Travel

ഉഡുപ്പി, കൊല്ലൂർ,ഗോകർണ്ണം, മുരുടേശ്വരം (മാംഗളൂർ വഴി) അധ്യായം- 5

ജ്യോതിർമയി ശങ്കരൻ

സൌപർണ്ണിക

കുടജാദ്രിയുടെ മുകളറ്റത്താണല്ലോ ശങ്കരാചാര്യരുടെ സർവജ്ഞപീഠം സ്ഥിതി ചെയ്യുന്നത്. നേരമില്ലാത്തതിനാൽ മുകളിൽ വരെ കയറിയില്ല. അൽ‌പ്പം കയറി പ്രകൃതിയും ശുദ്ധവായുവും ആസ്വദിച്ചു തിരിച്ചുവന്നു. പ്രകൃതിസൌന്ദര്യം മുറ്റി നിൽക്കുന്ന കുന്നുകളെ പൊതിഞ്ഞെത്തി ഞങ്ങളേയും തൊട്ടുപോയ കോടമഞ്ഞ് കുളിരേകി.കുന്നുകൾക്കിടയിലൂടെ എത്തിനോക്കി മറയാനൊരുങ്ങുന്ന സായാഹ്ന സൂര്യന്റെ സ്വർണ്ണനിറം മനോഹരമാക്കിയ ആകാശം. കുറെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്താതിരിയ്ക്കാനായില്ല. കൂടെയുള്ളവരെല്ലാം എത്തിയപ്പോൾ ജീപ്പിൽ വന്നുകയറി. മൂലസ്ഥാനത്തിന്നടുത്തുള്ള കൊച്ചുസ്റ്റാളിൽ നിന്നും തൊലി കളഞ്ഞു ഭംഗിയായി വട്ടത്തിൽ പൂളിവച്ച കൈതച്ചക്ക വാങ്ങിത്തിന്ന ശേഷം ഞങ്ങൾ താഴോട്ടുള്ള യാത്ര തുടങ്ങി. ഇറക്കവും കയറ്റം പോലെത്തന്നെ അതി ദുർഘടം. നേരം വൈകിയതിനാൽ മുകളിലോട്ടു വരുന്ന വാഹനങ്ങൾക്ക് വഴി മാറിക്കൊടുക്കേണ്ടിവന്നില്ലെന്നു മാത്രം.

അമ്മേ! മൂകാംബികേ!

റൂമിൽ വന്നശേഷം കുളിച്ച് ദർശനത്തിന്നായി അമ്പലത്തിലെത്തി. ഇന്നു രാത്രി ഇവിടെയാണല്ലോ തങ്ങുന്നത്. യഥേഷ്ടം പൂജയും വഴിപാടുകളും നടത്താം,. വേണ്ടവർക്കെല്ലാം ക്ഷേത്രത്തിൽ നിന്നും അത്താഴപ്രസാദം കഴിയ്ക്കാം. രാവിലെ അതി നേർത്തെ പുറപ്പെട്ട് സൌപർണ്ണികയെ ദർശിച്ചശേഷം മുരുടേശ്വറിലേയ്ക്ക്. വൈകീട്ട് ഉഡുപ്പിയിലെ ശ്രീകൃഷ്ണനെ ദർശിച്ചശേഷം മാംഗളൂർക്ക്. അതിരാവിലെ അവിടെ നിന്നും ട്രെയിൻ വഴി മടക്കം. ഇതാണ് പ്ലാനെന്ന് ഗൈഡ് അറിയിച്ചു.

സുഖമായി മതിവരുവോളം ദേവിയെ ദർശിയ്ക്കാനും പ്രാർത്ഥിയ്ക്കാനും സർവ്വ രോഗശമനാർത്ഥം ക്ഷേത്രത്തിൽ നിന്നും കിട്ടിയ കഷായപ്രസാദം സേവിയ്ക്കാനും കഴിഞ്ഞതിൽ സന്തോഷം തോന്നി. ദർശനാനന്തരം കുറച്ചു നേരം കൂടി അമ്പല പരിസരത്തിലെല്ലാം തങ്ങി. ലഡ്ഡുപ്രസാദവും കുങ്കുമവും ശീട്ടാക്കി, വാങ്ങി. പ്രസാദഊട്ടിനു സ്കൂൾകുട്ടികളൂടെ തിരക്കു തന്നെ. ഹോട്ടലിൽ കയറി ലഘുവായി ഭക്ഷണം കഴിച്ചശേഷം റൂമിലെത്തി.

