Latest NewsIndia

രാഷ്ട്രത്തിന് അഭിമാനമായി യുദ്ധ സ്മാരകം: കോൺഗ്രസ് ചെയ്ത അനീതിക്ക് മോദി പരിഹാരം കണ്ടു: മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ഇന്ത്യക്ക് ഒരു യുദ്ധ സ്മാരകം ….. ഏതാണ്ട് എഴുപത് വർഷത്തിന് ശേഷം രാഷ്ട്രത്തിന് വേണ്ടി ബലിദാനികളായ ധീര സൈനികർക്ക് ഒരു സ്മാരകം . തീർച്ചയായും നരേന്ദ്ര മോദി സർക്കാരിന്റെ നേട്ടമാണിത്. 1947 മുതൽ ഇതുവരെ നടന്ന വിവിധ യുദ്ധങ്ങളിൽ വീരമൃത്യു വരിച്ചവർക്കായി ….. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് അതിന്റെ ഉദ്‌ഘാടനം ഇന്ന് ഡൽഹിയിൽ നിർവഹിച്ചത്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ഉടനെ മോഡി നൽകിയ നിർദ്ദേശമായിരുന്നു, അത്തരമൊരു സ്മാരകം താമസിയാതെ ഉയരണമെന്നത്. അഞ്ചുവര്ഷത്തിനകം ആ വാഗ്ദാനം ഈ സർക്കാർ പാലിച്ചു. കാണേണ്ട ഒന്നുതന്നെയാണ്…… വികാര നിർഭരണമാണ് എന്ന് പറയുമ്പോൾ തന്നെ അതിന്റെ ചാരുത …. ലോകത്തിലെ യുദ്ധസ്മാരകങ്ങൾക്കിടയിൽ നമ്മുടേത് അതുകൊണ്ട് തന്നെ മികച്ചതാണ്.

പ്രതിരോധ മന്ത്രാലയം ഒരു സ്പെഷ്യൽ പ്രൊജക്റ്റ് ആയിട്ടാണ് ഇത് ഏറ്റെടുത്തത്. അതിന്റെ പുരോഗതി മന്ത്രിമാർ പതിവായി പരിശോധിച്ചുവന്നിരുന്നു. മനോഹർ പരീക്കർ പ്രതിരോധ മന്ത്രിയായിരിക്കെയാണ് ശിലാന്യാസം നടന്നത്; പിന്നീട് അരുൺ ജെയ്റ്റ്ലിയും നിർമ്മല സീതാരാമനും അത് വിലയിരുത്തിപോന്നു. ആഗോളതലത്തിലാണ് അതിന്റെ ഡിസൈൻ ക്ഷണിച്ചത്; ചെന്നൈയിലെ യോഗേഷ് ചന്ദ്രഹാസൻ സമർപ്പിച്ചത് അംഗീകരിക്കപ്പെട്ടു. മിലിറ്ററി എഞ്ചിനീയറിംഗ് സർവീസ് ആണ് നിർമാണ ചുമതല നിർവഹിച്ചത്.

എന്നാൽ ദൗര്ഭാഗ്യമെന്ന് പറയട്ടെ, അതിനെ നിര്മാണത്തെയും ഉദ്‌ഘാടനത്തെയും രാഷ്ട്രീയായുധമാക്കാൻ ചിലർ രംഗത്തിറങ്ങി. ഇന്ത്യയിൽ അങ്ങിനെയാണ്; എന്തിലും രാഷ്ട്രീയമുണ്ടല്ലോ. പിന്നെ നരേന്ദ്ര മോദിയാണ് അത് ചെയ്യുന്നതെങ്കിൽ അതിനെ എതിർത്തേ തീരൂ എന്ന് ചിലർ തീരുമാനിക്കും. കോൺഗ്രസുകാർ രംഗത്തുണ്ടാവും; അതിനൊപ്പം അവരുടെ ദല്ലാളന്മാരെ പോലെ പെരുമാറുന്ന കുറെ മാധ്യമ പ്രവർത്തകരും. ഇത്തരം കാര്യങ്ങളിൽ പോലും ‘പെറ്റി രാഷ്ട്രീയം’ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നത് ഇന്നും കണ്ടു. കഷ്ടം എന്നെ പറയേണ്ടതുള്ളൂ. ഒന്നെങ്കിലും അവർ ഓർത്തിരുന്നുവെങ്കിൽ നന്നായിരുന്നു; രാജ്യം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന വലിയ ഭീഷണി. പാക് ഭീകരന്മാർ നടത്തുന്ന നീക്കങ്ങൾ; അത് യുദ്ധത്തിന്റെ വക്കിൽ ചെന്ന് നിൽക്കുന്നു. സൈനികർ എത്രത്തോളം ആദരാവോടെ കാണപ്പെടേണ്ടുന്ന മുഹൂർത്തമാണിത് എന്നതുമോർക്കുക. അപ്പോഴാണ് നാണംകെട്ട രാഷ്ട്രീയം കുത്തിചെലുത്താൻ ചിലർ ശ്രമിക്കുന്നത്.

