Latest NewsIndia

പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി ഇന്നുമുതൽ

ലക്നൗ: പ്രധാൻ മന്ത്രി കിസാൻ സമ്മാന്‍ നിധി ഇന്നുമുതൽ. കര്‍ഷകര്‍ക്ക് ആറായിരം രൂപ കൈമാറുന്ന ഈ പദ്ധതി ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. തെരഞ്ഞെടുക്കപ്പെട്ട കര്‍ഷകര്‍ക്ക് ആദ്യ ഗഡുവായ രണ്ടായിരം രൂപ അക്കൗണ്ടിലേക്ക് കൈമാറും.

ഗുണഭോക്താക്കളായ കര്‍ഷകര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും പ്രധാനമന്ത്രി വിതരണം ചെയ്യും. പന്ത്രണ്ട് കോടി ചെറുകിട, ഇടത്തരം കര്‍ഷകര്‍ക്കാണ് പ്രധാനമന്ത്രി കിസാന്‍ പദ്ധതിയുടെ ഗുണം കിട്ടുക. വിവിധ പദ്ധതികളുടെ ശിലാസ്ഥാപനവും ചടങ്ങില്‍ മോദി നടത്തും. പിന്നാലെ പ്രയാഗ് രാജിലെത്തുന്ന പ്രധാനമന്ത്രി അര്‍ദ്ധ കുഭമേളയില്‍ പങ്കെടുക്കും.മേളയോടനുബന്ധിച്ചുള്ള വിവിധ പുരസ്കാരങ്ങളും പ്രധാനമന്ത്രി വിതരണം ചെയ്യും.

ചെറുകിട നാമമാത്ര കര്‍ഷകര്‍ക്കായി നിലവില്‍ വന്ന കേന്ദ്രാവിഷ്കൃത പദ്ധതിയാണ് പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി. സംസ്ഥാന സര്‍ക്കാരിന്‍റെ ലാന്‍ഡ് റെക്കോര്‍ഡ് പ്രകാരമാണ് സ്ഥല പരിധി കണക്കാക്കുന്നത്. 2019 ഫെബ്രുവരി ഒന്ന് വരെയുളള കൈവശ ഭൂമിയുടെ രേഖകളാണ് ഇതിനായി പരിഗണിക്കുന്നത്. പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധിയിലേക്ക് അപേക്ഷിക്കാന്‍ പ്രത്യേക സമയപരിധി ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതി പ്രകാരമുളള ആനുകൂല്യങ്ങള്‍ ഗുണഭോക്താവിന്‍റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ടെത്തും.

രണ്ട് ഹെക്ടറില്‍ കവിയാത്ത കൃഷിഭൂമിയുളള കുടുംബത്തിന് ആനുകൂല്യം ലഭിക്കും. ഇതേസമയം തന്നെ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സന്ദേശങ്ങളായി കര്‍ഷക ഡേറ്റാ ബാങ്കില്‍ നല്‍കിയിട്ടുളള മൊബൈല്‍ നമ്പറില്‍ ലഭിക്കും. 2018- 19 വര്‍ഷത്തെ ആദ്യഗഡുവായ 2,000 രൂപയുടെ കാലാവധി 2018 ഡിസംബര്‍ മുതല്‍ 2019 മാര്‍ച്ച് വരെയാണ്. സ്വന്തം കൃഷിസ്ഥലം സ്ഥിതി ചെയ്യുന്ന കൃഷി ഭവനിലാണ് അപേക്ഷ നല്‍കേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button