Latest NewsIndia

യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നു ; പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യാഗേറ്റിനടുത്ത് 40 ഏക്കറില്‍ പരന്നു കിടക്കുന്ന വിശാലമായ ഭൂമിയിലാണ് യുദ്ധസ്മാരകം

ന്യൂഡൽഹി: ദേശീയ യുദ്ധസ്മാരകത്തിന്‍റെ ഉദ്ഘാടനച്ചടങ്ങില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. യുപിഎ ഭരണകാലത്ത് റഫാല്‍ ഇടപാട് അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് പരമാവധി ശ്രമിക്കുകയായിരുന്നെന്ന് മോദി ആരോപിച്ചു. അതിനാണ് കരാര്‍ ഒപ്പിടുന്നതിന് വ്യവസ്ഥകളില്‍ തര്‍ക്കം ഉണ്ടാക്കി നീട്ടിക്കൊണ്ടുപോയത്. കോണ്‍ഗ്രസ് ജവാന്‍മാരുടെ ജീവന്‍ കൊണ്ട് കളിക്കുകയായിരുന്നെന്നും മോദി പറഞ്ഞു. നഗരമധ്യത്തില്‍ ഇന്ത്യാഗേറ്റിനടുത്ത് 40 ഏക്കറില്‍ പരന്നു കിടക്കുന്ന വിശാലമായ ഭൂമിയിലാണ് യുദ്ധസ്മാരകം.

കല്ലില്‍ കൊത്തിയ സ്തൂപത്തിന് കീഴെ ജ്യോതി തെളിച്ചാണ് മോദി യുദ്ധസ്മാരകം രാജ്യത്തിന് സമര്‍പ്പിച്ചത്. ഒരു തുറന്ന വേദിയ്ക്ക് നടുവിലെ സ്തൂപത്തില്‍ തെളിയിച്ച ഒരിക്കലും കെടാത്ത ജ്യോതിയും, വിവിധ യുദ്ധങ്ങള്‍ ചിത്രീകരിക്കുന്ന ആറ് വെങ്കലപ്രതിമകളും ചേര്‍ന്നതാണ് ദേശീയ യുദ്ധസ്മാരകം. ഇതിന് ചുറ്റുമായി നാല് വൃത്തങ്ങളാണുള്ളത്. ആദ്യത്തേത്, അമര്‍ ചക്ര – അമരത്വത്തിന്‍റെ പ്രതീകം. രണ്ടാമത്തേത് വീര്‍ ചക്ര – ധീരതയുടെ പ്രതീകം, ത്യാഗ് ചക്ര – ത്യാഗത്തിന്‍റെ പ്രതീകം, രക്ഷക് ചക്ര – സുരക്ഷയുടെ പ്രതീകം. സൈന്യത്തെ ശക്തിപ്പെടുത്താനുള്ള ഒരു അവസരവും താന്‍ പാഴാക്കിയിട്ടില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു.

2009-ല്‍ 1,86,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈന്യം ആവശ്യപ്പെട്ടതാണ്. അന്നത്തെ സര്‍ക്കാര്‍ അത് നല്‍കിയില്ല. പിന്നീട് നാലരവര്‍ഷം കൊണ്ട് തന്‍റെ സര്‍ക്കാര്‍ 2,30,000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങി നല്‍കി.ദേശീയ യുദ്ധസ്മാരകം നിര്‍മ്മിക്കാനുള്ള പദ്ധതി തുടങ്ങിയത് അടല്‍ ബിഹാരി വാജ്പേയിയുടെ കാലത്താണെന്ന് പറഞ്ഞ മോദി, പിന്നീട് യുപിഎ അധികാരത്തില്‍ വന്നപ്പോള്‍ കാര്യങ്ങള്‍ അനങ്ങാതായെന്ന് പരിഹസിച്ചു. പിന്നീട് 2014-ലാണ് യുദ്ധസ്മാരകപദ്ധതിക്ക് ജീവന്‍ വച്ചത്. സൈന്യത്തില്‍ സ്ത്രീകള്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കിയത് തങ്ങളുടെ സര്‍ക്കാരാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

എല്ലാ ഇടപാടുകളും അതിലെ വിവാദങ്ങളും നീളുന്നത് ഒരു കുടുംബത്തിലേക്കാണെന്ന് പരിഹസിച്ച മോദി, കുടുംബത്തിനാണോ രാജ്യത്തിനാണോ പ്രഥമപരിഗണനയെന്ന് അവര്‍ തീരുമാനിക്കട്ടെ എന്നാണ് പറഞ്ഞത്. മോദിയെ ഓര്‍മ്മിച്ചാലും ഇല്ലെങ്കിലും വീരമൃത്യു വരിച്ച ജവാന്‍മാരുടെ സ്മരണ എന്നും നിലനില്‍ക്കണം. ഏതു തടസ്സത്തിനെതിരെയും പോരാടാന്‍ താന്‍ തയ്യാറെന്നും മോദി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button