KeralaLatest NewsFunny & Weird

ജനസാഗരത്തിലേക്കിരച്ചെത്തിയ ആംബുലന്‍സിന് നിമിഷങ്ങള്‍ക്കകം വഴിയൊരുക്കി; വൈറല്‍ വീഡിയോ!

കേരളത്തിലെങ്ങും പൂരങ്ങള്‍ പൊടിപാറുകയാണ്. അമ്പലങ്ങളും പള്ളികളുമെല്ലാം ഉത്സവലഹരിയിലും. അത്തരമൊരു പൂരത്തിനിടയില്‍ അവിചാരിതമായി നടന്ന ചില നിമഷങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. മണ്ണാര്‍ക്കാട് ശ്രീ അരക്കുറിശ്ശി ഉദയാര്‍ക്കുന്ന് ഭഗവതി ക്ഷേത്രത്തിന്റെ പൂരത്തിനിടെ കഴിഞ്ഞ ദിവസമാണ് സംഭവം നടക്കുന്നത്. മണ്ണാര്‍ക്കാട് പൂരമെന്ന് അറിയപ്പെടുന്ന ഈ ഉത്സവത്തിന് തൃശൂര്‍പൂരത്തിന്റെ അത്രതന്നെ ആഘോഷമാണ് ഉണ്ടാവാറുള്ളത്.
നടുറോഡിലൂടെ പതിയെ നീങ്ങുകയാണ് ഗാനമേളസംഘത്തിന്റെ തുറന്ന വാഹനം. അത്യുച്ചത്തില്‍ പാട്ടുമുഴങ്ങുന്ന വാഹനത്തിനു പിന്നാലെ റോഡ് നിറഞ്ഞ് നൃത്തം ചവിട്ടി നീങ്ങുകയാണ് ആയിരങ്ങള്‍. മിന്നിത്തിളങ്ങുന്ന ലൈറ്റ് ഷോകള്‍ക്കിടയിലൂടെ ബോളീവുഡ് സൂപ്പര്‍ഹിറ്റ് ഗാനത്തിനൊത്ത് ചാടി മറിയുകയാണ് യുവാക്കള്‍. ഒരു കാല്‍നടയാത്രക്കാരനു പോലും കടന്നു പോകാനാവാത്ത വിധം ജനം തിങ്ങി നിറഞ്ഞ റോഡ്. ഇരുവശങ്ങളിലും തിങ്ങിനിറഞ്ഞ് ആയിരക്കണക്കിന് കാഴ്ചക്കാര്‍.

പെട്ടന്നാണ് അവിചാരിതമായി അത് സംഭവിച്ചത്. ഒരു ആംബുലന്‍സ് സൈറണ്‍ മുഴക്കി പാഞ്ഞു വരുന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്ക് മുകളിലും മറ്റും കാഴ്ചക്കാരായി നിന്നവരില്‍ തെല്ലൊരത്ഭുതവും ആശങ്കയും ഉടലെടുത്തു, ഈ ജനസാഗരത്തെ ഭേദിച്ച് ആംബുലന്‍സ് എങ്ങനെ കടന്നു പോകും. ഉത്സവ തിമിര്‍പ്പില്‍ മതിമറന്നാടുന്ന യുവാക്കള്‍ എങ്ങനെയാണ് ഈ സന്ദര്‍ഭത്തെ കൈകാര്യം ചെയ്യുക എന്ന് പലരും ഒരു നിമിഷമെങ്കിലും ചിന്തിച്ചു. ആംബുലന്‍സിലുള്ളവരുടെ അവസ്ഥ അതെന്തുതന്നെയായലും കഷ്ടം തന്നെ എന്ന് പലരും ഉള്ളില്‍ പറഞ്ഞു. എല്ലാത്തിനെയും നിഷേധമനോഭാവത്തോടെകാണുന്ന, ഒന്നു പറഞ്ഞ് രണ്ടിന് അടിയും കത്തികുത്തും മതിയെന്നു കരുതുന്ന യുവത്വത്തിന്റെ മുഖങ്ങളെയായിരുന്നു ആ ജന സാഗരത്തില്‍ പലരും കണ്ടത്. എന്നാല്‍ ചുറ്റും കൂടിയവരുടെ സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കുമെല്ലാം നിമിഷ നേരത്തെ ആയുസ്സേ ഉണ്ടായിരുന്നുള്ളൂ. അലച്ചു തല്ലി കരയിലേക്കടുത്ത തിരമാല അതിലും വേഗത്തില്‍ ഉള്‍വലിയുന്ന കാഴ്ച, അതേ അവസ്ഥയാണ് പിന്നീടാ പൂരക്കടലിന് സംഭവിച്ചത്.

ഞൊടിയിടകള്‍ക്കുള്ളിലാണ് രോഗിയെയയും കൊണ്ട് വന്ന ആംബുലന്‍സിന് വഴി ഒരുങ്ങിയത്. കണ്ടതില്‍ വെച്ച് ഏറ്റവും ഹൃദ്യമായ ദൃശ്യമാണ് കൂടിനിന്ന പൂരപ്രേമികള്‍ക്ക് മുന്നില്‍ അരങ്ങേറിയത്. അത്യാസന്ന നിലയിലുള്ള രോഗികളെയും കൊണ്ട് കുതിച്ചു പായുന്ന ആംബുലന്‍സുകള്‍ക്ക് മുന്നിലൂടെ വാഹനങ്ങളോടിച്ചു മാര്‍ഗതടസമുണ്ടാക്കുന്നവര്‍ ഇതൊന്ന് കാണണമെന്നും, മനുഷ്യത്വം മരിച്ചിട്ടില്ലാത്ത ഒരുകൂട്ടം ആളുകളും നാടും ഇവിടെയുണ്ടെന്നുമാണ് വീഡിയോ കണ്ട ഏവരുടെയും പ്രതികരണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button