യഥാർഥത്തിൽ കോൺഗ്രസിന്റെ മനസിലെ കളങ്കമാണ്, കുറ്റബോധമാണ് ഇതിലൂടെ പുറത്തുവരുന്നത്. അവർ എത്രയോ വര്ഷം മുൻപേ പ്രഖ്യാപിച്ചതാണ് ഇത്. ഒരിക്കലും സൈനികരെ, വിമുക്ത ഭടന്മാരെ സഹായിക്കുന്ന പദ്ധതി കോൺഗ്രസിന് ഇല്ലായിരുന്നല്ലോ. ആകെ അവർ ലക്ഷ്യമിട്ടിരുന്നത് പ്രതിരോധ ഇടപാടിൽ എങ്ങിനെ കയ്യിട്ട് വാരാം എന്നതാണ്. ഏത് കാലത്തും അത് മാത്രമായിരുന്നില്ലേ കോൺഗ്രസുകാരുടെ അജണ്ട. ഒആർഓപി-യുടെ കാര്യമെടുക്കു. ദശാബ്ദങ്ങൾ അവർ സൈനികരെ കബളിപ്പിച്ചു ……… ഇന്ദിര ഗാന്ധി മുതൽ മൻമോഹൻ സിങ്ങും എകെ ആന്റണിയും വരെ. എന്തെല്ലാം ഒഴിവുകഴിവുകൾ പറഞ്ഞുനടന്നു. അവസാനം അത് നടപ്പിലാക്കാൻ നരേന്ദ്ര മോഡി വരേണ്ടിവന്നു. അപ്പോൾ, നാണമില്ലാതെ, അതിൽ അവകാശവാദവുമായി അവർ ഇറങ്ങി എന്നത് വേറെ കാര്യം. അർധസൈനികർക്ക് അലവൻസ് വർധിപ്പിച്ചത്, കാശ്മീരിൽ വിമാനയാത്ര സൗകര്യം ഏർപ്പെടുത്തിയത് …….. അതിലെല്ലാമുപരി സൈനികർക്ക് ആത്മാഭിമാനം ഉണ്ടാക്കുന്ന അനവധി പ്രവൃത്തികൾ ചെയ്തത്, നടപടികൾ സ്വീകരിച്ചത്. എന്തിനേറെ യുപിഎ യുടെ പത്ത് വർഷക്കാലത്ത് സൈനികർ ആവശ്യപ്പെട്ട എന്തെങ്കിലും ചെയ്തു കൊടുത്തോ; ഇല്ലല്ലോ. നല്ല തോക്കുകൾ മുതൽ യുദ്ധവിമാനങ്ങൾ വരെ അവർ ചോദിച്ചു. ഒന്നും കൊടുത്തില്ല; പകരം കമ്മീഷൻ എത്രകിട്ടുമെന്ന് അന്വേഷിച്ചു നടക്കുകയായിരുന്നു എന്ന തോന്നൽ ഇപ്പോൾ രാജ്യമെമ്പാടും ഉണ്ടാവുന്നില്ലേ ?.

