KeralaLatest News

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍

ആനുകൂല്യം അഞ്ചുലക്ഷം രൂപ : വിശദാംശങ്ങള്‍ അറിയാം

തിരുവനന്തപുരം: സാധാരണക്കാരെ ലക്ഷ്യമിട്ടുള്ള പരിഷ്‌കരിച്ച കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ അതായത് ഏപ്രില്‍ ഒന്നു മുതല്‍ ആരംഭിയ്ക്കും. കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും സമഗ്ര ആരോഗ്യ ഇന്‍ഷുന്‍സ് പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് പുതിയ പരിഷ്‌കരണം. പരമാവധി അഞ്ചുപേര്‍ എന്ന നിലയില്‍ നിന്ന് കുടുംബത്തിലെ എല്ലാ അംഗങ്ങള്‍ക്കും ആനുകൂല്യം ലഭിക്കുന്ന തരത്തില്‍ മാറ്റം കൊണ്ടുവരാനാണ് പദ്ധതി. ഒരു കുടുംബത്തിനുള്ള ചികിത്സാ ആനുകൂല്യം അഞ്ചുലക്ഷം രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

ഏപ്രില്‍ ഒന്നുമുതലാണ് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി നിലവില്‍വരുന്നത്. ഇപ്പോഴത്തെ സമഗ്ര ആരോഗ്യ പദ്ധതിയില്‍ ഉള്‍പ്പെടുന്ന എല്ലാ കുടുംബങ്ങളെയും പുതിയ പദ്ധതിയിലേക്ക് മാറ്റും. കുടുംബനാഥന്റെ ചിത്രം പതിച്ച കാര്‍ഡിന് പകരം പദ്ധതിയില്‍ ഉള്‍പ്പെടുന്നവര്‍ക്കെല്ലാം പ്രത്യേകം കാര്‍ഡാണ് നല്‍കുക.
നിലവില്‍ ഒരു കുടുംബത്തിന് 30,000 രൂപയാണ് ചികിത്സാ ആനുകൂല്യം ലഭിച്ചിരുന്നത്. ഇതാണ് അഞ്ച് ലക്ഷം രൂപയായി ഉയര്‍ത്തിയിരിക്കുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്ക് ലഭിക്കുന്ന 30,000 രൂപയുടെ അധിക സഹായവും മാരകരോഗങ്ങള്‍ക്കുള്ള ചികിത്സയ്ക്ക് സര്‍ക്കാര്‍ നേരിട്ട് നല്‍കിയിരുന്ന രണ്ടുലക്ഷം രൂപ വരെയുള്ള സഹായവുമെല്ലാം ഏകീകരിച്ചാണ് ഒരു കുടുംബത്തിന് അഞ്ച് ലക്ഷം രൂപ എന്ന രീതിയില്‍ ആനുകൂല്യം അനുവദിക്കുന്നത്.

നിലവിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡിനൊപ്പം റേഷന്‍ കാര്‍ഡ്, കുടുംബത്തിലെ എല്ലാവരുടെയും ആധാര്‍ കാര്‍ഡ് എന്നിവ ഹാജരാക്കിയാണ് പദ്ധതിയില്‍ അംഗമാകേണ്ടത്. ഇതിനായി സംസ്ഥാന വ്യാപകമായി ഇന്‍ഷുറന്‍സ് കാര്‍ഡ് പുതുക്കാനുള്ള ക്യാമ്പുകള്‍ സംഘടിപ്പിക്കും. ആധാര്‍ കാര്‍ഡിലെ ചിത്രവും ഓരോരുത്തരുടെയും നമ്പറും പതിച്ച കാര്‍ഡാണ് ലഭിക്കുക. ഈ കാര്‍ഡിലെ നമ്പര്‍, ആധാര്‍ നമ്പര്‍, രജിസ്റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍ എന്നിവയില്‍ ഏതെങ്കിലും ഒന്ന് ബന്ധപ്പെട്ട ആശുപത്രിയില്‍ ഹാജരാക്കിയാല്‍ ഗുണഭോക്താക്കള്‍ക്ക് ചികിത്സതേടാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button