Latest NewsArticle

ശബരിമല: കോൺഗ്രസിനെ എങ്ങനെ വിശ്വാസികൾ വിശ്വസിക്കും ? എന്തൊക്കെയാണ് വോട്ടെടുപ്പ് വേളയിൽ പരിഗണിക്കപ്പെടുക ലോകസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ഒരു ലേഖന പരമ്പര- മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു : ഭാഗം : 1

മറ്റൊരു പൊതു തിരഞ്ഞെടുപ്പിന് വേദി ഒരുങ്ങിക്കഴിഞ്ഞപ്പോൾ ആർ എന്ത് പറഞ്ഞാണ് വോട്ട് അഭ്യര്ഥിക്കുന്നത് എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നുവരുമല്ലോ. കേരളത്തിൽ പ്രത്യക്ഷമായിട്ടും പരോക്ഷമായിട്ടും വിലയിരുത്തപ്പെടുന്ന അനവധി വിഷയങ്ങളുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് പ്രളയവും ശബരിമലയുമാണ്. എന്നാൽ ‘ശബരിമല’ എന്ന് ഉച്ചരിച്ചുകൂടാ എന്ന ഒരു പ്രശ്നം കേരളത്തിലെ സ്ഥാനാർത്ഥികൾ അഭിമുഖീകരിക്കുന്നുണ്ട് എന്നത് ശരിയാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്കാണ് അതിന് കാരണം. പക്ഷെ അതുകൊണ്ട് ശബരിമലയിലെ പ്രശ്നങ്ങൾ മലയാളികളിൽ നിന്ന് കോടാനുകോടി അയ്യപ്പ ഭക്തരിൽ നിന്ന് ഒളിച്ചോടിപ്പോകുമോ?. ഇല്ല എന്ന് എല്ലാവർക്കുമറിയാം. ഓരോ വിധത്തിലുള്ള എതിർപ്പുകൾ പ്രകടിപ്പിക്കുമ്പോഴും അത് ഓരോ വിധത്തിൽ ഇന്നാട്ടിൽ ചർച്ചചെയ്യപ്പെടുകയാണ്, ഭക്തരുടെ മനസിലേക്ക് ഓടി എത്തുകയാണ്. ഒരർഥത്തിൽ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനും നില ജില്ലാ കളക്ടർമാരുമൊക്കെ നടത്തിയ ‘ഇടപെടലുകൾ ‘ ശബരിമലയെയും അയ്യപ്പനെയും ആചാരലംഘനത്തെയും മറ്റും ഹിന്ദു -അയ്യപ്പ ഭക്ത മനസുകളിൽ സജീവമാക്കാൻ സഹായിച്ചു എന്ന് കരുതുന്ന ഒരാളാണ് ഞാൻ. ഇന്ത്യയിൽ ഒരു പൊതു തിരഞ്ഞെടുപ്പ് നടക്കുമ്പോൾ എന്തൊക്കെയാണ് പ്രധാന പ്രശ്നങ്ങൾ എന്നതാണ് ഈ ലേഖന പരമ്പരയിൽ വിശകലനം ചെയ്യുന്നത്. അതിന്റെ ആദ്യ ഭാഗമാണിത്.

sabarimala

ശബരിമല എന്നത് പറയണ്ട എന്ന് തന്നെ തീരുമാനിക്കുക. എന്നാൽ ഇവിടത്തെ ഒരു മഹാക്ഷേത്രത്തിൽ ആചാരങ്ങൾ ലംഘിക്കാൻ പോലീസിനെയും നിരീശ്വര വാദികളായ ആക്ടിവിസ്റ്റുകളെയും ഉപയോഗിച്ച വിഷയം, അതിനെ എതിർത്തവരെ പോലീസിനെയും നിയമത്തെയും ഉപയോഗിച്ച് അടിച്ചമർത്തിയതും, ആ ഭക്തന്മാർക്കെതിരെ കള്ളക്കേസുകൾ ചുമത്തിയതും ജയിലിലടച്ചതും ക്രൂരമായി പെരുമാറിയതുമൊക്കെ നമ്മുടെ സമാജത്തിൽ ചർച്ച ചെയ്യപ്പെടാതെ പോകുമോ?. ഇത് മലയാളികളല്ലേ; അവർക്ക് അതൊക്കെ മറക്കാനാവുമോ? ആരൊക്കെ എന്തൊക്കെ നിരോധനം ഏർപ്പെടുത്തിയാലും ഭക്തൻ ചിലതൊന്നും മറക്കില്ല, ചിലതൊക്കെ വിസ്മരിക്കാൻ അവർക്കാവില്ല; കാരണം അതൊക്കെ അവരുടെ ഹൃദയത്തിൽ തങ്ങിനിൽക്കുന്നതാണ്.

