Kerala

നിർഭയമായി സമ്മതിദാനാവകാശം വിനിയോഗിക്കണം: ആദിവാസികളോട് മുഖ്യതിരഞ്ഞടുപ്പ് ഓഫീസർ

നിർഭയമായും നിഷ്പക്ഷമായും ആദിവാസികൾ സമ്മതിദാനവകാശം വിനിയോഗിച്ച് രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയയിൽ സജീവമായ ഇടപെടൽ നടത്തണമെന്ന് സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ റ്റി.ആർ.മീണ അഭിപ്രായപ്പെട്ടു. പ്രലോഭനങ്ങൾക്ക് വഴങ്ങാതെ ജനാധിപത്യ പ്രക്രിയ ഒരുത്സവം പോലെ ഊരുകളിൽ ആഘോഷിക്കപ്പെടണമെന്നും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ പറഞ്ഞു.

‘കാടിന്റെ മക്കൾക്കായുളള തിരഞ്ഞെടുപ്പ് ബോധവൽക്കരണ പരിപാടി 2019’ ന്റെ ഭാഗമായി നടത്തുന്ന തെരുവ് നാടകത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കുറ്റിച്ചൽ പഞ്ചായത്തിൽ മണ്ണാംകോണം സാംസ്‌കാരിക നിലയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം. ആദിവാസി വിഭാഗത്തിൽപ്പെട്ട എല്ലാ സമ്മതിദായകരേയും തിരഞ്ഞെടുപ്പിൽ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും വോട്ടിംഗ് മെഷീൻ/വി.വി.പാറ്റ് എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനും വേണ്ടിയാണ് തിരഞ്ഞെടുക്കപ്പെട്ട അഞ്ചു ജില്ലകളിൽ (തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട്) പട്ടികവർഗ്ഗ ഊരുകൾ കേന്ദ്രീകരിച്ച് തെരുവുനാടകങ്ങൾ നടത്തുന്നത്. ആദിവാസി വോട്ടർമാരെ തെറ്റായരീതിയിൽ സ്വാധീനിക്കുവാൻ ശ്രമിക്കുന്നവർക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടി കൈക്കൊള്ളും. ഓരോ വോട്ടറും വോട്ടർ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ഉറപ്പുവരത്തണം. ഇല്ലെങ്കിൽ ഉൾപ്പെടുത്താൻ വേണ്ട നടപടികൾ ബൂത്ത്‌ലെവൽ ഓഫീസർമാർ സ്വീകരിക്കണം. വിദ്യാഭ്യാസത്തിലൂടെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ആദിവാസി സമൂഹം വളരണം അതിലൂടെ ജീവിതത്തിൽ അടിമുടി മാറ്റം കൊണ്ടുവരാൻ കഴിയും.

ആദിവാസികൾക്ക് തിരഞ്ഞെടുപ്പ് പ്രക്രിയയുമായുളള സംശയങ്ങൾ ദൂരീകരിക്കാൻ ടോൾഫ്രീ നമ്പർ (1950) ഏർപെടുത്തിയിട്ടുണ്ട്. ഈ സൗകര്യം എല്ലാവരും ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
തുടർന്ന് കുടുംബശ്രീ പ്രവർത്തകർ അവതരിപ്പിച്ച ബോധവൽക്കരണ തെരുവുനാടകം അരങ്ങേറി. ഇ.വി.എം, വി.വി.പാറ്റ് മെഷീനുകളുടെ പ്രവർത്തനരീതി സദസ്യർക്ക് പരിചയപ്പെടുത്തി. ചടങ്ങിൽ തിരുവനന്തപുരം ജില്ലാ കളക്ടർ ഡോ.കെ.വാസുകി അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ ചീഫ് ഇലക്ടറൽ ഓഫീസർ ബി.സുരേന്ദ്രൻ പിളള സ്വാഗതം പറഞ്ഞു. കുടുംബശ്രീ പ്രോഗ്രാം ഓഫീസർ കെ.വി.പ്രമോദ് ആശംസയും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറി എം.എ.ബിന്ദുരാജ് കൃതജ്ഞതയും പറഞ്ഞു. കുടുബശ്രീ പ്രവർത്തകർ, ആദിവാസി ജനവിഭാഗങ്ങൾ, ഊരു മൂപ്പന്മാർ തുടങ്ങി നിരവധിപേർ ചടങ്ങിൽ സംബന്ധിച്ചു. തുടർന്ന് പട്ടിക വർഗ്ഗ വിഭാഗത്തിൽപ്പെട്ട കലാകാരൻമാരുടെ കലാപരിപാടികൾ അരങ്ങേറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button