Latest NewsArticle

പ്രിയങ്കക്ക് യു.പിയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ല : നരേന്ദ്ര മോദിയുടെ പിന്തുണ ഉയരുന്നു; ‘ മേം ഭി ചൗക്കിദാർ ‘ എന്ന മുദ്രാവാക്യവുമായി ബിജെപി – മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

ഉത്തർപ്രദേശിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങൾ കാണാതെ പോകാനാവില്ലല്ലോ. കോൺഗ്രസിന്റെ രക്ഷകയായി അവതരിപ്പിക്കപ്പെട്ട പ്രിയങ്ക വാദ്ര അവിടെ ഒന്നും ചെയ്യാനാവാതെ വട്ടം തിരിയുകയാണ്; അവർ നടത്തിയ ചില കരുനീക്കങ്ങളാവട്ടെ പ്രതിപക്ഷത്തെ മായാവതിയെയും മറ്റും വല്ലാതെ ദേഷ്യത്തിലാക്കുകയും ചെയ്തു. അതെ സമയം നരേന്ദ്ര മോദിയുടെ പ്രതിച്ഛായ വലിയ തോതിൽ വർധിച്ചുവെന്നും അത് ബിജെപിക്ക് ഏറെ സഹായകരമാവും എന്നുമാണ് രാഷ്ട്രീയ വിലയിരുത്തൽ. അതിനിടയിലാണ് “ഞാനും കാവൽക്കാരൻ ” (മേം ഭി ചൗക്കിദാർ) എന്ന മുദ്രാവാക്യവുമായി നരേന്ദ്ര മോഡി രംഗത്തിറങ്ങിയത്. അതാവട്ടെ ഒരൊറ്റ ദിവസം കൊണ്ട് വലിയ ചർച്ചാവിഷയമാവുകയാണ്.

അടുത്തിടെ പൊളിറ്റിക്കൽ സ്റ്റോക്ക് എക്സ്ചേഞ്ച് ( പിഎസ്ഇ) നടത്തിയ സർവേയിലാണ് യുപിയിൽ നരേന്ദ്ര മോദിയുടെ പിന്തുണ വലിയതോതിൽ വർധിക്കുന്നതായി കണ്ടത്. അത് പ്രചാരണം തുടങ്ങുന്ന ഈ വേളയിൽ 55 ശതമാനമായി വർധിച്ചു; അത്രയും യുപിക്കാർ വീണ്ടും മോഡി തന്നെ പ്രധാനമന്ത്രി ആവണമെന്ന് ആഗ്രഹിക്കുന്നു എന്നതാണത്. ഈ സർവേ ഫലത്തിന് വലിയ പ്രാധാന്യമുണ്ട്. യുപിയിലാണല്ലോ ബിജെപിയെ തകർക്കാനായി വലിയ സഖ്യം രൂപമെടുക്കുന്നു എന്ന അവകാശവാദമുള്ളത്. ബിഎസ്‌പി – സമാജ്‌വാദി സഖ്യത്തിനിടയിലും പ്രിയങ്ക വാദ്ര രക്ഷകയായി രംഗത്തിറങ്ങിയ ശേഷവും മോദിക്ക് ഇത്രമാത്രം പിന്തുണ ഉണ്ടെങ്കിൽ അത് ബിജെപിക്ക് സഹായകരമാവുകതന്നെ ചെയ്യും. ഇന്നത്തെ നിലക്ക് ഈ പിന്തുണ വോട്ടായി മാറിയാൽ അവിടെ ബിജെപിക്ക് ചുരുങ്ങിയത് 60 സീറ്റുകൾ ലഭിക്കാം. നാളെകളിൽ ആ ജനപിന്തുണ വർധിച്ചാൽ അത് അവരുടെ സീറ്റുകളുടെ എന്നതിൽ വർധന ഉണ്ടാവും.

priyanka gandhi
priyanka gandhi

ഇന്നത്തെ നിലക്ക് തങ്ങൾക്ക് അനുകൂലമാണ് സാഹചര്യം എന്ന് യു.പിയിലെ ബിജെപി സംസ്ഥാന നേതൃത്വം വിലയിരുത്തുന്നുണ്ട്. മായാവതിയും അഖിലേഷ് യാദവും ഒന്നിച്ചുവെങ്കിലും ശിവലാൽ യാദവ് സൃഷ്ടിക്കുന്ന ഭീഷണി ചെറുതല്ല. അദ്ദേഹം ചെറിയ പാർട്ടികളുമായി ചേർന്ന് ഒരു മുന്നണി തന്നെ ഉണ്ടാക്കിക്കഴിഞ്ഞു. അതിനും പുറമെയാണ് കോൺഗ്രസിന്റെ നീക്കങ്ങൾ. പടിഞ്ഞാറൻ ജ്യോതിരാദിത്യ സിന്ധ്യയും യുപിയിൽ കിഴക്കൻ യുപിയിൽ പ്രിയങ്കയുമാണ് രാഹുലിന്റെ പ്രതിനിധികളായി രംഗത്തുള്ളത്. അതിൽ സിന്ധ്യ ഏതാണ്ട് യു.പി വിടുന്ന മട്ടിലാണ്; സ്വന്തം മണ്ഡലത്തിൽ മത്സരിക്കാൻ അദ്ദേഹത്തിന് അവിടെയെത്തിയെ തീരൂ. എന്നാൽ അതിന് മുൻപായി കോൺഗ്രസിനെ മെച്ചപ്പെട്ട അവസ്ഥയിലെത്തിക്കാമെന്ന പ്രതീക്ഷ രണ്ടുപേർക്കും ഏതാണ്ടൊക്കെ ഇല്ലാതായിക്കഴിഞ്ഞു എന്നതാണ് സൂചനകൾ. ഒരു നല്ല പ്രാദേശിക കക്ഷിയെപ്പോലും കോൺഗ്രസിന് അവിടെ കൂടെ നിർത്താനായിട്ടില്ല. ആർക്കും വേണ്ടതായ, സീറ്റ് കിട്ടില്ലെന്ന് തീർച്ചയായി ചില മുൻ എംപിമാരെയും മുൻ എംഎൽഎമാരെയുമൊക്കെ അവർ ആഘോഷത്തോടെ കോൺഗ്രസിൽ ചേർത്തിരുന്നു. അതിലൊതുങ്ങി കോൺഗ്രസിന്റെ വിജയം.