ഇത് ശബരിമലയുടെ കാര്യമാണ്. അത് എഴുന്നള്ളിച്ചുകൂടാ എന്നതാണ് നിബന്ധനയായി വരുന്നത്. അതിനേക്കാൾ മതപരമായിരുന്നല്ലോ അയോധ്യയിലെ രാമക്ഷേത്ര പ്രശ്നം. കാശിയിലെ കാശിവിശ്വനാഥ ക്ഷേത്ര പുനരുദ്ധാരണം അതുപോലെ തന്നെ ഹിന്ദുക്കൾക്ക് പ്രധാനപ്പെട്ടതല്ലേ. ബാബ്‌റി മസ്ജിദ് എന്ന് ചിലർ പറയുന്ന തർക്കമന്ദിരം എന്നും തിരഞ്ഞെടുപ്പ് വിഷയമായിട്ടില്ലേ…. …. ഇപ്പോഴും അത് ചർച്ച ചെയ്യപ്പെടുന്നില്ലേ ?. അപ്പോൾ പിന്നെ ശബരിമലക്ക് മാത്രമെന്താണ് ഒരു വിലക്ക്, നിരോധനം?. സുപ്രീം കോടതി തീർപ്പ് കൽപ്പിച്ച ഓർത്തഡോക്സ്- ജാക്കോബൈറ്റ് പള്ളിക്കേസുകൾ ഇന്നും ചർച്ചചെയ്യുന്നില്ലേ?. സർക്കാർ തന്നെ അതിൽ ഇടപെടുന്നു, പരസ്യമായിട്ട്. അക്കാര്യത്തിൽ ഇനി കേസ് എന്ന് പറഞ്ഞുകൊണ്ട് ഒരു കോടതിയിലും പോയിക്കൂടാ എന്ന് സുപ്രീം കോടതി കഴിഞ്ഞ ദിവസം വിധി പ്രസ്താവിച്ചതാണ്. എന്നിട്ടും അത് ചർച്ചാ വിഷയമാക്കുന്നില്ലേ?. അപ്പോൾ ‘ സെലെൿറ്റീവ് ‘ ആണ്‌ തീരുമാനങ്ങൾ നിലപാടുകൾ എന്നൊക്കെ ചിലരിലെങ്കിലും തോന്നലുണ്ടാക്കുന്നെങ്കിൽ, തോന്നിപ്പിക്കുന്നുവെങ്കിൽ, കുറ്റപ്പെടുത്താൻ കഴിയുമോ?. അറിയില്ല, സംശയം ഉന്നയിച്ചതാണ്, ബന്ധപ്പെട്ടവർ പരിശോധിക്കട്ടെ.

