KeralaLatest NewsConstituency

സൗഹൃദാന്തരീക്ഷത്തില്‍ നടക്കുന്ന ഈ പാലക്കാടന്‍ പോരാട്ടത്തില്‍ വിജയം ആര്‍ക്കൊപ്പം

പാലക്കാട്: പ്രകൃതിയുമായി ഇണങ്ങിനില്‍ക്കുന്ന ദേശം ഇങ്ങനെയൊക്കെ വിശേഷിപ്പിക്കാം പാലക്കാടിനെ. ഇടതൂര്‍ന്ന കരിമ്പനകള്‍ തിങ്ങി നില്‍ക്കുമ്പോഴും വേനല്‍ച്ചൂടിന്റെ കാര്യത്തില്‍ കേരളത്തിലെ മറ്റ് ജില്ലകളെക്കാള്‍ ഏറെ മുന്നിലാണ് പാലക്കാട്. എന്നാല്‍ ഇന്ന് വേനല്‍ച്ചൂടിനേക്കാള്‍ ഇലക്ഷന്‍ ചൂടിലാണ് പാലക്കാട്. തീ കോരിയിടുന്ന ചൂടിനെ തോല്‍പിക്കണം. ഒപ്പം, തീ പാറുന്ന പോരാട്ടത്തിലൂടെ എതിരാളികളെ തോല്‍പിക്കണം. പാലക്കാടന്‍ കാറ്റിന്റെ ചൂടു പോലെ തന്നെ ഇവിടത്തെ മല്‍സരവും.

1957 മുതല്‍ തുടങ്ങുന്നു പാലക്കാടിന്റെ ലോക്സഭാ ചരിത്രം. അന്നുതൊട്ടിന്നോളമുള്ള ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തം. കൂടുതല്‍ തവണയും ഇടത്തു പക്ഷത്തിന് അനുകൂലമായിട്ടാണ് പാലക്കാട് ലോക്സഭാ മണ്ഡലം വിധി എഴുതിയിട്ടുള്ളത്. ഇടത്തു പക്ഷത്തിന് മുന്‍തൂക്കമുള്ള മണ്ഡലമാണ് പാലക്കാട് എന്നാണ് ഇതുവരെയുള്ള തെരഞ്ഞെടുപ്പ് ചരിത്രം വ്യക്തമാക്കുന്നതും. 1957 ല്‍ സിപിഐയുടെ പി കെ കുഞ്ഞനിലൂടെയായിരുന്നു ഇടത്തുപക്ഷത്തിന് ആദ്യ വിജയം. 62 ലും പി കെ കുഞ്ഞനിലൂടെ ഇതേ വിജയം ഇടത്തുപക്ഷം ആവര്‍ത്തിച്ചു. 1967 ല്‍ ഇ കെ നായനാര്‍ ആയിരുന്നു ഇടത്തുപക്ഷത്തിന്റെ സാരഥിയും തെരഞ്ഞെടുപ്പിലെ വിജയിയും. ഈ പോരാട്ടത്തിനും ഒടുവില്‍ വിജയം ആര്‍ക്കായിരിക്കും… എല്‍ഡിഎഫിന്റെ എം. ബി രാജേഷിനോ, യുഡിഎഫിന്റെ വി.കെ ശ്രീകണ്ഠനോ അതോ എന്‍ഡിഎയുടെ സി. കൃഷ്ണകുമാറോ… എന്തായാലും ഇടതുപക്ഷ ചായ്‌വുള്ള പാലക്കാടില്‍ ആര് കുതിച്ചു കയറുമെന്ന് കാത്തിരുന്ന് കാണാം.

പാലക്കാടന്‍ ജനതയ്ക്ക് ഏറെ പ്രിയപ്പെട്ട എംപിയാണ് എംബി രാജേഷ്. എല്ലാ വിഷയത്തിലും കൃത്യമായ നിലപാടുള്ള, ജനങ്ങള്‍ക്കൊപ്പമുള്ള നേതാവ്.പഞ്ചാബിലെ ജലന്ദറിലായിരുന്നു എം ബി രാജേഷിന്റെ ജനനം. ഡിവൈഎഫ്‌ഐയുടെ മുഖപത്രം ‘യുവധാര’ യുടെ മുഖ്യ പത്രാധിപരായിരുന്നു എംബി രാജേഷ്. സ്‌കൂള്‍ പഠനം കാലം മുതല്‍ക്കെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ തല്‍പരനായിരുന്നു അദ്ദേഹം. എസ്എഫ്‌ഐയിലൂടേയും ഡിവൈഎഫ്‌ഐയിലൂടേയും ആയിരുന്നു എംബി രാജേഷിന്റെ രാഷ്ട്രീയ വളര്‍ച്ചംസ്ഥാന തലത്തിലും ദേശീയ തലത്തിലും വിവിധ പദവികള്‍ വഹിച്ചു. നിലവില്‍ സിപിഎം സംസ്ഥാന സമിതി അംഗമാണ് അദ്ദേഹം.

