KeralaLatest News

ഡിഎം വിംസ് മെഡിക്കല്‍ കോളേജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരാംഗീകാരം

കൊച്ചി: ഡിഎം വയനാട് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിന് മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെയും കേന്ദ്ര കുടുംബാരോഗ്യ ക്ഷേമ മന്ത്രാലയത്തിന്റെയും സ്ഥിരാംഗീകാരം ലഭിച്ചു. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നിഷ്‌കര്‍ഷിച്ചിട്ടുള്ള എല്ലാ മാനദണ്ഡങ്ങളും പാലിച്ചതിന്റെ അടിസ്ഥാനത്തിലാണ് അംഗീകാരം. അദ്ധ്യാപകരുടെയും രോഗികളുടെയും എണ്ണം, മികച്ച പഠന സൗകര്യങ്ങള്‍, ലൈബ്രറി, വിദ്യാര്‍ത്ഥികള്‍ക്കും അദ്ധ്യാപകര്‍ക്കുമുള്ള താമസ സൗകര്യങ്ങള്‍ തുടങ്ങി ഒട്ടനവധി മേഖലകളിലെ മികച്ച പ്രവര്‍ത്തനങ്ങള്‍ ഈ അംഗീകാരത്തിന് ആധാരമായി. അടുത്ത 5 വര്‍ഷത്തേക്കുള്ള ഈ അംഗീകാരം നിലവില്‍ അദ്ധ്യയനം നടത്തി വരുന്ന വിദ്യാര്‍ത്ഥികള്‍ക്കും ഈ വര്‍ഷം ഹൗസ് സര്‍ജന്‍സി പൂര്‍ത്തിയാക്കുന്നവര്‍ക്കും വളരെയേറെ ഗുണകരമാകും.

ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ സാരഥി പത്മശ്രീ. ഡോ. ആസാദ് മൂപ്പന്‍ ചെയര്‍മാനായുള്ള ഡോ. മൂപ്പന്‍സ് അക്കാഡമിയുടെ കീഴില്‍ മെഡിക്കല്‍ കോളേജ് കൂടാതെ നഴ്സിംഗ്, ഫാര്‍മസി കോളേജുകളും പ്രവര്‍ത്തിച്ചു വരുന്നുണ്ട്. 2018 ല്‍ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് നടത്തിയ അവസാന വര്‍ഷ എം.ബി.ബി.എസ് പരീക്ഷയില്‍ 96 ശതമാനം വിജയം കരസ്ഥമാക്കി കൊണ്ട് കേരളത്തിലെ സ്വകാര്യ മെഡിക്കല്‍ കോളേജുകളില്‍ അഞ്ചാം സ്ഥാനത്തെത്താന്‍ ചുരുങ്ങിയ കാലം കൊണ്ട് സാധിച്ചുവെന്നത് ഈ അംഗീകാരത്തിന്റെ മാറ്റുകൂട്ടുന്നു. താമസിയാതെ ആരംഭിക്കുന്ന ബിരുദാനന്തര ബിരുദ കോഴ്സുകളുടെ നടത്തിപ്പിനും ഈ അംഗീകാരം ഏറെ സഹായകരമാകും.

മലയോര മേഖലയില്‍ പ്രവര്‍ത്തിച്ചുവരുന്ന പ്രസ്തുത മെഡിക്കല്‍ കോളേജില്‍ ഒട്ടനവധി സര്‍ക്കാര്‍ അനുബന്ധ ആരോഗ്യ പദ്ധതികള്‍ നടപ്പില്‍ വരുത്തിയതോടെ ആദിവാസി വിഭാഗങ്ങള്‍ അടക്കമുള്ള ജില്ലയിലെ ഒട്ടുമിക്ക ജനങ്ങള്‍ക്കും സൗജന്യ നിരക്കിലുള്ള ചികിത്സ പ്രദാനം ചെയ്യുവാന്‍ സാധിച്ചിട്ടുണ്ട്. ദേശീയ തലത്തിലുള്ള എന്‍.എ.ബി.എച്ച് അംഗീകാരം ലഭിച്ച കേരളത്തിലെ ആദ്യത്തെ മെഡിക്കല്‍ കോളേജ് എന്നതിനു പുറമെ മികച്ച സാമൂഹിക ഇടപെടലുകള്‍ക്കുള്ള ഫിക്കിയുടെയും, എ.എച്ച്.പി.ഐയുടെയും ദേശീയ അവാര്‍ഡുകളും ഡിഎം വിംസിന് ലഭിച്ചിട്ടുണ്ട്. 2013 ല്‍ ആരംഭിച്ച ആദ്യ എം.ബി.ബി.എസ് ബാച്ചിന്റെ ബിരുദദാനം 2019 ഏപ്രില്‍ 6 ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം നിര്‍വ്വഹിക്കും.

shortlink

Post Your Comments


Back to top button