Latest NewsArticleIndia Tourism SpotsTravelWriters' Corner

പോരുന്നോ പത്തനംതിട്ടയിലേയ്ക്ക്

ശിവാനി ശേഖര്‍

പോരുന്നുണ്ടെങ്കിൽ വേഗം കയറിക്കോ!ജാലകക്കാഴ്ചകൾ കണ്ട് കണ്ട് നമുക്കൊന്നു പത്തനംതിട്ട വരെ പോയിവരാം.നോക്കെത്താ ദൂരത്തോളം കുന്നുകൾ കണ്ടാൽ,തലയെടുപ്പുള്ള വനവൃക്ഷങ്ങളുടെ സമൃദ്ധി കണ്ടാൽ,വഴികൾ വളഞ്ഞു തിരിഞ്ഞു പിടിതരാതെ തെന്നി മാറുന്നതു കണ്ടാൽ,ഓരോ മൂലയിലും ഒരമ്പലമോ പള്ളിയോ കണ്ടാൽ,റബ്ബർ മരങ്ങളുടെ നീണ്ടനിര കണ്ടാൽ ഊഹിച്ചോളൂ നിങ്ങൾ പത്തനംതിട്ടയിൽ എത്തിയിരിക്കുന്നു.

ദക്ഷിണഭാഗീരഥിയുടെ കുളിരോളങ്ങളിൽ മുങ്ങിക്കുളിച്ച് ലക്ഷോപലക്ഷം ഭക്തജനങ്ങൾക്ക് പുണ്യം പകർന്ന് തലയെടുപ്പോടെ നില്ക്കുന്ന “ശബരിമല തിരുനെറ്റിക്കലയായി സൂക്ഷിക്കുന്ന നാട്!!ലോകമെമ്പാടും പ്രശസ്തിയാർജ്ജിച്ച പരിപാവനമായ “ആറന്മുളക്കണ്ണാടി”യുടെ നാട്! തിരുവോണത്തോണിയുടെയും ഉത്തൃട്ടാതി ജലോത്സവത്തിന്റെയും,വള്ളസദ്യയുടെയും ആവേശത്തിമിർപ്പിലലിയുന്ന നാട്!200ൽപ്പരം വർഷങ്ങളുടെ പഴക്കമുള്ള ആറന്മുള കൊട്ടാരം സ്ഥിതി ചെയ്യുന്ന നാട്! ആനക്കൂട്ടങ്ങളുടെ കുട്ടിക്കുറുമ്പുകളും പരിശീലനമുറകളും കാണാൻ ക്ഷണിക്കുന്ന “കോന്നി ആനക്കൂട്”സ്ഥിതി ചെയ്യുന്ന നാട്.കുട്ടവഞ്ചികൾക്ക് പേര് കേട്ട നാട്.വേലുത്തമ്പിദളവയുടെ അന്ത്യനിമിഷങ്ങൾക്ക് സാക്ഷിയായ” മണ്ണടി” ചരിത്രത്തിലേയ്ക്കാനായിച്ച നാട്!പ്രസിദ്ധമായ “മഹാത്മാ ഖാദി ആശ്രമം” മഹാത്മാവിന്റെ നിർദ്ദേശപ്രകാരം സ്ഥാപിക്കപ്പെട്ട നാട്!പെരുന്തേനരുവിയുടെ താളപ്പെരുക്കങ്ങളിൽ ഉറങ്ങിയുണരുന്ന നാട്!തെയ്യം കലകളോട് സാദൃശ്യം പുലർത്തുന്ന ദൈവീകകലയായ “പടയണി”ക്കോലങ്ങൾ അനുഗ്രഹവർഷം ചൊരിയുന്ന നാട്!പന്തളം കൊട്ടാരത്തിലെ രാജശീലങ്ങൾ അടുത്തറിയുന്ന നാട്.പ്രകൃതി സൗന്ദര്യം കനിഞ്ഞനുഗ്രഹിച്ച “ഗവി”യുടെ ഭാഗ്യം സിദ്ധിച്ച നാട്!പരുമലപ്പളിയുടെ പാവനസാന്നിധ്യം പുണ്യമേകിയ നാട്!

കേരളത്തിലെ സമീപകാല രാഷ്ട്രീയ സാഹചര്യങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നാമമാണ് പത്തനംതിട്ട!ലോകപ്രശസ്തമായ “ശബരിമല”യുടെ പുണ്യം പുതച്ച് കാനനഭംഗിയുടെ വശ്യതയും,പച്ചപ്പും മായാത്ത ഹൃദയവുമായി സഹ്യശിഖരിയുടെ മടിത്തട്ടിലെ അഭൗമസൗന്ദര്യം.കൊടും ചൂടിലും മഴയുടെ താളങ്ങൾ വിരിയുന്ന ഭൂമിക.കാർഷികസമൃദ്ധിയുടെ കേദാരം. കാർഷികവിളകളും,നാണ്യവിളകളും ജീവനാഡിയാക്കിയ മണ്ണ്!അതാണ് പത്തനംതിട്ട!!