സൌപർണ്ണികയിൽ പലവട്ടം ഇറങ്ങിയിട്ടുണ്ടെങ്കിലും നിറഞ്ഞു കവിഞ്ഞൊഴുകുന്ന സൌപർണ്ണിക ഇന്നും എനിക്കു കാണാനായിട്ടില്ല. ഇപ്പോഴും വെള്ളം ഇല്ലാത്ത സമയം തന്നെയാണ്. നേരം പ്രഭാതമാകുന്നതേയുള്ളൂ. മുരുടേശ്വറിലേയ്ക്കുള്ള യാത്രയ്ക്കായി ബസ്സിൽ കയറി. സൌപർണ്ണികാനദിയുടെ സമീപത്തായി എത്തിയപ്പോൾ പടവുകളിറങ്ങി ഉണർന്നുകൊണ്ടിരിയ്ക്കുന്ന സൌപർണ്ണികയെ വിരലുകളാൽ ഒന്നു മൃദുവായി തൊട്ടുനോക്കി. അതിശോചനീയമായ സൌപർണ്ണികയെ പകൽ വെളിച്ചത്തിൽ കാണേണ്ടി വന്നില്ലല്ലോ എന്നേ തോന്നിയുള്ളൂ. വെള്ളമില്ല, മാലിന്യം ഏറെ ഉണ്ടു താനും. വറ്റി വരണ്ട ഈ നദിയോ അനുദിനം പുകഴ്ത്തപ്പെട്ടുകൊണ്ടിരിയ്ക്കുന്ന പുണ്യനദി സൌപർണ്ണിക? . അൽ‌പ്പം മനോവേദനയോടെയാണു സൌപർണ്ണികയിൽ നിന്നും പടവുകൾ കയറി മുകളിലെത്തി ബസ്സിൽക്കയറിയത്.

പരിപാവനമായ ഈ നദി കുടജാദ്രിയ്ക്കു മുകളിൽ നിന്നുമുത്ഭവിച്ച് വഴിയിലുടനീളമുള്ള ഔഷധവീര്യമുള്ള ഇലകളെയും വേരുകളെയും തഴുകി ഔഷധവീര്യമേറിയ ജലത്താൽ നിറഞ്ഞ് കളകളമൊഴുക്കിയാണത്രെ താഴെ എത്തിക്കൊണ്ടിരുന്നത്. മഹാവിഷ്ണുവിന്റെ വാഹനമായ ഗരുഡൻ, സുപർണ്ണൻ, തപം ചെയ്തത് ഈ നദിക്കരയിലാണത്രേ. എന്തായാ‍ലും ഇതിന്റെ ഇന്നത്തെ രൂപം തീർത്തും സങ്കടകരം തന്നെ. വിശുദ്ധിയുടെ സർവ്വതോന്മുഖമായ അടയാളമായി സൌപർണ്ണിക എന്ന നാമം നമ്മളെല്ലാവരും എന്തിനും ഏതിനും ഉപയോഗിയ്ക്കുന്ന സമയത്ത് ആ സ്ഥലം തന്നെ ഇവ്വിധം നാനാവിധമാ‍യി കിടക്കുന്ന കാഴ്ച്ച നമുക്കാലോചിയ്ക്കാൻ തന്നെ വയ്യ. മഴക്കാൽത്തല ധാരാളം വെള്ളമുള്ളപ്പോൾ ഒരിയ്ക്കൽക്കൂടി വരനാം. സൌപർണ്ണികയിലിറങ്ങിയൊന്നു കുളിയ്ക്കണം, മനസ്സിൽ വിചാരിച്ചു. മൂകാംബികയിൽ വന്നാൽ സൌപർണ്ണികയിൽ നീരാടിയാവണം ദർശനമെന്നു തന്നെയായിരുന്നല്ലോ പഴയ ചിട്ടയും.

shortlink

Related Articles

Post Your Comments

Related Articles


Back to top button