2008 ലാണ് സൈന്യം സുരക്ഷാ ദൃഷ്ടിയിൽ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകൾ ചോദിച്ചത്; 1. 80 ലക്ഷം വേണമെന്നായിരുന്നു ആവശ്യം. 2014 ൽ മൻമോഹൻ സിങ് സർക്കാർ ഇറങ്ങുംവരെ അത് വാങ്ങിക്കൊടുത്തില്ല. അതുകൂടാതെയാണ് നമ്മുടെ ധീര ജവാന്മാർ ശത്രുസേനയെ നേരിട്ടത്. എന്തൊരു ഗുരുതരമായ വീഴ്ചയാണിത്. അഴിമതി നടത്തി ഖജനാവ് കൊള്ളയടിച്ച വര്ഷങ്ങളാണിത് എന്നതോർക്കുക. നരേന്ദ്ര മോഡി സർക്കാർ വന്നിട്ട് ഇതുവരെയായി ഏതാണ്ട് 2. 30 ലക്ഷം ബുള്ളറ്റ് പ്രൊഫ്‌ ജാക്കറ്റുകൾ വാങ്ങിക്കൊടുത്തു. ഇന്ന് സൈനികർക്ക് ആത്മവീര്യം കൂടി. ബൊഫോഴ്‌സ് മുതൽ ഹെലികോപ്റ്റർ ഇടപാട് വരെ എത്രയോ അഴിമതിക്കഥകൾ അവരുടെ കാലത്ത് നാം കണ്ടു, കേട്ടു . പലരും ഇന്ന് അന്വേഷണം നേരിടുകയാണ്……… ജയിലേക്കുള്ള വഴിയിലാണ്. റഫാൽ യുദ്ധ വിമാനങ്ങൾ വാങ്ങാൻ ശ്രമിച്ചപ്പോൾ നടത്തിയ കുത്തിത്തിരുപ്പുകൾ വേറെ.

സ്മാരകങ്ങൾ പണിയുന്നതിൽ കോൺഗ്രസ് ഒരിക്കലും പിന്നിലായിരുന്നില്ല; അത് പക്ഷെ അവരുടെ നേതാക്കൾക്ക് വേണ്ടി. ചരിത്രം നമ്മുടെ മുന്നിലുണ്ടല്ലോ. പണ്ഡിറ്റ് നെഹ്‌റു മരിച്ചത് 1964 ലാണ്; അതെ വര്ഷം തന്നെ മനോഹര സ്മാരകം ഉയർന്നുവന്നു. 1984 ലാണ് ഇന്ദിര ഗാന്ധി കൊല്ലപ്പെടുന്നത്; 1984 ൽ തന്നെ മനോഹരമായ സ്മാരകം ഉയർന്നു. രാജീവ് ഗാന്ധി മരിച്ചതാവട്ടെ 1989 ൽ; സ്മാരകത്തിന്റെ ജോലി അന്നുതന്നെ തുടങ്ങി; ഒരു താമസവും ഉണ്ടായിട്ടില്ല. ഇത് മാത്രമോ; ഇന്ത്യയിൽ എവിടെച്ചെന്നാലും ഇവരുടെയൊക്കെ പേരുകളിൽ എന്തെല്ലാം സ്മാരകങ്ങൾ…… തുറമുഖവും വിമാനത്താവളവും മുതൽ ബസ് ഷെൽട്ടർ വരെ. പാവങ്ങളായ സൈനികർക്ക്, അല്ല വീര ജവാന്മാർക്ക് ഒന്നും കൊടുക്കാൻ അവർ കോൺഗ്രസുകാർ തയ്യാറായില്ല……

അതാണ് ഡൽഹിയിൽ സമയബന്ധിതമായി പൂർത്തിയാക്കിയത്. ഇത് അഭിമാന നിമിഷമാണ്; രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ചവർക്ക് വേണ്ടി മാത്രമല്ല രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവര്ക്കും ഇത് അഭിമാനം തന്നെ. അതിനെതിരെ ഉയർത്തുന്ന വിമർശനങ്ങൾ വെറും ചീപ്പ് രാഷ്ട്രീയം മാത്രം.

shortlink

Related Articles

Post Your Comments

Related Articles


Back to top button