KeralaLatest News

‘വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാര്‍ട്ടി ആണല്ലോ ഇത്’ : യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ മാധ്യമ പ്രവര്‍ത്തകന്‍ പ്രമോദ് രാമന്‍ എഴുതിയ കുറിപ്പ് വൈറലാവുന്നു

കൊച്ചി : കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ദാരൂണമായ കൊലപാതകത്തില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനും മനോരമ ന്യൂസ് ടിവി കോര്‍ഡിനേറ്റിംഗ് എഡിറ്ററുമായ പ്രമോദ് രാമന്‍ എഴുതിയ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാവുന്നു. ഇരട്ടകൊലപാതകത്തിന്റെ പശ്ചാത്തലത്തില്‍ കാസര്‍കോട് നിന്നുമുള്ള ഒരു സുഹൃത്ത് തന്നെ വിളിച്ച് സംസാരിച്ച അനുഭവമാണ് അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വായനക്കാരുമായി പങ്കു വെക്കുന്നത്.

കാസര്‍കോട്ട് നിന്ന് ഇടതുപക്ഷ സുഹൃത്ത് വിളിച്ചു. ‘വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാര്‍ട്ടി ആണല്ലോ ഇത്’. അദ്ദേഹത്തിന്റെ വാക്കുകള്‍ കടുത്ത നിരാശ കൊണ്ട് കരിഞ്ഞുണങ്ങിയതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരുദിവസം മുന്‍പ് മാത്രമാണ് . കുറെ നേരം ഞങ്ങള്‍ രാഷ്ട്രീയം സംസാരിച്ചു വച്ചത്. സമീപകാലത്ത് സിപിഎം കൈക്കൊണ്ട നിലപാടുകള്‍ ഇടതുപക്ഷ സഹചാരികള്‍ എന്ന നിലയ്ക്ക് പല സുഹൃത്തുക്കളെയും സന്തോഷിപ്പിച്ചിരുന്നു. ടി.പി. വധം ഇല്ലായിരുന്നെങ്കില്‍ മനസ്സാക്ഷിക്കുത്ത് കൂടാതെ ഈ പാര്‍ട്ടിയോടൊപ്പം നില്‍ക്കാമായിരുന്നു, അദ്ദേഹം പറഞ്ഞു. അല്ലല്ലോ, ശുഹൈബില്ലേ? ഞാന്‍ ചോദിച്ചു. കൊലപാതകങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ കൂടെ നില്‍ക്കാമായിരുന്നു എന്ന് കേഡര്‍ പാര്‍ട്ടികളെ കുറിച്ച് ചിന്തിക്കാനാവാത്ത സ്ഥിതിയാണ്. അണികള്‍ എന്ന രാഷ്ട്രീയ സംവര്‍ഗം പഠന വിധേയമായാല്‍ മാത്രമേ നമുക്കതിന് ഉത്തരം കിട്ടൂ. സംഘടനാ സംവിധാനം അറിയാതെ ഒരു ഈച്ച പോലും അനങ്ങാത്ത സിപിഎം ന്റെ അണികളെ നയിക്കുന്ന വികാരലോകം എനിക്ക് ഇതുവരെ മനസിലായിട്ടില്ല.-കുറിപ്പില്‍ അദ്ദേഹം പറയുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം :

കാസർകോട്ട് നിന്ന് ഇടതുപക്ഷ സുഹൃത്ത് വിളിച്ചു.വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാർട്ടി ആണല്ലോ ഇത്. അദ്ദേഹത്തിന്റെ വാക്കുകൾ കടുത്ത നിരാശ കൊണ്ട് കരിഞ്ഞുണങ്ങിയതു പോലെയാണ് എനിക്ക് അനുഭവപ്പെട്ടത്. ഒരുദിവസം മുൻപ് മാത്രമാണ് 
കുറെ നേരം ഞങ്ങൾ രാഷ്ട്രീയം സംസാരിച്ചു വച്ചത്. സമീപകാലത്ത് സിപിഎം കൈക്കൊണ്ട നിലപാടുകൾ ഇടതുപക്ഷ സഹചാരികൾ എന്ന നിലയ്ക്ക് പല സുഹൃത്തുക്കളെയും സന്തോഷിപ്പിച്ചിരുന്നു. ടി.പി. വധം ഇല്ലായിരുന്നെങ്കിൽ മനസ്സാക്ഷിക്കുത്ത് കൂടാതെ ഈ പാർട്ടിയോടൊപ്പം നിൽക്കാമായിരുന്നു, അദ്ദേഹം പറഞ്ഞു. അല്ലല്ലോ, ശുഹൈബില്ലേ? ഞാൻ ചോദിച്ചു. കൊലപാതകങ്ങൾ ഇല്ലായിരുന്നെങ്കിൽ കൂടെ നിൽക്കാമായിരുന്നു എന്ന് കേഡർ പാർട്ടികളെ കുറിച്ച് ചിന്തിക്കാനാവാത്ത സ്ഥിതിയാണ്. അണികൾ എന്ന രാഷ്ട്രീയ സംവർഗം പഠന വിധേയമായാൽ മാത്രമേ നമുക്കതിന് ഉത്തരം കിട്ടൂ. സംഘടനാ സംവിധാനം അറിയാതെ ഒരു ഈച്ച പോലും അനങ്ങാത്ത സിപിഎം ന്റെ അണികളെ നയിക്കുന്ന വികാരലോകം എനിക്ക് ഇതുവരെ മനസിലായിട്ടില്ല.