മറ്റൊന്ന്, രാഷ്ട്രീയ കക്ഷികൾക്കല്ലേ ഇതൊക്കെ ബാധകം. ഒരു ഹിന്ദുവിന് ഒരു ഹിന്ദു സംഘടനക്ക് ഇത് എങ്ങിനെ ബാധകമാകും. അവരാരും തിരഞ്ഞെടുപ്പ് രംഗത്തില്ല, പഞ്ചായത്ത് മുതൽ ലോകസഭ വരെ അവർ മത്സരിക്കുന്നില്ല. അവർക്ക് മേൽ തിരഞ്ഞെടുപ്പ് കമ്മീഷന് എന്ത് നിയന്ത്രമാണുള്ളത്…… യാതൊന്നുമില്ല. അവർ ഇന്ന് ശബരിമലയാണ് കേരളത്തിലെ വിഷയം എന്ന് പറഞ്ഞുകൊണ്ടേയിരുന്നാൽ കമ്മീഷനോ സർക്കാരിനോ എന്ത് ചെയ്യാനാവും…… ഒന്നും ചെയ്യാൻ കഴിയില്ല. അപ്പോൾ സമൂഹത്തിൽ ശബരിമലയും അയ്യപ്പനും വികാരമായി, ചർച്ചാവിഷയമായി നിലകൊള്ളും എന്നതിന് വേറെ തെളിവ് ആവശ്യമുണ്ടോ. ശബരിമല നട തുറന്നിരിക്കുന്ന സമയമാണിത്…. വിഷു പ്രമാണിച്ച്. അങ്ങോട്ട് എത്രയോ അയ്യപ്പഭക്തർ എത്തുന്നുണ്ട്. പക്ഷെ അവിടെ ഇപ്പോൾ ഒരു മാവോയിസ്റ്റും ആക്ടിവിസ്റ്റും യുവതിയും കയറുന്നില്ല . അത് എന്തുകൊണ്ടാണ് എന്ന് ഒരു സാധാരണ ഹിന്ദുവിന് തോന്നുന്നുണ്ടാവുമല്ലോ. അവിടെ മുന്കാലങ്ങളിലേത് പോലെ ആയിരക്കണക്കിന് പോലീസുകാരും യുദ്ധ സന്നാഹവുമൊന്നുമില്ലല്ലോ…… ….. അതും ഒരു ശരാശരി ഭക്തന് തോന്നുന്നുണ്ടാവണമല്ലോ. ഇതൊക്കെ തീർച്ചയായും മലയാളികൾ ഭക്തർ വിലയിരുത്തുകയില്ലേ. ശബരിമല എന്ന് പാർട്ടികളോ സ്ഥാനാർഥികളോ മിണ്ടിക്കൂടാ എന്ന് നിർബന്ധിച്ചാൽ തീരുന്ന പ്രശ്നമല്ലിത്.

ആരെയാണ് ഇനി ശബരിമല ഭക്തർക്ക് ഹിന്ദു വിശ്വാസികൾക്ക് വിശ്വസിക്കാൻ കഴിയുക എന്നതും ഇപ്പോൾ ചർച്ചചെയ്യപ്പെടുന്ന വിഷയമാണ്. ഞാൻ സൂചിപ്പിച്ചത്, ഒരു ഭക്തന്റെ വിശ്വാസിയുടെ മനസിനെ അലട്ടുന്ന പ്രശ്നമാണ്. പോളിങ് ബൂത്തിൽ പോകുന്നതിന് മുൻപ് ഒരു നിലപാടെടുക്കുമ്പോൾ അവനെ മഥിക്കുന്ന ചോദ്യമാണിത്. ശരിയാണ്, ഈ പ്രശ്നമുയർന്നപ്പോൾ കേരളത്തിലെ എല്ലാ ഹിന്ദു പ്രസ്ഥാനങ്ങളും ഏതാണ്ട് ഒറ്റക്കെട്ടായി ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനായി നിലകൊണ്ടു. പ്രക്ഷോഭങ്ങളിൽ അവരൊക്കെ ഉണ്ടായിരുന്നു, മുൻ നിരയിൽ തന്നെ. അവരുടെ കരുത്തുകൊണ്ടാണ് കേരളത്തെ ഇളക്കി മറിക്കുന്ന മഹാ പ്രക്ഷോഭമായി അത് മാറിയത്. ആദ്യമൊക്കെ മറിച്ച്‌ ചിന്തിച്ചിരുന്ന ചിലരുണ്ടായിരുന്നു….. അവരും ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കേണ്ടത് അനിവാര്യമാണ് എന്ന് ബോധ്യപ്പെട്ട് പരസ്യമായി രംഗത്ത് വന്നു. ദേശീയ തലത്തിൽ തന്നെ ആ മാറ്റം നാം കണ്ടതാണ്. ശബരിമലയെ ഒരു ദേശീയ പ്രശ്നമായി മാറ്റിയതും ഹൈന്ദവ- ദേശീയ പ്രസ്ഥാനങ്ങളുടെ ശക്തമായ ആ നിലപാടുകൾ കൊണ്ടാണ്. അവരെയൊക്കെ ഹിന്ദു സമൂഹം അയ്യപ്പ ഭക്ത സമൂഹം വിശ്വസിക്കുന്നു.

