Latest NewsKerala

കുട്ടികളുടെ നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരെ തേടി സംസ്ഥാന വ്യാപക റെയ്ഡ്; 21 പേർ അറസ്റ്റിൽ

തിരുവനന്തപുരം•കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ കണ്ടെത്താനായി കേരളാ പോലീസ് സംസ്ഥാന വ്യാപകമായി കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡിൽ 21 പേർ അറസ്റ്റിലായി. 12 ജില്ലകളിലായി 45 സ്ഥലങ്ങളിലാണ് റെയ്ഡ് നടത്തിയത്. ഇതിൽ 29 സ്ഥലങ്ങളിൽ നിന്ന് ലാപ്‌ടോപ്പ്, മൊബൈൽ ഫോണുകൾ, ഹാർഡ് ഡിസ്‌ക്, യു.എസ്.ബി ഡ്രെവ് മുതലായവ പിടിച്ചെടുത്തിട്ടുണ്ട്. ഓപ്പറേഷൻ പി-ഹണ്ട് എന്നാണ് റെയ്ഡിന് പേര് നൽകിയിരിക്കുന്നത്. നഗ്നചിത്രങ്ങൾ പ്രചരിപ്പിക്കുന്നവരുടെയും കാണുന്നവരുടെയും ലോഗ് വിവരങ്ങൾ ഉൾപ്പെടെ കൃത്യമായി മനസ്സിലാക്കാൻ കേരളാ പോലീസിനുള്ള സാങ്കേതിക സംവിധാനം ഉപയോഗിച്ചാണ് നടപടി സ്വീകരിച്ചതെന്ന് സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. ഇത്തരം ചിത്രങ്ങൾ പ്രചരിപ്പിക്കുന്ന 84 പേരെ കണ്ടെത്താനും ധാരാളം ഗ്രൂപ്പുകൾ മനസ്സിലാക്കാനും ഈ അന്വേഷണത്തിലൂടെ കഴിഞ്ഞു. ഫെയ്‌സ്ബുക്ക്, വാട്ട്‌സ്ആപ്പ്, ടെലിഗ്രാം എന്നീ സാമൂഹിക മാധ്യമങ്ങളിലൂടെയും ഇൻ്റർനെറ്റ് മുഖേനയും ആണ് ചിത്രങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കണ്ടെത്തി. ഈ സംവിധാനം ഉപയോഗിച്ചുള്ള നിരീക്ഷണവും റെയ്ഡും കേരളാ പോലീസ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

റെയ്ഡിനെ തുടർന്ന് 26 കേസുകൾ രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം നഗരത്തിൽ അഞ്ച് സ്ഥലങ്ങളിൽ റെയ്ഡ് നടത്തുകയും മൂന്നു പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ആലപ്പുഴയിൽ ഏഴു സ്ഥലങ്ങളിലും എറണാകുളം റൂറലിൽ അഞ്ച് സ്ഥലങ്ങളിലും തൃശൂർ സിറ്റിയിലും മലപ്പുറത്തും നാലു സ്ഥലങ്ങളിലും തൃശൂർ റൂറൽ, കൊല്ലം സിറ്റി, കൊല്ലം റൂറൽ, കോഴിക്കോട് റൂറൽ എന്നിവിടങ്ങളിൽ രണ്ടു സ്ഥലങ്ങളിലുമാണ് റെയ്ഡ് നടന്നത്. മലപ്പുറത്ത് നാലും തിരുവനന്തപുരം സിറ്റിയിൽ മൂന്നും കൊല്ലം സിറ്റി, കൊല്ലം റൂറൽ, ആലപ്പുഴ, എറണാകുളം സിറ്റി, എറണാകുളം റൂറൽ എന്നിവിടങ്ങളിൽ രണ്ടു വീതവും കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയുന്നതിന് സംസ്ഥാന പോലീസ് രൂപം നൽകിയ പ്രത്യേക വിഭാഗത്തിന്റെ മേൽനോട്ടത്തിൽ സൈബർ ഇന്റലിജൻസ് വിഭാഗം നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹൈടെക് സെല്ലും കേരളാ പോലീസ് സൈബർ സെല്ലും ചേർന്നാണ് ജില്ലാ പോലീസ് മേധാവിമാരുടെ സഹായത്തോടെ വിവിധ ജില്ലകളിൽ റെയ്ഡ് നടത്തിയത്. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ ഹൈടെക്ക് സെൽ ഇൻസ്‌പെക്ടർ സ്റ്റാർമോൻ പിള്ള, സൈബർഡോം എസ്.ഐ എസ്.പി പ്രകാശ്, സൈബർ ഇൻ്റലിജൻസ് ഡിവിഷൻ, വിവിധ ജില്ലകളിലെ പോലീസ് ഉദ്യോഗസ്ഥർ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.

കുട്ടികളുടെ നഗ്നചിത്രങ്ങളും വീഡിയോകളും കാണുന്നതും ശേഖരിക്കുന്നതും പ്രചരിപ്പിക്കുന്നതും അഞ്ച് വർഷം വരെ തടവും 10 ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന ക്രിമിനൽ കുറ്റമാണ്. ഇത്തരം സംഭവങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ സൈബർ ഡോമിനെയോ സൈബർസെല്ലിനെയോ ഹൈടെക് സെല്ലിനെയോ അറിയിക്കണമെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാം അഭ്യർത്ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button