KeralaLatest News

നികുതി അടയ്ക്കുന്നതില്‍ വീഴ്ച; കെഎസ്ആര്‍ടിസിക്ക് വീണ്ടും തിരിച്ചടി

തിരുവനന്തപുരം: നികുതി അടയ്ക്കാത്തതിനെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സിയുടെ അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന മൂന്ന് സ്‌കാനിയ ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു.ബെംഗളൂരു, മൂകാംബിക, കണ്ണൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസുകള്‍ പിടിച്ചതോടെ സര്‍വീസ് മുടങ്ങി നൂറിലേറെ യാത്രക്കാര്‍ ദുരിതത്തിലായി. 7 ബസുകള്‍ക്ക് നോട്ടിസ് നല്‍കി. ഓരോ ബസിനും 1.2 ലക്ഷം രൂപ വീതമാണ് നികുതി കുടിശിക.

മുംബൈ ആസ്ഥാനമായ കമ്പനിയില്‍ നിന്ന് വാടകയ്ക്ക് എടുത്ത ബസുകളാണ് പിടിച്ചെടുത്തത്. പത്ത് സ്‌കാനിയ ബസുകളും പത്ത് ഇലക്ക്രിക് ബസുകളുമാണ് കെ.എസ്.ആര്‍.ടി.സി വാടകയ്ക്ക് എടുത്തിട്ടുള്ളത്. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടില്‍ അപകടത്തില്‍പ്പെട്ട സ്‌കാനിയ ബസിന്റെ ഇന്‍ഷുറന്‍സ് രേഖകള്‍ പരിശോധിക്കാനായി തമിഴ്‌നാട് മോട്ടോര്‍വാഹനവകുപ്പ് ആവശ്യപ്പെട്ടപ്പോഴാണ് രേഖകളില്ലെന്ന കാര്യം വ്യക്തമായത്. തിരുവനന്തപുരത്താണു ബസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നത്. തുടര്‍ന്ന് തമിഴ്‌നാട് അധികൃതര്‍ കേരള മോട്ടോര്‍വാഹനവകുപ്പിനു വിവരം കൈമാറുകയായിരുന്നു. അതേസമയം, ബസുകള്‍ നികുതിയടയ്ക്കാത്ത സംഭവം മോട്ടോര്‍വാഹനവകുപ്പ് അറിയിച്ചിരുന്നില്ലെന്ന് കെഎസ്ആര്‍ടിസി വൃത്തങ്ങള്‍ പറഞ്ഞു.

ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടും ബസുകള്‍ നികുതി അടയ്ക്കാഞ്ഞതിനെ തുടര്‍ന്നാണ് ബസുകള്‍ പിടിച്ചെടുത്തതെന്ന് മോട്ടോര്‍ വാഹനവകുപ്പ് വ്യക്തമാക്കി. മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തവ വൈകിട്ട് 3.15ന് ബംഗളുരുവിലേക്കും നാല് മണിക്ക് മൂകാംബികയിലേക്കും അഞ്ച് മണിക്ക് ബംഗളുരുവിലേക്കും പുറപ്പെടേണ്ടിയിരുന്ന ബസുകളാണ്. ഇതോടെ റിസര്‍വേഷന്‍ ചെയ്ത യാത്രക്കാര്‍ ദുരിതത്തിലായി.അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്കായാണ് കെ.എസ്.ആര്‍.ടി.സി സ്‌കാനിയ ബസുകള്‍ വാടകയ്ക്ക് എടുത്തത്. ഇന്ധന ചെലവ് കെ.എസ്.ആര്‍.ടി.സി വഹിക്കണം. ഒരു കിലോമീറ്ററിന് 23.30 രൂപ വീതം സ്വകാര്യ കമ്പനിക്ക് നല്‍കണം. അറ്റകുറ്റപ്പണിയും ജീവനക്കാരുടെ ശമ്പളവും സ്വകാര്യ കമ്പനി വഹിക്കും എന്നാണ് വ്യവസ്ഥ.

shortlink

Related Articles

Post Your Comments

Related Articles


Back to top button