KeralaLatest NewsConstituency

മലപ്പുറത്ത് തീ പാറിക്കാന്‍ ഒരുങ്ങി മുസ്ലീം ലീഗും എല്‍ഡിഎഫും

മലപ്പുറം: മലപ്പുറം എന്ന് കേട്ടാല്‍ മുസ്ലീം ലീഗെന്ന പാര്‍ട്ടി മനസില്‍ വരുന്നവരെ തെറ്റ് പറയാനാവില്ല. അതാണ് മലപ്പുറത്തിന്റെ ചരിത്രം. ഈ മണ്ഡലത്തിന് രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ മറിച്ചൊരു ചിന്തയില്ല. മുസ്ലിം ലീഗിന്റെ വന്‍കോട്ടയായ മലപ്പുറത്ത് യു.ഡി.എഫിന് വെല്ലുവിളികളില്ല. അതുകൊണ്ടു തന്നെ കഴിഞ്ഞ മൂന്നു തെരഞ്ഞെടുപ്പുകളിലും കാര്യമായ ചലനമുണ്ടാക്കാന്‍ മലപ്പുറത്ത് ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടില്ല. 2009 ല്‍ മണ്ഡല പുനഃക്രമീകരണം നടന്നപ്പോള്‍ നിലവില്‍ വന്ന പുതിയ മണ്ഡലമാണ് മലപ്പുറം. നേരത്തെയുണ്ടായിരുന്ന മഞ്ചേരി മണ്ഡലത്തിന്റെ പ്രധാന ഭാഗങ്ങളാണ് മലപ്പുറത്തേക്ക് വന്നത്. മഞ്ചേരിയില്‍ 2004 ല്‍ നടന്ന അവസാന തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനെ ഞെട്ടിച്ച് സി.പി.എം അട്ടിമറി നടത്തിയിരുന്നു. എന്നാല്‍ ആ തെരഞ്ഞെടുപ്പോടെ മഞ്ചേരി മണ്ഡലം ഇല്ലാതായത് ഇടതുമുന്നണിക്ക് തിരിച്ചടിയായി. യു.ഡി.എഫിന് വലിയ ഭൂരിപക്ഷമുള്ള നിയമസഭാ മണ്ഡലങ്ങള്‍ ചേര്‍ത്താണ് മലപ്പുറം മണ്ഡലം രൂപീകരിച്ചത്.

നിലവില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി പ്രതിനിധീകരിക്കുന്ന മലപ്പുറം മണ്ഡലത്തില്‍ യു.ഡി.എഫിന് ലഭിക്കാറുള്ളത് ലക്ഷങ്ങളുടെ ഭൂരിപക്ഷമാണ്. കേരളത്തില്‍ തന്നെ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ആദ്യ സ്ഥാനങ്ങളില്‍ നില്‍ക്കുന്ന മണ്ഡലമാണിത്. ഇത്തവണയും അതിശക്തരാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. മുസ്ലീം ലീഗില്‍ നിന്ന് പി കെ കുഞ്ഞാലിക്കുട്ടിയും എല്‍ഡിഎഫില്‍ നിന്ന് വി.പി സാനുവും ബിജെപിയില്‍ നിന്ന് വി ഉണ്ണിക്കൃഷ്ണനുമാണ് ഇവിടെ മത്സരിക്കുന്നത്. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളതും മലപ്പുറത്താണ്.

വി. പി സാനു

അട്ടിമറി സ്വപ്നങ്ങളുമായാണ് എസ്.എഫ്.ഐ ദേശീയ പ്രസിഡന്റ് വി.പി സാനു മലപ്പുറത്ത് ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയായെത്തുന്നത്. ഏറെ ആവേശത്തോടെയാണ് പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരാവാദിത്വത്തെ കാണുന്നതെന്ന് സാനു പറഞ്ഞു. വലിയൊരു മാറ്റത്തിനുവേണ്ടി മലപ്പുറം കാതോര്‍ക്കുകയാണ്. മലപ്പുറത്തെ ഇടത് വിജയം ബാലികേറാ മലയൊന്നുമല്ല. വിജയിക്കാന്‍ വേണ്ടിത്തന്നെയാണ് താന്‍ മത്സരിക്കുന്നതെന്നാണ് വി.പി സാനുവിന്റെ പക്ഷം. മുന്‍കാലങ്ങളില്‍ എസ്.എഫ്.ഐ നേതാക്കള്‍ സംസ്ഥാനത്ത് അട്ടിമറി വിജയം നേടിയിട്ടുണ്ടെന്നും സാനു വിലയിരുത്തുന്നു.

