Kerala

വെസ്റ്റ് നൈല്‍ പനി: കണ്ണൂർ ജില്ലയില്‍ ജാഗ്രതാ നിര്‍ദേശം

കണ്ണൂർ: വെസ്റ്റ് നൈല്‍ പനി ബാധിച്ച് ചികിത്സയിലിരുന്ന മലപ്പുറം സ്വദേശിയായ കുട്ടി മരിച്ച സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ നാരായണ നായ്ക് അറിയിച്ചു. സാധാരണ വൈറല്‍ പനിക്ക് ഉണ്ടാവുന്ന കണ്ണുവേദന, പനി, ശരീരവേദന, തലവേദന, ഛര്‍ദ്ദി, വയറിളക്കം, ചര്‍മ്മത്തിലെ തടിപ്പുകള്‍ എന്നിവയാണ് വെസ്റ്റ് നൈല്‍ പനിയുടെ ലക്ഷണങ്ങള്‍. രോഗബാധ ഏല്‍ക്കുന്ന ഒരു ശതമാനത്തില്‍ താഴെ പേര്‍ക്ക് മസ്തിഷക വീക്കം പോലുള്ള ഗുരുതര ലക്ഷണങ്ങളും ഉണ്ടാകാം.

ഡെങ്കിപ്പനിക്കും മറ്റും കാരണമാകുന്ന ഫ്ലാവി വൈറസ് വിഭാഗത്തില്‍ പെട്ട ഈ രോഗാണുക്കള്‍ പക്ഷികളിലാണ് കാണപ്പെടുന്നത്. രാത്രികാലങ്ങളില്‍ കടിക്കുന്ന ക്യൂലക്സ് വിഭാഗത്തില്‍പെട്ട കൊതുകുകളിലൂടെ ഈ രോഗാണു പക്ഷികളില്‍ നിന്നും മനുഷ്യരിലെത്തുന്നു. മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് ഈ രോഗം സാധാരണ പകരുകയില്ല. രോഗബാധിതരില്‍ നിന്നും രക്ത-അവയവ ദാനത്തിലൂടെയും അമ്മയില്‍ നിന്നും കുഞ്ഞിനും ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിനും അപൂര്‍വ്വമായി രോഗം ബാധിക്കാം. 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരിലും ഡയബറ്റിസ്, കാന്‍സര്‍, രക്തസമ്മര്‍ദ്ദം, കിഡ്നി രോഗങ്ങളുള്ളവരിലും വൈറസ് ബാധ ഗുരുതരമാകാം.

കൊതുകുകടിയിലൂടെ പകരുന്നതിനാല്‍ കൊതുക്വല ഉപയോഗിച്ചും ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രം ധരിച്ചും കൊതുകിനെ അകറ്റുന്ന തിരികളും ലേപനങ്ങളും ഉപയോഗിച്ചും രോഗത്തെ പ്രതിരോധിക്കേണ്ടതാണ്. കൊതുക് വളരാനിടയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. ദേശാടനപ്പക്ഷികള്‍ കൂടുതല്‍ കാണപ്പെടുന്ന സ്ഥലങ്ങളിലും കൊതുകിന്റെ സാന്ദ്രത കൂടിയ സ്ഥലങ്ങളിലും ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button