Latest NewsTechnology

വേള്‍ഡ് വൈഡ് വെബിന് ഇന്ന് മുപ്പതാം പിറന്നാള്‍

ലോകത്തെവിടെയുമുള്ള എന്തിനെയും കുറിച്ച് അറിവു തരുന്ന വേള്‍ഡ് വൈഡ് വെബിന് ഇന്ന് മുപ്പതാം പിറന്നാള്‍.1989 മാര്‍ച്ച് 12നാണ് 33കാരനായ സര്‍ ടിം ബര്‍ണേഴ്സ് ലീ തന്റെ ബോസിന് മുമ്പാകെ വേള്‍ഡ് വൈഡ് വെബിന്റെ ആദ്യ രൂപത്തിന്റെ പ്രൊജക്ട് സമര്‍പ്പിക്കുന്നത്. വ്യക്തതക്കുറവുണ്ട് പക്ഷേ ആവേശകരമാണ് എന്നായിരുന്നു ടിം ബര്‍ണേഴ്സ് ലീയുടെ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് പ്രൊപ്പോസല്‍ എന്ന പ്രൊജക്ട് നിര്‍ദേശത്തോട് ബോസിന്റെ പ്രതികരണം.

അന്ന് ആ പ്രൊജക്ടുമായി മുന്നോട്ടുപോകാന്‍ ലീക്ക് അനുമതി ലഭിച്ചതോടെ പിന്നീട് വിവര സാങ്കേതിക വിദ്യയില്‍ വന്‍കുതിപ്പിന് കാരണമായ വേള്‍ഡ് വൈഡ് വെബ് യാഥാര്‍ഥ്യമാവുകയായിരുന്നു.സ്വിറ്റ്സര്‍ലണ്ടിലെ ന്യൂക്ലിയര്‍ ഫിസിക്സ് ലബോറട്ടറിയായ CERN ലെ ജീവനക്കാരനായിരുന്നു ടിം ബര്‍ണേഴ്സ് ലീ. സഹപ്രവര്‍ത്തകര്‍ക്ക് വിവരങ്ങള്‍ ഒരേസമയം നിരവധി കമ്പ്യൂട്ടറുകളിലേക്ക് കൈമാറുന്നതിനുള്ള സാങ്കേതികവിദ്യ എന്ന നിലയിലാണ് അദ്ദേഹം WWW അവതരിപ്പിച്ചത്. URL, HTTP എന്നീ സങ്കേതങ്ങളും ആദ്യം അവതരിപ്പിച്ചത് ടിം ബര്‍ണേഴ്സ് ലീയായിരുന്നു. HTML ല്‍ എഴുതിയ WorldWideWeb.app ആദ്യത്തെ വെബ് ബ്രൗസറും പേജ് എഡിറ്ററുമായിരുന്നു. 1991ല്‍ പ്രവര്‍ത്തിച്ചു തുടങ്ങിയെങ്കിലും 1993 ഏപ്രിലിലാണ് പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നത്.

ചിത്രങ്ങള്‍ കൂടി ഉപയോഗിക്കാന്‍ ശേഷിയുള്ള മൊസൈക്ക് എന്ന വെബ് ബ്രൗസറിന്റെ വരവോടെയാണ് വെബ് കൂടുതല്‍ ജനകീയമായത്. പിന്നീട് മൊസൈക്കിന്റെ പകരക്കാരായി ഇന്റര്‍നെറ്റ് എക്സ്പ്ലോററും ഗൂഗിള്‍ ക്രോമും മോസില്ല ഫയര്‍ഫോക്സും പോലെയുള്ള വെബ് ബ്രൗസറുകളെത്തി. 2000ത്തിലെത്തിയതോടെ ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 40 കോടിയിലെത്തിയെന്നത് ഇതിന്റെ ജനകീയതക്കുള്ള തെളിവായി.

പിന്നീട് ഓരോ മനുഷ്യരുടെ ജീവിതത്തിലും നേരിട്ടും അല്ലാതെയും ഇടപെടുന്ന ഒന്നായി ഇന്റര്‍നെറ്റും വേള്‍ഡ് വൈഡ് വെബ്ബും മാറുകയും ചെയ്തു. ഇപ്പോഴിതാ ആഗോള ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ എണ്ണം 390 കോടിയോളമായിരിക്കുന്നു.വേള്‍ഡ് വൈഡ് വെബ് മുപ്പതാം പിറന്നാളിനെ ടിം ബര്‍ണേഴ്സ് ലീ ഇന്റര്‍നെറ്റ് നേരിടുന്ന വ്യക്തികളുടെ സ്വകാര്യത നഷ്ടപ്പെടുന്നുവെന്ന സുപ്രധാന കാര്യം ലോകത്തെ ഓര്‍മ്മിപ്പിക്കാനുള്ള അവസരമായാണ് ഉപയോഗിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button