Latest NewsInternational

ബ്രെക്‌സിറ്റ് : ബ്രിട്ടണ്‍ പ്രധാനമന്ത്രി തെരേസ മേ രാജി വെച്ചേക്കുമെന്ന് സൂചന

ലണ്ടന്‍ : ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടുന്നതുമായി ബന്ധപ്പെട്ട ബ്രെക്‌സിറ്റ് കരാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി തെരേസ മേ രാജിവെച്ചേക്കുമെന്ന് സൂചന. ബ്രെക്‌സിറ്റ് വിഷയം പ്രധാനമന്ത്രി തെരേസ മേയില്‍ നിന്നു നിയന്ത്രണമേറ്റെടുത്തു പാര്‍ലമെന്റ്. വിഷയത്തില്‍ ഇനി തീരുമാനമെടുക്കുന്നതു സര്‍ക്കാരല്ല, പാര്‍ലമെന്റായിരിക്കുമെന്ന പ്രമേയം 27 വോട്ടുകളുടെ ഭൂരിപക്ഷത്തിനു പാസ്സായതോടെയാണു നാടകീയ വഴിത്തിരിവ്. പ്രമേയത്തെ എതിര്‍ത്തു 302 പേരും അനുകൂലിച്ച് 329 പേരും വോട്ടു ചെയ്തു. തീരുമാനത്തില്‍ പ്രതിഷേധിച്ച് 3 മന്ത്രിമാര്‍ രാജി വച്ചു. കണ്‍സര്‍വേറ്റിവ് എംപിമാരുടെ ഔദ്യോഗിക കൂട്ടായ്മയായ ‘1922 സമിതി’യുമായി മേ ഇന്നു കൂടിക്കാഴ്ച നടത്തുന്നുണ്ട്. രാജി സംബന്ധിച്ച സൂചന നല്‍കാനാണിതെന്നു സംശയിക്കുന്നു.

ബ്രിട്ടന് അധികം പരുക്കേല്‍ക്കാതെയുള്ള ബ്രെക്‌സിറ്റും രണ്ടാം ഹിതപരിശോധനയുമുള്‍പ്പെടെ സാധ്യതകളും ഇന്നു പാര്‍ലമെന്റില്‍ വോട്ടിനിടും. യൂറോപ്യന്‍ യൂണിയനു(ഇയു)മായി ചര്‍ച്ചയ്ക്കുപോലും പറ്റാത്ത സാധ്യതകളാകും പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ഉരുത്തിരിയുകയെന്ന ആശങ്ക മേ വ്യക്തമാക്കിക്കഴിഞ്ഞു. ബ്രെക്‌സിറ്റ് ഒരു വര്‍ഷത്തേക്കു നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടു നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാര്‍ട്ടി (ഡിയുപി) തെരേസ മേയെ ഞെട്ടിച്ചിട്ടുമുണ്ട്. 10 ഡിയുപി എംപിമാരുടെ പിന്തുണയോടെയാണു സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്.

മാര്‍ഗരറ്റ് താച്ചര്‍ പ്രധാനമന്ത്രിയായിരുന്നപ്പോള്‍ അവരുടെ ഉദ്യോഗസ്ഥ സംഘത്തിലുണ്ടായിരുന്ന മുതിര്‍ന്ന കണ്‍സര്‍വേറ്റിവ് എംപി ഒലിവര്‍ ലെറ്റ്വിന്‍ ആണു ബ്രെക്‌സിറ്റിനെയും ബ്രിട്ടനെയും രക്ഷിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നു മേ വിരുദ്ധ കലാപം നയിക്കുന്നതെന്നും ശ്രദ്ധേയമാണ്

shortlink

Related Articles

Post Your Comments

Related Articles


Back to top button