Latest NewsArticle

”ബുരാ ന മാനോ ഹോളി ഹെ!”

ശിവാനി ശേഖര്‍

#ആയിരേ ഹോളി ആയിരേ…രംഗോം കി ബാരിഷ് ലായിരേ. വസന്താഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് ‘ഹോളി’! വര്‍ണ്ണങ്ങള്‍ കൊണ്ടൊരു മഴ! അതില്‍ മതിമറന്നൊരു ജനത! അതാണ് ഉത്തരേന്ത്യയ്ക്ക് ഹോളി.ചെറിയവനെന്നോ, വലിയവനെന്നോ വ്യത്യാസമില്ലാതെ,പഞ്ചാബിയെന്നോ, ഗുജറാത്തിയെന്നോ,മലയാളിയെന്നോ വ്യത്യാസമില്ലാതെ,ബന്ധുവെന്നോ,ശത്രുവെന്നോ വ്യത്യാസമില്ലാതെ എല്ലാവരും ഒരേ മനസ്സോടെ നിറങ്ങളില്‍ മുങ്ങി നിവരുന്ന വര്‍ണ്ണക്കാഴ്ചയാണ് ഹോളി!

ഉത്തരേന്ത്യയുടെ നിരത്തുകളില്‍ വര്‍ണ്ണമഴ പെയ്യിക്കുന്ന നിറങ്ങളുടെ ഈ ഉത്സവം ശീതകാലത്തിന്റെ മടങ്ങിപ്പോക്കിലൂടെ വിരുന്നെത്തുന്ന വസന്തത്തിന്റെ ഓര്‍മ്മപ്പെടുത്തലാണ്.ഇനി വഴിയോരക്കാഴ്ചകളെല്ലാം വസന്തത്തിന്റെ നൂല്‍ തുന്നിയതാവും.നിരത്തുകളിലും മാര്‍ക്കറ്റുകളിലും നിറയെ വിവിധ നിറങ്ങളും ബലൂണുകളും കുട്ടികളെ ആകര്‍ഷിക്കാന്‍ ‘പിച്ക്കാരി'(പീച്ചാംകുഴല്‍)കളുമായി ഉത്തരേന്ത്യന്‍ സമൂഹം ആഘോഷത്തിമിര്‍പ്പിലാണ്. ഒരാഴ്ച്ച മുന്‍പേ തുടങ്ങുന്ന ആഘോഷങ്ങളില്‍ ഏറ്റവും പ്രധാനം ‘ ഹോളികാ ദഹന്‍’ അഥവാ ഹോളികാ ദഹനമാണ്.ഹോളിയുടെ തലേനാളായ ചെറിയ ഹോളിയില്‍ രാത്രിയിലാണ് പരമപ്രധാനമായ ഹോളികയെ കത്തിക്കുന്ന ചടങ്ങ് നടക്കുന്നത്..കാലത്തുള്ള പ്രധാന പൂജകള്‍ കഴിഞ്ഞാല്‍ വൈകുന്നേരം വിറകുകള്‍ ഉയരത്തില്‍ അടുക്കി വെച്ച് പനിനീര്‍ തളിച്ച് നെല്‍നാമ്പുകള്‍ കൊരുത്തുവെച്ച് ചുറ്റിനും ചുവന്ന നൂലുകെട്ടി ഹോളികയെന്ന സങ്കല്പത്തില്‍ പൂജ ചെയ്ത് തീ കൊളുത്തുന്നു.. സ്ത്രീജനങ്ങള്‍ ചുറ്റിനും നൃത്തമാടുന്നതോടെ തിന്മയുടെ മേല്‍ നന്മ വിജയം നേടുന്ന ആഘോഷത്തിന്റെ തുടക്കമായി. അടുത്ത ദിവസം സ്ത്രീ-പുരുഷഭേദമില്ലാതെ നിറങ്ങളില്‍ നീരാടാന്‍ കുടുംബസമേതം എല്ലാവരും പുറത്തേക്കിറങ്ങുന്നു.വിശേഷാല്‍ പലഹാരമായ ‘ഗുജിയ’യും ‘ഭാംഗ്’ എന്നറിയപ്പെടുന്ന ലഹരിപദാര്‍ത്ഥവും ഹോളിയുടെ ആഘോഷങ്ങളില്‍ ഒഴിച്ചു കൂടാനാവാത്തതാണ്.

ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും,തകര്‍ന്ന ബന്ധങ്ങള്‍ പുഃനസ്ഥാപിക്കാനുമാണ് ഹോളി ഉത്സവം പ്രധാനമായും കാരണമാവുന്നത്.ഫാല്‍ഗുനിയിലെ പൂര്‍ണ്ണിമയില്‍ പൂര്‍ണ്ണചന്ദ്രദര്‍ശനത്തോടെയാണ് ഹോളിമുഹൂര്‍ത്തം തുടങ്ങുന്നത്..ആടിയും പാടിയും മധുരപലഹാരങ്ങള്‍ വിതരണം ചെയ്തും വസന്തത്തെ വരവേല്ക്കാനൊരുങ്ങുകയാണ്ഓരോരുത്തരും.ഇന്ന് ഇന്ത്യയൊട്ടാകെയും ഏഷ്യയിലെയും യൂറോപ്പിലെയും ചില രാജ്യങ്ങളിലും ഹോളി ഒരാവേശമായി മാറിയിട്ടുണ്ട്.

അതീവവിഷ്ണുഭക്തനായ പ്രഹ്‌ളാദനുമായി ബന്ധപ്പെട്ട കഥയാണ് ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ളത്. അസുരരാജാവായ ഹിരണ്യകശിപു മൂന്നു ലോകങ്ങളും പിടിച്ചടക്കിയ അഹങ്കാരത്തില്‍ പൂര്‍വ്വവൈരിയായ മഹാവിഷ്ണുവിനെ തോല്പിക്കാനൊരുങ്ങി.എന്നാല്‍ വിഷ്ണുഭക്തനായ പുത്രന്‍ പ്രഹ്‌ളാദന്‍ വിഘ്‌നം നില്ക്കുകയും ചെയ്തു.മഹാവിഷ്ണുവിനോടുള്ള അന്ധമായ പകയില്‍ ഹിരണ്യകശിപു പ്രഹ്‌ളാദനെ കൊല്ലാനായി സഹോദരി ഹോളികയെ ചുമതലപ്പെടുത്തി.പല പരീക്ഷണങ്ങള്‍ക്കും അവസാനം അഗ്‌നിയില്‍ പ്രവേശിച്ചാല്‍ മരിക്കുകയില്ലെന്ന് അഗ്‌നിദേവന്‍ നല്കിയ വരബലത്തില്‍ ഹോളിക പ്രഹ്‌ളാദനുമായി അഗ്‌നികുണ്ഡത്തിലേയ്ക്കു ചാടുകയും മഹാവിഷ്ണുവിന്റെ മായയാല്‍ പ്രഹ്‌ളാദന്‍ രക്ഷപ്പെടുകയും ഹോളിക അഗ്‌നിക്കിരയാകുകയും ചെയ്തു.തിന്മയുടെ മേല്‍ നന്മ വിജയം കൈവരിച്ച ഈ സംഭവമാണ് ഹോളികാദഹനത്തിനാധാരം!

രാധാകൃഷ്ണപ്രണയത്തെ അധിഷ്ഠിതമാക്കിയാണ് വൃന്ദാവനത്തില്‍ ഹോളി ആഘോഷിക്കുന്നത്.വൃന്ദാവനത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച ശുഭ്രവസ്ത്രധാരികളായ വിധവകള്‍ ഹോളിദിനത്തില്‍ മഴവില്‍നിറങ്ങളില്‍ നീരാടി പനിനീര്‍പ്പൂക്കളുടെ സൗരഭ്യം നുകര്‍ന്ന് തങ്ങളുടെ ഒറ്റപ്പെടലില്‍ നിന്നും തല്ക്കാലത്തേയ്‌ക്കെങ്കിലും മുക്തി നേടുന്നതാണ്. ശിവപാര്‍വതി പ്രണയത്തിന് കാരണഭൂതനായ കാമദേവനോടുള്ള ആരാധനയാണ് ഹോളിയെന്ന മറ്റൊരു കഥയും നില നില്ക്കുന്നുണ്ട്.

shortlink

Post Your Comments


Back to top button