Latest NewsInternational

കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയുടെ പൗരത്വം റദ്ദാക്കി

ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്ന് ഷമീമ

ലണ്ടന്‍ : കുഞ്ഞിനെ വളര്‍ത്താനായി മടങ്ങിയെത്താന്‍ മോഹിച്ച ഷമീമയ്ക്ക് ഭരണകൂടത്തിന്റെ തിരിച്ചടി . യുവതിയുടെ പൗരത്വം ബ്രിട്ടന്‍ റദ്ദാക്കി. ഹോം സെക്രട്ടറി സാജിദ് ജാവേദിന്റെ പ്രത്യേക നിര്‍ദേശപ്രകാരമാണു നടപടി. സിറിയയിലെ അഭയാര്‍ഥി ക്യാംപില്‍ കഴിഞ്ഞ ശനിയാഴ്ച ഐഎസ് ഭീകരന്റെ മൂന്നാമത്തെ കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്താനായിരുന്നു ബ്രിട്ടനിലേക്കു മടങ്ങിയെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചത്. ഇതിനെതിരെ ശക്തമായ ജനവികാരം ഉയര്‍ന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടിഷ് പൗരത്വം റദ്ദാക്കാന്‍ ഹോം ഓഫിസ് തീരുമാനിച്ചത്

ഷെമീമയുടെ പൗരത്വം തിരിച്ചെടുക്കുന്നതായി കാണിച്ചുള്ള ഹോം ഓഫിസിന്റെ കത്ത് ഇന്നലെയാണ് ഈസ്റ്റ് ലണ്ടനിലുള്ള അവരുടെ മാതാവിനു ലഭിച്ചത്. ഹോം സെക്രട്ടറിയുടെ പ്രത്യേക തീരുമാനപ്രകാരമുള്ള നടപടിയാണിതെന്നു കത്തില്‍ വിവരിക്കുന്നു. തീരുമാനം മകളെ അറിയിക്കാനും അമ്മയോടു കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. പൗരത്വം റദ്ദാക്കിയ നടപടി ചോദ്യം ചെയ്യാന്‍ ഷെമീമയ്ക്ക് അധികാരമുണ്ടെന്നും കത്തില്‍ വിവരിക്കുന്നു.

പൂര്‍ണ ഗര്‍ഭിണിയായിരുന്ന ഷെമീമ ബീഗം കുഞ്ഞിനെ പ്രസവിക്കാനായി ബ്രിട്ടനിലേക്കു മടങ്ങിയെത്തണമെന്നു കഴിഞ്ഞയാഴ്ച ആഗ്രഹം പ്രകടിപ്പിച്ചപ്പോഴേ ഇതു തടയാന്‍ മടിക്കില്ലെന്ന് ഹോം സെക്രട്ടറി മുന്നറിയിപ്പു നല്‍കിയിരുന്നു. പിന്നീടു രണ്ടു ദിവസങ്ങള്‍ക്കകം അഭയാര്‍ഥി ക്യാംപില്‍ വച്ച് കുഞ്ഞിനു ജന്മം നല്‍കിയ ഷെമീമ മകനെ ഇസ്ലാമില്‍തന്നെ വളര്‍ത്തുമെന്നും ഐഎസിന്റെ ചെയ്തികളെ തള്ളിപ്പറയാന്‍ ഒരുക്കമല്ലെന്നും ബിബിസി ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോടു വെളിപ്പെടുത്തി. യുകെയിലേക്കു മടങ്ങിയെത്താന്‍ അനുവദിച്ചാല്‍ ജയിലില്‍ പോകാന്‍ പോലും തനിക്കു മടിയില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ബ്രിട്ടന്‍ ഐഎസിനു നേരേ നടത്തിയ ആക്രമണങ്ങള്‍ക്കുള്ള പ്രതികാരമായിരുന്നു മാഞ്ചസ്റ്റര്‍ അരീനയില്‍ നടത്തിയ സ്‌ഫോടനമെന്നും അവര്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തി. ഇതിനു തൊട്ടുപിന്നാലെയാണു പൗരത്വം റദ്ദാക്കുന്ന കടുത്ത നടപടിയിലേക്ക് ബ്രിട്ടന്‍ കടന്നത്.

1981ലെ ബ്രിട്ടിഷ് നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അനുവദിച്ചിട്ടുള്ള പ്രത്യേക അധികാരം ഉപയോഗിച്ചാണു നടപടി. പൊതു താല്‍പര്യത്തിന് അനിവാര്യമെന്നു കണ്ടെത്തിയാല്‍ ഒരാളുടെ പൗരത്വം റദ്ദാക്കാന്‍ നാഷനാലിറ്റി ആക്ടില്‍ ഹോം സെക്രട്ടറിക്ക് അധികാരമുണ്ട്. ഇതിലൂടെ ഒരു വ്യക്തിക്ക് എവിടെയെങ്കിലും താമസിക്കാനുള്ള അവകാശം നിഷേധിക്കപ്പെടാന്‍ പാടില്ലെന്നു മാത്രമേയുള്ളൂ. ബംഗ്ലദേശില്‍നിന്നും ബ്രിട്ടനിലേക്ക് കുടിയേറിയ കുടുംബത്തില്‍പ്പെട്ടതാണ് ഷെമീമ. ഇവര്‍ക്ക് ഇരട്ട പൗരത്വമുണ്ട്. ഈ സാഹചര്യത്തിലാണ് ഹോം സെക്രട്ടറി തന്റെ പ്രത്യേക അധികാരമുപയോഗിച്ച് ബ്രിട്ടിഷ് പൗരത്വം തിരിച്ചെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button