Latest NewsBusiness

ഫ്‌ളക്‌സിന് പകരം പരിസ്ഥിതി സൗഹൃദ ഇക്കോസൈന്‍സുമായി യൂണിവേഴ്‌സല്‍ പ്രോഡക്ട്‌സ്

കൊച്ചി•ഫ്‌ളക്‌സ് ഉപയോഗം നിരോധിച്ചു കൊണ്ടുള്ള ഹൈക്കോടതി വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഫ്‌ളക്‌സിന് പകരം വെയ്ക്കാവുന്ന പരിസ്ഥിതി സൗഹൃദ ഉല്‍പന്നവുമായി ബംഗളൂരു ആസ്ഥാനമായ യൂണിവേഴ്‌സല്‍ പ്രോഡക്ട്‌സ്. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് പ്രചാരണത്തിന് ഉപയോഗിക്കാവുന്നതാണ് കമ്പനി പുറത്തിറക്കിയ പൂര്‍ണമായും റീസൈക്കിള്‍ ചെയ്യാവുന്ന പിഇ ഇക്കോസൈന്‍സും ഇക്കോസൈന്‍സ് ബയോഡിഗ്രേഡബിള്‍ എന്ന ഉല്‍പന്നങ്ങളെന്ന് യൂണിവേഴ്‌സല്‍ പ്രോഡക്ട്‌സ് മാനേജിംഗ് ഡയറക്ടര്‍ ദീപന്‍ മെഹ്ത്ത വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്യത്ത് തന്നെ ആദ്യമായാണ് ഫ്‌ളക്‌സിന് പകരം വെയ്ക്കാവുന്ന ഇത്തരമൊരു ഉത്പന്നമെന്ന് അദ്ദേഹം പറഞ്ഞു. ഇവ 100% പിവിസി വിമുക്തവും 100% റീസൈക്കിള്‍ ചെയ്യാവുന്നതുമാണെന്ന് ഐഎസ്/ഐഎസ്ഒ 15985 റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഇവ മാരകമായ വാതകങ്ങള്‍ പുറത്തുവിടുന്നില്ലെന്നതിന് ശാസ്ത്രീയമായ തെളിവുകളുണ്ട്. അതു കൊണ്ട് തന്നെ മനുഷ്യര്‍ക്കും പരിസ്ഥിതിക്കും യാതൊരു വിധ ദോഷവും ഉണ്ടാക്കില്ലെന്നും ദീപന്‍ മെഹ്ത്ത കൂട്ടിച്ചേര്‍ത്തു. കേരളത്തില്‍ കണ്ണൂര്‍ ഉള്‍പ്പെടെയുള്ള ചില ജില്ലകളിലും കര്‍ണാടക, ഛത്തീസ്ഗഡ് തുടങ്ങി ചില സംസ്ഥാനങ്ങളിലും ഇക്കോസൈന്‍സ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.

2020-ഓടെ റീസൈക്കിള്‍ ചെയ്യാനാകാത്ത വസ്തുക്കളും ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കും നിരോധിക്കുന്നതിന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം ഖരമാലിന്യ സംസ്‌കരണം സംബന്ധിച്ച നയം പാസ്സാക്കിയിട്ടുണ്ട്. ഇതില്‍ പിവിസി ഫ്‌ളക്‌സിന് പകരമായി റീസൈക്കിള്‍ ചെയ്യാവുന്ന പോളിയെത്‌ലീന്‍ (പിഇ) ഉപയോഗിക്കേണ്ടതാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് യാതൊരുവിധ ദോഷഫലങ്ങളും ഇല്ലെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുള്ള പിഇ ഇക്കോസൈന്‍സിന്റെ പ്രസക്തി വര്‍ധിക്കുന്നതെന്നും ദീപന്‍ മെഹ്ത്ത പറഞ്ഞു. ഇപ്പോള്‍ തന്നെ നിരവധി കോര്‍പ്പറേറ്റുകളും അഡ്വറ്റൈസിംഗ്, പ്രിന്റിങ് ഏജന്‍സികള്‍ പിഇ ഇക്കോസൈന്‍സ് ഉപയോഗിച്ചുവരുന്നുണ്ട്. ഇത് പരിസിഥിതി സൗഹൃദമാണെന്നതിന് പുറമേ ഇതില്‍ ചെയ്യുന്ന പ്രിന്റ് കൂടുതല്‍ തെളിമയുള്ളതാണെന്നും ദിപന്‍ മെഹ്ത്ത പറഞ്ഞു.

ഇക്കോസൈന്‍സ് ബയോഡീഗ്രേഡബിള്‍ വെറും 68 ദിവസം കൊണ്ട് ഭാഗികമായും 14 മുതല്‍ 15 മാസത്തിനുള്ളില്‍ പൂര്‍ണമായും പ്രകൃതിയില്‍ അലിഞ്ഞുചേരുന്നതുമാണ്. നിലവില്‍ പ്രതിദിനം 5 അടി വീതിയില്‍ 40,000 ചതുശ്രമീറ്റര്‍ ഇക്കോസൈന്‍സ് ഉത്പാദിപ്പിക്കാനുള്ള ശേഷി കമ്പനിക്കുണ്ട്. ഇത് താമസിയാതെ 10.5 അടി വീതിയില്‍ 1,20,000 ചതുശ്ര മീറ്ററായി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും ദീപന്‍ മെഹ്ത്ത പറഞ്ഞു.

പരിസ്ഥിതി സംരക്ഷണമെന്ന ആശയത്തോടെയാണ് നൂതനമായ ഈ ഉല്‍പന്നവുമായി യൂണിവേഴ്‌സല്‍ പ്രോഡക്ട്‌സ് രംഗത്തുവന്നതെന്ന് ദീപന്‍ മെഹ്ത്ത പറഞ്ഞു. എല്ലാ കോര്‍പ്പറേറ്റുകളും ഈയോരു ആശയം മുന്‍നിര്‍ത്തി തങ്ങളുടെ പ്രചാരണങ്ങള്‍ക്ക് പരിസ്ഥിതി സൗഹൃദ ഉല്‍പന്നമായ ഇക്കോസൈന്‍സ് ഉപയോഗിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button