മലപ്പുറം വളാഞ്ചേരി മുക്കില്‍പീടിക സ്വദേശിയായ സാനു ബാലസംഘത്തിലൂടെയാണ് പൊതുപ്രവര്‍ത്തനരംഗത്ത് എത്തുന്നത്. മുന്‍കാല എസ്.എഫ്.ഐ നേതാക്കന്മാരില്‍ നിന്ന് വ്യത്യസ്തമായി ഏറെ പെട്ടന്നാണ് സാനുവിനെ തേടി ഉയര്‍ന്ന സ്ഥാനങ്ങള്‍ എത്തിയത്. എസ്.എഫ്.ഐയില്‍ പ്രായപരിധി നടപ്പാക്കുന്നതിന് മുന്‍പുതന്നെ ബാലസംഘം ജില്ലാ പ്രസിഡന്റായിരുന്ന വി.പി സാനുവിനെ നേരിട്ട് എസ്.എഫ്.ഐ മലപ്പുറം ജില്ലാ പ്രസിഡന്റാക്കിയിരുന്നു. തുടര്‍ന്ന് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയായിരിക്കെ കാലിക്കറ്റ് സര്‍വകലാശാലയിലെ നിരാഹാര സമരത്തിന് നേതൃത്വം നല്‍കിയതോടെ സാനു ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു.

തുടര്‍ന്ന് നടന്ന എസ്.എഫ്.ഐ സംസ്ഥാന സമ്മേളനത്തില്‍ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന വി.പി സാനു അപ്രതീക്ഷിതമായി സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍ മാസങ്ങള്‍ മാത്രമേ സാനു ആ സ്ഥാനത്ത് തുടര്‍ന്നുള്ളു. വൈകാതെ നടന്ന ദേശീയ സമ്മേളനത്തില്‍ സാനു എസ്.എഫ്.ഐ ദേശീയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. ദേശീയ തലത്തില്‍ എസ്.എഫ്.ഐ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനിടെയാണ് സാനുവിനെ തേടി ലോക്സഭാ സ്ഥാനാര്‍ത്ഥിത്വം എത്തുന്നത്. സാനുവിനെ പോലൊരു യുവ സ്ഥാനാര്‍ത്ഥിയുടെ സാന്നിദ്ധ്യം മണ്ഡലത്തില്‍ ചെറിയ മുന്നേറ്റമെങ്കിലും സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന പ്രതീക്ഷയിലാണ് സി.പി.എം ക്യാമ്പ്.

പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറത്തുകാരുടെ സ്വന്തം കുഞ്ഞാപ്പയാണ് കുഞ്ഞാലിക്കുട്ടി. ഏത് പ്രശ്‌നങ്ങളിലും കൂടെ നിന്ന് പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കുന്ന കുഞ്ഞാലിക്കുട്ടി മലപ്പുറത്തുകാരുടെ പ്രിയങ്കരനാണ്. കേരള രാഷ്ട്രീയത്തില്‍ ചാണക്യനെന്ന് വിളിക്കപ്പെട്ട രാഷ്ട്രീയക്കാരന്‍. കടുത്ത ആരോപണങ്ങളെ രാഷ്ട്രീയമായി നേരിട്ട് വീണ്ടും അധികാരത്തിലേറിയ വ്യക്തി. പാണ്ടിക്കടവത്ത് കുഞ്ഞാലിക്കുട്ടി മന്ത്രിയായി, എം.എല്‍.എയായി ഇപ്പോള്‍ എംപിയുമായിരിക്കുന്നു. മന്ത്രിയായാലും എം.എല്‍.എ ആയാലും മലപ്പുറത്തുകാര്‍ക്കും പാര്‍ട്ടിക്കാര്‍ക്കും കുഞ്ഞാലിക്കുട്ടി എന്നും കുഞ്ഞാപ്പയാണ്. വളരെയധികം വിവാദങ്ങള്‍ നേരിട്ട നേതാവും കുഞ്ഞാലിക്കുട്ടിയാണ്. വ്യക്തിപരമായി അത്രമേല്‍ സമൂഹ മധ്യത്തില്‍ ക്രൂശിക്കപ്പെട്ട നേതാവാണ് കുഞ്ഞാലിക്കുട്ടി. എന്നാല്‍ അവയെല്ലാം അതിജീവിച്ച് മുന്നേറുന്ന ചരിത്രമാണ് മലപ്പുറത്തിന്റെ മണ്ണില്‍ കുഞ്ഞാലിക്കുട്ടിക്കുള്ളത്. അതുകൊണ്ടു തന്നെയാണ് കുഞ്ഞാലിക്കുട്ടിയെ മുസ്ലീം ലീഗിന്റെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