ഇതിനിടയിൽ തന്നെ പ്രിയങ്ക വാദ്ര അവിടത്തെ രണ്ടു പരിപാടികൾ റദ്ദാക്കിയത് ചില ദു: സൂചനകളാണ് നൽകിയത്. പല പരിപാടികളിലും, പണം വാരിവിതറിയിട്ടും, ആളുകൾ എത്തിയില്ല. കോൺഗ്രസിന്റെ സംഘടന അത്രക്ക് മോശമാണ്. നിയജകമണ്ഡലം തലത്തിൽ പോലും സക്രിയമായ സംഘടനയുമില്ല. അതൊക്കെ എത്ര കഷ്ടപ്പെട്ടാലും ഈ തിരഞ്ഞെടുപ്പിന് മുൻപ് സൃഷ്ടിക്കുക അസാധ്യമാണ് എന്ന് പ്രിയങ്കയ്ക്ക് ബോധ്യമായിക്കഴിഞ്ഞു. അമേത്തി, റായ് ബറേലി എന്നീ രണ്ടു മണ്ഡലങ്ങളിൽ യഥാക്രമം രാഹുൽ, സോണിയ എന്നിവർ തോൽക്കാതെ എങ്ങിനെ നോക്കാം എന്നതിൽ ഒതുങ്ങിയിരുന്നു ആ ജനറൽ സെക്രട്ടറിമാരുടെ ഉദ്യമങ്ങൾ. അതും പ്രയാസകരമാവും എന്ന് വിലയിരുത്തുന്നവരെ യുപിയിൽ ഇന്ന് കാണാം. അമേത്തിയിൽ സ്മൃതി ഇറാനി അത്ര ശക്തമായ മത്സരമാണ് കാഴ്ചവെക്കുന്നത്.

ഇതിനിടെ ഭീം ആർമി തലവൻ ചന്ദ്രശേഖറെ പ്രിയങ്ക കണ്ടത് ഏറെ വിവാദമായി. മായാവതിയെ വെല്ലുവിളിച്ചുകൊണ്ട് രൂപീകൃതമായ ഭീം ആർമി യുമായി കോൺഗ്രസ് സഖ്യമുണ്ടാക്കിയാൽ പിന്നെ ആ പാർട്ടിയെ കണ്ടതായി നടിക്കില്ലെന്ന് മായാവതി മുന്നറിയിപ്പ് നൽകി. അതോടെ ആ നീക്കവും അവസാനിച്ച മട്ടിലായി. യഥാർഥത്തിൽ കോൺഗ്രസ് ഏറെക്കുറെ തനിച്ച് മത്സരിക്കുന്ന സ്ഥിതിയിലാണ് അവിടെ. അത് അവർക്ക് എത്ര സീറ്റുകൾ നേടിക്കൊടുക്കും എന്നത് കണ്ടുതന്നെ അറിയണം.

ഇതിനിടയിലാണ് ‘മേം ഭി ചൗക്കിദാർ ‘ എന്ന മുദ്രാവാക്യം മോഡി ഉന്നയിച്ചത് ഒറ്റനാൾ കൊണ്ട് വലിയ തോതിൽ പ്രചരിച്ചുകഴിഞ്ഞു. ‘ചൗക്കിദാർ ചോർ ഹേയ് ‘ എന്ന കോൺഗ്രസ് മുദ്രാവാക്യത്തെ ആക്രമിച്ചുകൊണ്ടും കോൺഗ്രസ് നേതാക്കളുടെ അഴിമതികൾ ഉയർത്തിക്കൊണ്ടുമാണ് ബിജെപി നീക്കം. ഈ മുദ്രാവാക്യം ഉയരുമ്പോൾ അത് കോൺഗ്രസിനെ പ്രത്യേകിച്ചും പ്രതിസന്ധിയിലാക്കും. സോണിയ പരിവാറിന്റെ അഴിമതികൾ കൂടുതലായി ജനമധ്യത്തിൽ എത്തിക്കുമെന്ന് തീർച്ച.

Tags

Post Your Comments

Related Articles


Back to top button
Close
Close