Latest NewsIndia

ഗുജറാത്തില്‍ വീണ്ടും സബര്‍മതി കത്തി, ഇക്കുറി തീയിട്ടത് സിനിമയ്ക്കായി

ഞായറാഴ്ച രാവിലെ വഡോദരയിലെ പ്രതാപ് നഗറി നും ദാബോയ് സ്റ്റേഷനുമിടയില്‍ ഒരു റെയില്‍വേ ബോഗി കത്തിയെരിയുന്നത് ചങ്കിടിപ്പോടെയായണ് ആളുകള്‍ നോക്കിക്കണ്ടത്. വെസ്റ്റേണ്‍ റെയില്‍വേ അധികൃതര്‍ക്കും ആ കാഴ്ച്ച ഒരുവിധത്തിലുമുള്ള ആശങ്കയ്ക്ക് കാരണമായില്ല. കാരണം രണ്ടായിരത്തി രണ്ടില്‍ സബര്‍മതി എക്സപ്രസിന്റെ എസ് 6 കോച്ചിന് തീയിട്ട സംഭവത്തിന്റെ പുനരാവിഷ്‌കരണമായിരുന്നു അത്.

ചിത്രത്തിന്റെ ഷൂട്ടിനായി വെസ്റ്റേണ്‍ റെയില്‍വേയും വഡോദര ഫയര്‍ ഡിപ്പാര്‍ട്മെന്റും അനുമതി നല്‍കിയിരുന്നു. മോക്ക് ഡ്രില്ലിനായി ഉപയോഗിച്ചതിന് ശേഷം പാഴായിക്കിടന്ന ഒരു ബോഗിയാണ് ചിത്രീകരണത്തിനായി വിട്ടുനല്‍കിയതെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ ഖേംരാജ് മീണ പറഞ്ഞു. ഷൂട്ടിംഗിനായി അനുമതി നല്‍കിയിരുന്നെന്നും അത് ഒരു വിധത്തിലും റെയില്‍ ഗതാഗതത്തെ ബാധിച്ചിട്ടില്ലെന്നും മീണ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം പ്രതിപാദ്യമാകുന്ന ചിത്രമാണിതെന്നും റെയില്‍വേ ബോഗിയ്ക്ക് നേരെ നടന്ന ആക്രമണമുള്‍പ്പെടെയുള്ളവ അദ്ദേഹത്തിന് നേരിടേണ്ടി വന്ന വെല്ലുവിളികള്‍ വ്യക്തമാക്കുന്നതാണെന്നും ഷൂട്ടിംഗിന്റെ സൂപ്പര്‍വൈസിംഗ് എക്സിക്യൂട്ടീവ് ജയരാജ് ഗാധ്വി പറഞ്ഞു. ബോഗിക്ക് തീ പിടിക്കുന്നതിന്റെ പുറത്തുനിന്നുള്ള ദൃശ്യം മാത്രമാണ് ഇവിടെ ചിത്രീകരിക്കുന്നതെന്നും ബോഗിക്കുള്ളിലെ രംഗങ്ങള്‍ മുംബൈയിലെ ഫിലിം സെറ്റിലായിരിക്കും നടക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് ഇത്തരത്തിലൊരു ചിത്രത്തിന്റെ നിര്‍മാണം നടക്കുന്നതെന്ന് മോദി വിരുദ്ധര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button