സമാധാനത്തിന്റെ ഗോപുരമായ പാണക്കാട് തങ്ങള്‍ കുടംബത്തോടൊപ്പം നിന്ന് രാഷ്ട്രീയ ജാതി മത ചിന്തകള്‍ക്കതീതമായി തന്റെ കര്‍മ്മമണ്ഡലങ്ങളില്‍ നിറസാന്നിധ്യമായാണ് കുഞ്ഞാലിക്കുട്ടി ജനശ്രദ്ധേയനായത്. മുസ്ലിം ലീഗിന്റെ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയും കേരളത്തിന്റെ വ്യവസായമന്ത്രിയുമായിരുന്നു പി.കെ. കുഞ്ഞാലിക്കുട്ടി. 2011ല്‍ വേങ്ങര നിയോജകമണ്ഡലത്തില്‍നിന്നു തിരഞ്ഞെടുക്കപ്പെട്ടു. 2001 -2005ല്‍ കേരളത്തിന്റെ വ്യവസായ മന്ത്രിയായിരുന്നു. 2016 ലെ നിയമസഭാതിരഞ്ഞെടുപ്പു തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത്, ഉമ്മന്‍ ചാണ്ടി നേതൃസ്ഥാനം ഒഴിഞ്ഞപ്പോള്‍ യുഡിഎഫിന്റെ നിര്‍ബന്ധപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. കോഴിക്കോട് ഐസ്‌ക്രീം പാര്‍ലര്‍ പെണ്‍വാണിഭക്കേസില്‍ ഉള്‍പ്പെട്ടു എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് അദ്ദേഹം രാജി വച്ചത്. 2003ല്‍ കുഞ്ഞാലിക്കുട്ടി വ്യവസായമന്ത്രി ആയിരുന്നപ്പോഴാണ് കൊച്ചിയില്‍ ആഗോള നിക്ഷേപക സംഗമം നടന്നത്. 2017 മാര്‍ച്ച് 1 നു മുസ്ലിം ലീഗ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി ആയി തിരഞ്ഞെടുക്കപ്പെട്ടു. നിലവില്‍ മലപ്പുറം എംപിയാണ് കുഞ്ഞാലിക്കുട്ടി. തന്റെ ചിരകാല ബന്ധങ്ങള്‍ കൈമുതലാക്കിയാണ് തെരഞ്ഞെടുപ്പ് പ്രചരണ രംഗത്ത് കുഞ്ഞാലിക്കുട്ടി മുന്നേറുന്നത്.

വി. ഉണ്ണികൃഷ്ണന്‍

കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പില്‍ കോട്ടയ്ക്കല്‍ നിയോജകമണ്ഡലത്തിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയായിരുന്ന വി. ഉണ്ണികൃഷ്ണന്‍ പ്രചാരണരംഗത്ത് സാന്നിധ്യമറിയിച്ചു കഴിഞ്ഞു. എബിവിപിയുടെയും ദേശീയ അധ്യാപക പരിഷത്തിന്റെയും സംസ്ഥാന പ്രസിഡന്റായി മണ്ഡലത്തില്‍ മുഴുവന്‍ ബന്ധങ്ങളുള്ളയാളാണ് ബിജെപി സ്ഥാനാര്‍ഥിയായ വി. ഉണ്ണിക്കൃഷ്ണന്‍. 2016 ല്‍ കോട്ടയ്ക്കല്‍ നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. അധ്യാപക സംഘടനാ നേതാവായുള്ള മണ്ഡല പരിചയമാണ് വി ഉണ്ണിക്കൃഷ്ണന്റെ ഏറ്റവും വലിയ കരുത്ത്. കൂടാതെ ആചാര സംരക്ഷണത്തിനായുള്ള ഉണ്ണിക്കൃഷ്ണന്റെ പ്രവര്‍ത്തനങ്ങളും തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം.

shortlink

Related Articles

Post Your Comments

Related Articles


Back to top button