2009ല്‍ സംസ്ഥാനത്ത് ശക്തമായ ഇടതുവിരുദ്ധ തരംഗം അലയടിച്ചപ്പോഴും പാലക്കാട് മണ്ഡലം എംബി രാജേഷിനെ കൈവിട്ടില്ല. കോണ്‍ഗ്രസിന്റെ സതീശന്‍ പാച്ചേനിയായിരുന്നു എതിര്‍ സ്ഥാനാര്‍ത്ഥി. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ 1820 വോട്ടുകളുടെ വ്യത്യാസത്തിലാണ് എംബി രാജേഷ് വിജയിക്കുന്നത്. 2014ല്‍എം പി വീരേന്ദ്രകുമാറിനെ ഇറക്കിയായിരുന്നു പാലക്കാട് മണ്ഡലത്തില്‍ യുഡിഎഫ് ഭാഗ്യം പരീക്ഷിച്ചത്. അനായാസ വിജയം പ്രതീക്ഷിച്ച് യുഡിഎഫിന് പക്ഷെ കനത്ത പ്രഹരമേല്‍ക്കേണ്ടി വന്നു. ഒരു ലക്ഷത്തില്‍ പരം വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് എംബി രാജേഷ് അക്കുറി പാലക്കാട് സീറ്റ് നിലനിര്‍ത്തിയത്. കന്നിയംഗത്തില്‍ ജയിച്ച് 2009ല്‍ ലോക്‌സഭയിലെത്തിയപ്പോഴും പ്രശംസനീയമായ പ്രകടനമാണ് അദ്ദേഹം കാഴ്ച വെച്ചത്. 2010-2011 കാലത്തെ ഏറ്റവും മികച്ച എംപിയായി ദി വീക്ക് മാഗസിന്‍ തിരഞ്ഞെടുത്തത് എംബി രാജേഷിനെ ആയിരുന്നു. അതേ വര്‍ഷം തന്നെ ഗ്ലോബല്‍ മലയാളി കൗണ്‍സിലിന്റെ പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തി. പാലക്കാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മൂന്നാം ഊഴം ലഭിച്ചത് പാര്‍ട്ടി നല്‍കിയ അംഗീകാരമാണെന്നാണ് എംബി രാജേഷ് പറയുന്നത്.

അതേസമയം പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ യു.ഡി.എഫ് ഇത്തവണ ശക്തനായ സ്ഥാനാര്‍ത്ഥിയെയാണ് രംഗത്തിറക്കിയിരിക്കുന്നത്. വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച് അനുഭവ സമ്പത്തുള്ള വി.കെ ശ്രീകണ്ഠന്‍ സ്ഥാനാര്‍ത്ഥിയായതോടെ യു.ഡി.എഫ്്് പ്രവര്‍ത്തകരില്‍ ആര്‍ജ്ജിച്ച ആവേശം പതിന്‍മടങ്ങായിരിക്കുകയാണ്. ജില്ലാ കോണ്‍ഗ്രസിനെ ശക്തമായി മുന്നോട്ടു നയിക്കുന്നതിനൊപ്പം പൊതുജനങ്ങളിലും പാര്‍ട്ടിയെക്കുറിച്ച് അഭിമാനമുളവാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുത്ത നേതാവാണ് വി.കെ. ശ്രീകണ്ഠന്‍. കഴിഞ്ഞ മാസം അദ്ദേഹം നടത്തിയ ‘ജയ് ഹോ’ ജില്ലാ പദയാത്ര ദേശീയ നേതൃത്വത്തിന്റെയുള്‍പ്പെടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പദയാത്രയിലൂടെ അണികളെ തെരഞ്ഞെടുപ്പിന് സജ്ജരാക്കാന്‍ ഡി. സി. സി പ്രസിഡന്റിന് സാധിച്ചിട്ടുണ്ട്. 1993ല്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡന്റായി. 2012 മുതല്‍ കെ.പി.സി.സി സെക്രട്ടറിയായ വി.കെ. ശ്രീകണ്ഠന്‍ ജില്ലയിലെ കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ അമരക്കാരനാകുന്നത് ദീര്‍ഘമായ സംഘടനാ പ്രവര്‍ത്തന പരിചയത്തിന്റെ പിന്‍ബലത്തിലാണ്. സംഘടനാ പ്രവര്‍ത്തകന്‍ എന്നതിനപ്പുറം പാലക്കാട്ടെയും പ്രത്യേകിച്ച് സ്വദേശമായ ഷൊര്‍ണൂരിലെയും ജനകീയ പ്രശ്നങ്ങളില്‍ സജീവ സാന്നിധ്യമാണ് വി.കെ. ശ്രീകണ്ഠന്‍. 2000 മുതല്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിയിറ്റിയിലെ കോണ്‍ഗ്രസ് അംഗം. 2005, 2010, 2015 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റിയിലേക്ക് മത്സരിച്ച് ജയിച്ചു. നിലവില്‍ ഷൊര്‍ണൂര്‍ മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റ് അംഗമായും കാര്‍ഷിക സര്‍വ്വകലാശാല ജനറല്‍ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ ഒറ്റപ്പാലത്ത് നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നിയമസഭയിലേക്ക് മത്സരിച്ചു.