sabarimala temple

ബിജെപി ആണ് മറ്റൊന്ന്. അവർ അവരുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ശബരിമല വിഷയം സൂചിപ്പിച്ചിട്ടുണ്ട്. ആ പ്രശ്നത്തിന്റെ ദേശീയ പ്രാധാന്യമാണ് അത് കാണിക്കുന്നത്. ആചാര സംരക്ഷണത്തിന് വേണ്ടി ഭക്തർക്കൊപ്പം, വിശ്വാസ സമൂഹത്തിനൊപ്പം, ബിജെപി നിലകൊള്ളുമെന്ന് പറയുന്നുണ്ട്; മാത്രമല്ല, കോടതിയിൽ അനുകൂല വിധിക്ക് വേണ്ടി കേന്ദ്ര സർക്കാർ ഇക്കാര്യങ്ങൾ ഉന്നയിക്കുമെന്നും പറഞ്ഞിരിക്കുന്നു. നിലപാട് വ്യക്തമാണ് എന്നർത്ഥം. സിപിഎമ്മിന്റെ നിലപാട് വ്യക്തമാണ്; അയ്യപ്പ ഭക്തർക്കെതിരാണ് അതെന്നതിൽ ആർക്കെങ്കിലും ഇനി സംശയമുണ്ടാവും എന്ന് തോന്നുന്നില്ല.

ഇനി കോൺഗ്രസോ?. അതാണ് പ്രധാനമായും കാണേണ്ട കാര്യം. കോൺഗ്രസുകാർ ഇവിടെ ഭക്തർക്കൊപ്പമെന്ന നിലപാടെടുത്തിരുന്നു എന്നത് മറച്ചുവെക്കുന്നില്ല. എന്നാൽ ദേശീയതലത്തിലോ?. സോണിയ ഗാന്ധിയും രാഹുലുമൊക്കെ ശബരിമലയിലെ സ്ത്രീ പ്രവേശനത്തിനും ആചാരലംഘനത്തിനും അനുകൂലമായിരുന്നു. ഇതുവരെ ആ രണ്ടുപേർ ഇനിയും ശബരിമലയിലെ വിശ്വാസികളുടെ വേദന കണ്ടതായി നടിച്ചിട്ടില്ല താനും. ഒരു കാര്യം കൂടി ഓർമ്മിക്കേണ്ടതുണ്ട്; ശബരിമല പ്രശ്നം രൂക്ഷമായി നിലകൊള്ളുന്ന സമയത്ത് കോൺഗ്രസ് ഇക്കാര്യം ഉന്നയിച്ചു പാർലമെന്റിൽ ധർണ നടത്താനോ കയ്യിൽ കറുത്ത ബാഡ്ജ് ധരിക്കാനോ ഒക്കെ ആലോചിച്ചു. അപ്പോഴേ സോണിയ ഇടപെട്ടു; അത് ഇവിടെ പറ്റില്ലെന്ന് തുറന്നു പറഞ്ഞു എന്നാണ് നാമൊക്കെ കേട്ടത്. അതായത് കോൺഗ്രസിനെ നയിക്കുന്ന കുടുംബം ഇപ്പോഴും ശബരിമലയിലെ ആചാര ലംഘകർക്കൊപ്പമാണ്….. വിശ്വാസി സമൂഹത്തിനൊപ്പമല്ല. ഇവിടത്തെ ഭക്തർ കോൺഗ്രസിനെ വോട്ട് ചെയ്ത് ജയിപ്പിച്ചാൽ സിപിഎമ്മിനെ വിജയിപ്പിക്കുന്നതിന് സമാനമാവില്ലേ?. ഒരു സംശയമാണ്…….സോണിയ- രാഹുൽ ഉൾപ്പെട്ട ഈ കോൺഗ്രസ് ഹൈക്കമാണ്ടിൽ നിന്ന് എന്താണ് അയ്യപ്പ ഭക്തനുവേണ്ടി ഈ എംപിമാർക്ക് നേടിതരാനാവുക . ഒന്നും നടക്കില്ല; രാഹുൽ- സോണിയ പറയുന്നതേ അവിടെ നടപ്പിലാവൂ എന്നത് ആർക്കുമറിയാം. അതായത് കോൺഗ്രസിന് വോട്ട് ചെയ്യുന്നതും സിപിഎമ്മിന് വോട്ട് ചെയ്യുന്നതും തമ്മിൽ എന്ത് വ്യത്യാസം എന്നതും ഇന്നിപ്പോൾ തീർച്ചയായും ഒരു അയ്യപ്പ ഭക്തനെ അലട്ടുന്നുണ്ടാവണം.

( തുടരും)

shortlink

Related Articles

Post Your Comments

Related Articles


Back to top button