കേരളത്തിന്റെ “”തീർത്ഥാടക തലസ്ഥാനം””എന്നറിയപ്പെടുന്ന പത്തനംതിട്ടയുടെ ഏറ്റവും വലിയ പ്രത്യേകത മതസൗഹാർദ്ദമാണ്!.ഗ്രാമാന്തരങ്ങളിൽ പോലും ഇത്രയധികം പള്ളികളും,അമ്പലങ്ങളുമുള്ള നാട് വേറെയുണ്ടോ എന്നു പോലും സംശയമാണ്.ഓരോ ആഘോഷങ്ങളുടെ ഒരുമയോടെ ആഘോഷിക്കുന്നവർ!ഇവിടെ പമ്പയുടെ തീരത്താണ് അതിപ്രശസ്തവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ ക്രിസ്തുമത കൺവെൻഷനുമായ മാരാമൺ കൺവെൻഷൻ നടക്കുന്നത്.ഇവിടെയാണ് കേരളത്തിലെ ഏറ്റവും വലിയ ഹിന്ദുമതസമ്മേളനമായ ചെറുകോൽപ്പുഴ ഹിന്ദുമത സമ്മേളനം നടക്കുന്നത്.ഇവിടെയാണ് മുസ്ലിംമത വിശ്വാസികളുടെ പ്രസിദ്ധമായ ജുമാമസ്ജിദ് ചന്ദനക്കുടം മഹോത്സവം നടക്കുന്നത്.ഈ മൂന്നും മതാഘോഷങ്ങളും ഒരുപോലെ നെഞ്ചിലേറ്റുന്നവരാണ് പത്തനംതിട്ട നിവാസികൾ.

മധ്യതിരുവിതാംകൂറിന്റെ ഹൃദയഭാഗത്ത് കൊല്ലം,ആലപ്പുഴ കോട്ടയം,ഇടുക്കി,ജില്ലകളും കിഴക്ക് തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പത്തനംതിട്ട ജലസമൃദ്ധിയുടെ കാര്യത്തിലും സമ്പന്നമാണ്.പുണ്യപമ്പയുടെ നിരവധി കൈവഴികൾക്കൊപ്പം,അച്ചൻകോവിലാർ,മണിമലയാർ,കല്ലടയാറിന്റെ കൈവഴികൾ എന്നിവയാണ് പ്രധാനമായ ജലസ്രോതസ്സുകൾ.കേരളത്തിലെ ജലവൈദ്യുതപദ്ധതിയ്ക്കാവശ്യമായ ഊർജ്ജത്തിന്റെ മൂന്നിലൊന്ന് ഉല്പാദിപ്പിക്കുന്നത് പത്തനംതിട്ടയിലെ മണിയാർ,മൂഴിയാർ,കക്കി ഡാമുകളിൽ നിന്നുമാണ്.വിദ്യാഭ്യാസസ്ഥാപനങ്ങളുടെ എണ്ണത്തിലായാലും സർക്കാർ ആശുപത്രികളുടെ എണ്ണത്തിലായാലും, പത്തനംതിട്ട മുൻപന്തിയിൽ തന്നെ!!

1982 നവംബർ ഒന്നിനാണ് പത്തനംതിട്ട ജില്ല രൂപീകരിച്ചത്. നിയമസഭാസാമാജികനായി 2006 വരെ സേവനമനുഷ്ഠിച്ച ശ്രീ കെ.കെ നായർ അന്നത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ശ്രീ.കെ കരുണാകരുന് നല്കിയ പിന്തുണയുടെ പ്രത്യുപകാരമായിരുന്നു പത്തനംതിട്ട ജില്ലയെന്ന സ്വപ്നസാക്ഷാത്ക്കാരം. നിരവധി സ്വാതന്ത്ര്യസമരസേനാനികളെയും, കവിവര്യരെയും,രാഷ്ട്രീയ സാംസ്ക്കാരികമേഖലയിള്ളവരെയും കേരളത്തിന് സംഭാവന ചെയ്തു പത്തനംതിട്ട.എം എൻ ഗോവിന്ദൻ നായർ,കെ സി മാമ്മൻ മാപ്പിള,വർഗീസ് മാപ്പിള,സരസകവി മൂലൂർ പദ്മാനഭ പണിക്കർ,നിത്യചൈതന്യയതി,മോഹൻലാൽ,കവിയൂർ പൊന്നമ്മ,ആറന്മുള പൊന്നമ്മ,കടമ്മനിട്ട രാമകൃഷ്ണൻ,വെണ്ണിക്കുളം ഗോപാലക്കുറുപ്പ് തുടങ്ങിയവർ അവരിൽ ചിലർ മാത്രം. പഴയകാല ഗുഹാലിഖിതങ്ങളും, ചുമർചിത്രകലയും,ശില്പചാതുരിയും പോലെയുള്ള ചരിത്ര അവശേഷിപ്പിക്കളുടെ കലവറയായ പത്തനംതിട്ടയെക്കുറിച്ച് പറയാനാണെങ്കിൽ ഒരുപാടുണ്ട്.പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര വിശേഷങ്ങൾ!!

Tags

Related Articles

Post Your Comments


Back to top button
Close
Close