2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ വിഎസ് അച്യുതാനന്ദന് പിന്നാലെ രണ്ടാം സ്ഥാനത്ത് എത്തിയ പ്രകടനവും ജനസമ്മതിയുമാണ് കൃഷ്ണകുമാറിന് പാലക്കാട് സീറ്റുറപ്പിക്കുന്നതിന് തുണയായത്. ആര്‍എസ്എസ് ശാഖകളിലൂടെ എബിവിപിയിലേക്കും അതുവഴി യുവമോര്‍ച്ചയിലേക്കും ബിജെപിയിലേക്കും നടന്നു കയറിയ നേതാവാണ് സി കൃഷ്ണകുമാര്‍. അധ്യാപകനായിരുന്ന സി.കൃഷ്ണനുണ്ണിയുടെയും ലീലാകൃഷ്ണന്റെയും മകന്‍. ബികോം ബിരുദധാരി, കമ്പ്യൂട്ടര്‍ സോഫ്റ്റ്വെയറില്‍ പിജി ഡിപ്ലോമ. എബിവിപി ജില്ലാ കണ്‍വീനര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ്, ദേശീയ സമിതിയംഗം, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി, 2009 മുതല്‍ 2015 വരെ ബിജെപി ജില്ലാ പ്രസിഡന്റ് തുടങ്ങിയ ചുമതലകള്‍ വഹിച്ചു. 2015 മുതല്‍ ബിജെപി സംസ്ഥാന സെക്രട്ടറിയാണ്. കൂടാതെ നാലുതവണ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച് നഗരസഭയിലെത്തി. 2000 മുതല്‍ പാലക്കാട് നഗരസഭാ കൗണ്‍സിലറാണ് സി കൃഷ്ണകുമാര്‍. മൂന്ന് വ്യത്യസ്ത വാര്‍ഡുകളില്‍ നിന്ന് മത്സരിച്ചാണ് ജയമുറപ്പാക്കിയത്. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി (200510), വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ (201015) എന്നീ ചുമതലകള്‍ വഹിച്ചിട്ടുണ്ട്. 2015 മുതല്‍ പാലക്കാട് നഗരസഭ വൈസ് ചെയര്‍മാനാണ്. പാലക്കാട് നഗരസഭയെ മാതൃകാനഗരസഭയാക്കുകയും 250 കോടിയുടെ അമൃത്പദ്ധതി ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ കൊണ്ടുവരുകയും ചെയ്തതില്‍ കൃഷ്ണകുമാറിന്റെ പങ്ക് ശ്രദ്ധേയമാണ്.

സി കൃഷ്ണകുമാര്‍ എന്ന സ്ഥാനാര്‍ത്ഥിയുടെ വ്യക്തിത്വമാണ് അദ്ദേഹത്തിന് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സ്ഥാനം നല്‍കുന്നത്. ലളിതമായ ജീവിതശൈലിയും ഇടപെടലും മൂലം നാട്ടുകാര്‍ക്ക് പ്രിയംകരനാണ് ഇദ്ദേഹം. ഒപ്പം രാഷ്ട്രീയത്തിന് അതീതമായ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വ്യക്തി കൂടിയാണ് സി കൃഷ്ണകുമാര്‍. നഗരസഭയിലെ പ്രവര്‍ത്തനമികവും കൃഷ്ണകുമാറിന് ഇരട്ടി മാര്‍ക്ക് നല്‍കുമ്പോള്‍ വോട്ട് അഭ്യര്‍ത്ഥിച്ചെത്തുന്ന സ്ഥാനാര്‍ത്ഥിയെ സ്വന്തം മകനെപ്പോലെ സ്വീകരിക്കുകയാണ് പാലക്കാടിന്റെ ഉള്‍ഗ്രാമങ്ങള്‍. എന്തായാലും മൂന്ന് ചെറുപ്പക്കാര്‍ പാലക്കാട് ജനവിധി തേടിയിറങ്ങുമ്പോള്‍ പരസ്പരം വ്യക്തിഹത്യയോ ആക്ഷേപമോ നടത്താതെ തികച്ചും സൗഹൃദാന്തരീക്ഷത്തില്‍ തീ പാറുന്ന മത്സരമാണ് ഇവിടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button