KeralaLatest NewsElection NewsCandidatesElection 2019

കോട്ടയം കാക്കന്‍ എന്‍ഡിഎയ്ക്ക് തുണ പി.സി തോമസ്

പണ്ടു മുതലേ യുഡിഎഫ് മണ്ഡലമാണു കോട്ടയം.മുന്‍ കേന്ദ്ര മന്ത്രി പി.സി. തോമസ് അങ്കത്തട്ടിലെത്തിയതോടെ എന്‍ഡിഎ ക്യാംപ് ഉണര്‍ന്നു. ബിജെപി വോട്ടുകള്‍ക്കു പുറമെ പി.സി. തോമസിന്റെ വ്യക്തിപരമായ വോട്ടുകളും ലഭിക്കുമെന്നു മുന്നണി കരുതുന്നു. കോണ്‍ഗ്രസ് നേതാവായിരുന്ന പി. ടി. ചാക്കോയുടെ മകന് യുഡിഎഫ് വോട്ടുകളില്‍ ഒരു വിഹിതം കിട്ടുമെന്നും പ്രതീക്ഷയുണ്ട്.

കെ.എം മാണിയുമായി തെറ്റി 2004 ല്‍ എന്‍.ഡി.എ പിന്തുണയോടെ പി.സി തോമസ് ലോക്‌സഭയിലേക്ക് മത്സരിക്കുമ്പോള്‍ കേരളത്തില്‍ ഏറ്റവും ശക്തമായ ത്രികോണമത്സരം നടന്ന മണ്ഡലമായിരുന്നു മൂവാറ്റുപുഴ. പഴയ നേതാവ് കെ.എം മാണിയുടെ മകന്‍ ജോസ്. കെ. മാണിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിക്കൊണ്ട് പി.സി തോമസ് വിജയിച്ചു. കേരളത്തില്‍ നിന്ന് എന്‍.ഡി.എ പിന്തുണയോടെ ലോക്‌സഭയിലേക്ക് മത്സരിച്ച് ജയിച്ച ഏക വ്യക്തി കൂടിയാണ് പി.സി തോമസ്. 2004 ല്‍ മൂവാറ്റുപുഴ ലോക്‌സഭ മണ്ഡലത്തില്‍ ഇടത് വലത് മുന്നണികളെ അട്ടിമറിച്ച് എന്‍.ഡി.എ പിന്തുണയോടെ പി സി തോമസ് ജയിച്ചുകയറുമ്പോള്‍ കേരളത്തിലെ മുന്നണി രാഷ്ട്രീയ സംവിധാനത്തെ ഞെട്ടിച്ച ഒരു വിജയമായിരുന്നു അത്

കെ. എം മാണി കഴിഞ്ഞാല്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ അമരക്കാരന്‍- അതായിരുന്നു ഒരു കാലത്ത് പി.ടി ചാക്കോയുടെ മകന്‍ പി.സി തോമസ്. 1989 മുതല്‍ മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് തുടര്‍ച്ചയായി ലോക്‌സഭയിലേക്ക്. പാര്‍ട്ടിയില്‍ പിന്‍ഗാമി മകനാകണമെന്ന് കെ.എം മാണി തീരുമാനിച്ചപ്പോള്‍ പി.സി ഇടഞ്ഞു. 2004ല്‍ മൂവാറ്റുപുഴ ജോസ് കെ. മാണിക്ക് നല്‍കാന്‍ തീരുമാനിച്ചതോടെ പി.സി തോമസ് പാര്‍ട്ടി വിട്ട് ഒറ്റയ്ക്ക് മത്സരിച്ചു. പിന്തുണയ്ക്കാന്‍ എന്‍.ഡി.എയും. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.എം ഇസ്മായിലും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് കെ. മാണിയും തോറ്റു. പി.സി തോമസിന് 529 വോട്ടിന്റെ ഭൂരിപക്ഷം.

കേരളത്തില്‍ നിന്ന് എന്‍.ഡി.എ പിന്തുണയില്‍ വിജയിച്ച ഏക എം.പി വാജ്‌പേയി സര്‍ക്കാരില്‍ മന്ത്രിയായി. ഇതിനിടയില്‍ തോമസിന്റെ എം.പി സ്ഥാനം ഹൈക്കോടതി റദ്ദാക്കി. വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മതവികാരം ചൂഷണം ചെയ്തുവെന്ന് ചൂണ്ടികാട്ടി എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.എം ഇസ്മയില്‍ നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു വിധി. ഈ വിധി ശരിവെച്ച് സുപ്രീംകോടതി തോമസിന് അയോഗ്യത കല്‍പിക്കുമ്പോഴേക്കും സഭയുടെ കാലാവധി പൂര്‍ത്തിയായിരുന്നു.

മണ്ഡലങ്ങള്‍ പുനര്‍ നിര്‍ണയിച്ചപ്പോള്‍ മൂവാറ്റുപുഴ ഇല്ലാതായി. പി.സി തോമസ്, ജോസഫ് ഗ്രൂപ്പിലൂടെ കേരള കോണ്‍ഗ്രസിലേക്ക് മടങ്ങി. മാണി ഗ്രൂപ്പില്‍ ലയിക്കാന്‍ ജോസഫ് തീരുമാനിച്ചപ്പോള്‍ പിണങ്ങിയ പി സി, എല്‍.ഡി.എഫ് ബന്ധമുപേക്ഷിച്ച് വീണ്ടും എന്‍.ഡി.എയിലെത്തി.കോട്ടയം മണ്ഡലത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളും ഉള്‍പ്പെടുന്ന മൂവാറ്റുപുഴയെ ലോക്‌സഭയില്‍ 20 വര്‍ഷം പി.സി. തോമസ് പ്രതിനിധാനം ചെയ്തു. റബര്‍ അടക്കമുള്ള കാര്‍ഷിക പ്രശ്‌നങ്ങളില്‍ നടത്തിയ ഇടപെടലുകള്‍ ഗുണമാകുമെന്നും കരുതുന്നു. സാധാരണക്കാരുടെ കൂടെനില്‍ക്കുന്ന വ്യക്തിത്വമാണു പി.സി. തോമസ് എന്നു ബിജെപി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള പറയുന്നു

ശബരിമല യുവതീ പ്രവേശത്തിനെതിരെ നടന്ന പ്രതിഷേധത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത് കോട്ടയത്താണ്. ശബരിമലയുടെ അയല്‍ജില്ലയില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നതു ബിജെപിക്ക് അനിവാര്യമാണ്. വിശ്വാസികളുടെ പിന്തുണ ലഭിക്കുമെന്നു ബിജെപി കരുതുന്നു. അതേ സമയം റബര്‍ വിലയിടിവു കേന്ദ്ര സര്‍ക്കാരിനെതിരെ തിരിച്ചടിക്കുമെന്നു ബിജെപി ഭയക്കുന്നു. കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിലൂടെ നടത്തിയ വികസന പ്രവര്‍ത്തനങ്ങളും വോട്ടാക്കാമെന്നാണു മറ്റൊരു പ്രതീക്ഷ.

ഈസ്റ്റ് കോസ്റ്റ് ഡെയ്ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Tags

Related Articles

Post Your Comments


Back to top button
Close
Close