക്കാരിന്റെ അംഗീകാരം നേടിയവരുമായ ജ്യോതിഷികളെയാണ് നിയമിക്കുക.

ജനുവരി മൂന്നിന് ചേര്‍ന്ന യോഗത്തിലാണ് ഇത്തരമൊരു ആശയം ജഗദ്ഗുരു രാമാനന്ദാചാര്യ രാജസ്ഥാന്‍ സംസ്‌കൃത സര്‍വകലാശാല മുന്നോട്ട് വച്ചത്. ഇത്തരത്തില്‍ ഒരു കുട്ടിയുടെ ജനന സമയം ഗണിക്കുന്നതിന് ജ്യോതിഷിക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ 40 രൂപയും സ്വകാര്യ ആശുപത്രികളില്‍ 80 രൂപയും പ്രതിഫലമായി നല്‍കണമെന്നും അവര്‍ നിര്‍ദേശിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button