KeralaLatest News

ഇനി സഹപ്രവര്‍ത്തകര്‍ക്കിടയില്‍ പോടാ, പോടി ബന്ധമില്ല; സര്‍ക്കുലറുമായി ജില്ലാ പൊലീസ് മേധാവി

ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ പേര് വിളിക്കണം. ഒരു കാരണവശാലും ടീ, എടാ, എടീ, പോടി, പോടാ പോലുള്ള വാക്കുകള്‍ പ്രയോഗിക്കരുത്.

ഇടുക്കി: ഇനി മുതല്‍ മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ എടീ, എടാ, പോടാ, പോടി തുടങ്ങിയ പ്രാദേശിക ഭാഷയില്‍ അഭിസംബോധന ചെയ്യാന്‍ പാടില്ല. ഇത്തരം അഭിസംബോധനകളെ വിലക്കി ഇടുക്കി ജില്ലാ പൊലീസ് മേധാവി സര്‍ക്കുലര്‍ ഇറക്കി.

ഒരേ റാങ്കിലുള്ള മിനിസ്റ്റീരിയല്‍ ജീവനക്കാര്‍ സഹപ്രവര്‍ത്തകരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണം. ഉയര്‍ന്ന റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ താഴെ തട്ടിലുള്ള ഉദ്യോഗസ്ഥരുടെ പേര് വിളിക്കണം. ഒരു കാരണവശാലും ടീ, എടാ, എടീ, പോടി, പോടാ പോലുള്ള വാക്കുകള്‍ പ്രയോഗിക്കരുത്. കൂടാതെ തന്നെ വനിതാ മിനിസ്റ്റീരിയല്‍ ഓഫിസര്‍മാര്‍ പൊലീസ് ഉദ്യോഗസ്ഥരുടെ റാങ്കോ സീനിയോറിറ്റിയോ നോക്കാതെ പേരു വിളിക്കുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട് . ഇത് ഒഴിവാക്കണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

മാത്രമല്ല എ.എസ്.ഐ റാങ്കിനു മുകളിലുള്ള ചില ഓഫിസര്‍മാര്‍ നിസാര പരിഗണനകള്‍ക്കായി മിനിസ്റ്റീരിയല്‍ ജീവനക്കാരെ സല്യൂട്ട് ചെയ്യുന്നുണ്ട്. ഇതു സേനയ്ക്കാകെ നാണക്കേടാണ് എന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

ഓഫീസ് സംബന്ധമായി ഏതെങ്കിലും പരാതികളുണ്ടെങ്കില്‍ ജില്ലാ ആസ്ഥാനത്തെ പൊലീസ് ഹെല്‍പ്പ് ഡെസ്‌കിനെ സമീപിക്കണമെന്നും പൊലീസ് ഉദ്യോഗസ്ഥരും മിനിസ്റ്റീരിയല്‍ ജീവനക്കാരെ സര്‍, മാഡം എന്ന് അഭിസംബോധന ചെയ്യണമെന്നും സര്‍ക്കുലറില്‍ വിശദമാക്കുന്നുണ്ട്.

ജീവനക്കാര്‍ ഡ്യൂട്ടി സമയം കഴിയുന്നതിനു മുന്‍പു ഇറങ്ങുന്നത് അനുവദിക്കില്ല. ക്ലാസ് ഫോര്‍ ജീവനക്കാരും താല്‍ക്കാലിക ശുചീകരണ തൊഴിലാളികളും പൊലീസ് ഉദ്യോഗസ്ഥരെ പേരു വിളിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും ഒഴിവാക്കണം തുടങ്ങിയവയാണ് സര്‍ക്കുലറിലെ മറ്റ് ചില നിര്‍ദ്ദേശങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button