അഭിമന്യുവിന്റെ ജീവനെ ഹൃദയത്തോളം മാനിച്ച പാർട്ടി മറ്റൊരു ജീവനെ, ഒന്നല്ല രണ്ട് ജീവനെ, ഇത്രയേറെ വില കുറച്ചു കാണുന്നത് എങ്ങനെയാണ്? കേരള സംരക്ഷണം എന്ന മുദ്രാവാക്യം ഉയർത്തി പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ജാഥ ആരംഭിച്ചതിനു പിന്നാലെ രണ്ട് യുവാക്കളെ വെട്ടിക്കൊല്ലാൻ ഒരു പാർട്ടിക്ക് കഴിയുന്നത് എങ്ങനെയാണ്? പ്രതിപക്ഷ നേതാവിന്റെ മകന്റെ വിവാഹത്തിൽ രണ്ട് പാർട്ടികളുടെയും നേതാക്കൾ പരസ്പരം സ്നേഹോഷ്മളമായി ചിരിച്ചുപിരിഞ്ഞ ശേഷം ഒരു കൂട്ടർ മറ്റേ കൂട്ടർക്ക് എതിരെ വെട്ടുകത്തി ഓങ്ങുന്നത് എങ്ങനെയാണ്?

സുഹൃത്ത് പറഞ്ഞു: ഈ പാർട്ടി പുരോഗമന നിലപാടുകൾ കൊണ്ടും നവോത്ഥാനത്തിന്റെ ഓർമകൾ തിരിച്ചുപിടിച്ചും വനിതകളെ കേരളം ഇതുവരെ കണ്ടതിൽ വച്ച് ഏറ്റവും മനോഹരമായി ഒരു പാർട്ടിക്ക് കഴിയും വിധം ചേർത്തുപിടിച്ചും ദളിത് പ്രബുദ്ധതയ്ക്ക് ഒപ്പം നിന്നും വർഗീയതയ്ക്ക് എതിരെ ജീവൻ കൊടുത്ത് പോരാടിയും കാണിച്ചുതരുന്ന വിശാലമാതൃക എതെങ്കിലും ഒരു പാർട്ടി ഘടകത്തിലെ പിശാചുക്കളുടെ ആണത്ത പന്നിത്തരത്തിൽ അവസാനിക്കാൻ ഉള്ളതാണോ? വിശ്വസിക്കും തോറും വഞ്ചിക്കുന്ന പാർട്ടി ആണല്ലോ ഇത്!എന്റെ നാടിനു വളരെ അടുത്താണ് കല്യോട്ട്. മദ്ധ്യവേനൽ ആകുമ്പോഴേക്കും കോഴിവാലനെന്ന് ഞങ്ങൾ വിളിക്കുമായിരുന്ന, മുട്ടറ്റം വളരുന്ന ചെമ്പൻ പുല്ല് നാടാകെ വ്യാപിച്ചു കിടക്കുന്ന നാട്ടിൻപുറം. അന്യോന്യം പങ്കിട്ടു മാത്രം ജീവിതം സാധിക്കുന്ന നാട്. കറവയുള്ള വീട്ടിൽ നിന്ന് പാല് വാങ്ങാനും പലവക സാമാനങ്ങൾ വിൽക്കുന്ന ചെറു പീടികകളിൽ നിന്ന് ചായപ്പൊടിയോ എണ്ണയോ വാങ്ങാനും കുട്ടികളും മുതിർന്നവരും അങ്ങിങ്ങ് നടന്നുപോകുന്നത് കാണാവുന്ന, അയൽപക്കങ്ങൾ തമ്മിൽ നൂറോ ഇരുന്നൂറോ അങ്ങോട്ടോ ഇങ്ങോട്ടോ കൊടുത്തതിന്റെയോ കൊടുക്കാത്തതിന്റെയോ ചില്ലറപ്പിണക്കങ്ങൾ മാത്രം ഉണ്ടാവാറുള്ള, എന്നാൽ ഒരുവീട്ടിലെ ദുബായിക്കാരൻ വന്നാൽ എല്ലാം മറന്ന് മറ്റേ വീട്ടിലും പോയി ‘എന്ത്ണ്ട് എട്ടി?’ എന്നു ചോദിക്കുമെന്ന് ഉറപ്പുള്ള നാട്.ആ ഉറപ്പുകൾ ആണ് രണ്ട് യുവാക്കളുടെ ചോരയിൽ കുളിച്ചു കിടക്കുന്നത്.ആരെങ്കിലും ഒന്ന് നന്നാകുമോ പ്ലീസ്? ആത്മാർഥമായി ഒന്ന് കൈപിടിച്ചു കുലുക്കാനാണ്.

https://www.facebook.com/pramod.raman.161/posts/2397438560326828

shortlink

Related Articles

Post Your Comments

Related Articles


Back to top button