Latest NewsKeralaConstituency

കണ്ണൊന്ന് തെറ്റിയാല്‍ കൈവിട്ടു പോവുന്ന കണ്ണൂരില്‍ തീപാറുന്ന പോരാട്ടം

കണ്ണൂര്‍: തിരഞ്ഞെടുപ്പ് ചരിത്രം പറയുന്നത് ഒരേയൊരു കാര്യമാണ്, കണ്ണൊന്നു തെറ്റിയാല്‍ കണ്ണൂര്‍ കൈവിട്ടുപോവും. ഇക്കുറിയും അതിനു വ്യത്യാസമൊന്നുമില്ല. ദിവസം കഴിയുന്തോറും ഇരുമുന്നണികളും തീപാറും പ്രചാരണത്തിലാണ്. കൊടുംവേനലില്‍ വിശ്രമിക്കാന്‍ പോലും മനസ്സ് അനുവദിക്കാത്ത വിധം ആശങ്കയിലാണ് മുന്നണികള്‍. മാറിയും മറിഞ്ഞും ഇടത്-വലത് സാരഥികളെ ലോക്സഭയിലേക്ക് അയക്കുന്ന കണ്ണൂരില്‍ ഇക്കുറി സ്ഥാനാര്‍ഥികളില്‍ കാര്യമായ മാറ്റമില്ല. യുഡിഎഫിനു വേണ്ടി കെ സുധാകരനും എല്‍ഡിഎഫിനു വേണ്ടി സിറ്റിങ് എംപി പി കെ ശ്രീമതിയും എസ്ഡിപിഐയ്ക്കു വേണ്ടി കെ കെ അബ്ദുല്‍ ജബ്ബാറും തന്നെയാണ് കഴിഞ്ഞ തവണയും അങ്കത്തിനിറങ്ങിയത്. എന്നാല്‍ ബിജെപി പി സി മോഹനനു പകരം സി കെ പത്മനാഭനെ ഇറക്കിയിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഗോദയില്‍ തോല്‍വിയറിയാത്ത പടയോട്ടമാണ് ശ്രീമതി ടീച്ചറുടേത്. വികസന പ്രവര്‍ത്തനങ്ങളിലെ സജീവ ഇടപെടലിലൂടെ ‘ജനകീയ ആരോഗ്യമന്ത്രി’ എന്ന ഖ്യാതി നേടിയ പി കെ ശ്രീമതി കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കുതിപ്പിന് കരുത്ത് പകരുന്നു. ടീച്ചറെ കണ്ണൂരിന് പരിചയപ്പെടുത്തേണ്ടതില്ല. ലാളിത്യവും സ്‌നേഹവും ഉള്‍ച്ചേര്‍ന്ന പെരുമാറ്റം. ജില്ലാകൗണ്‍സിലിലേക്കും ജില്ലാപഞ്ചായത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ലഭിച്ച ഭൂരിപക്ഷം എതിരാളികളെ അമ്പരപ്പിക്കുന്നതായിരുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡന്റെന്ന നിലയില്‍ നടപ്പാക്കിയ വികസന പ്രവര്‍ത്തനങ്ങളും ജനക്ഷേമ പരിപാടികളും രാജ്യത്തിനാകെ മാതൃകയായി. 2001ല്‍ പയ്യന്നൂരില്‍നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ സഭയ്ക്കകത്ത് നടത്തിയ ഇടപെടലും പോരാട്ടവും പാര്‍ലമെന്ററി രംഗത്തെ മികവിന്റെ സാക്ഷ്യപത്രമാണ്. 2006ല്‍ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടത് മണ്ഡലത്തിന്റെ ചരിത്രത്തിലെ റെക്കോഡ് ഭൂരിപക്ഷത്തില്‍- 36122 വോട്ട്. ഈ അംഗീകാരം ജനകീയ മന്ത്രിയെന്ന നിലയിലുള്ള പ്രവര്‍ത്തനത്തിന് അടിത്തറയായി.2006ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ പൊതുജനാരോഗ്യരംഗം കുത്തഴിഞ്ഞ നിലയിലായിരുന്നു. പകര്‍ച്ചവ്യാധികള്‍ പിടിപെട്ട് നാടും നഗരവും ഭീതിദമായിരുന്നു. ഈ ദുരിതപര്‍വത്തില്‍നിന്നാണ് ടീച്ചര്‍ പൊതുജനാരോഗ്യത്തെ കാത്തത്. പ്രാഥമികാരോഗ്യ കേന്ദ്രംമുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ മികവിന്റെ കേന്ദ്രങ്ങളായി. പൂട്ടിക്കിടന്ന ആശുപത്രികള്‍ തുറന്നു. മുഴുവന്‍ ആശുപത്രികളിലും ഡോക്ടര്‍മാരെ നിയോഗിച്ചു.സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് വിതരണം അഴിമതിമുക്തമാക്കി. 18 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് മാരക രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ സൗജന്യ ചികിത്സ ഏര്‍പ്പെടുത്തി. പാടിക്കുന്ന് രക്തസാക്ഷികളുടെയും മോറാഴ ചെറുത്തുനില്‍പ്പ് സമരനായകന്‍ അറാക്കല്‍ കുഞ്ഞിരാമന്റെയും നാട്ടില്‍ പിറന്ന ശ്രീമതിക്ക് ഇടതുപക്ഷരാഷ്ട്രീയം രക്തത്തിലലിഞ്ഞതാണ്. മുത്തങ്ങയില്‍ ആദിവാസികള്‍ക്കെതിരായ നരനായാട്ടിനെതിരെ സെക്രട്ടറിയറ്റിനു മുന്നില്‍ നടത്തിയ 12 ദിവസത്തെ നിരാഹാരസത്യഗ്രഹം ശ്രദ്ധേയമാണ്.

K SUDHAKARAN

കണ്ണൂരില്‍ കോണ്‍ഗ്രസിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ആദ്യ വന്നെത്തുന്ന പേര് കെ സുധാകരന്റേതാണ്. കണ്ണൂരിലെ അക്രമ രാഷ്ട്രീയത്തിനിടയില്‍ അദ്ദേഹമാണ് ജില്ലയില്‍ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്തിയത്. ഇന്ന് കണ്ണൂരില്‍ സിപിഎമ്മിനോട് ഏറ്റുമുട്ടാന്‍ ശേഷിയുള്ള നേതാവും സുധാകരന്‍ മാത്രമാണ്. കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവായുള്ള സുധാകരന്റെ വളര്‍ച്ച ഘട്ടം ഘട്ടമായിട്ടായിരുന്നു. സ്‌കൂള്‍ കാലഘട്ടത്തില്‍ കെഎസ്യുവില്‍ പ്രവര്‍ത്തിച്ചാണ് സുധാകരന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. ബ്രണ്ണന്‍ കോളേജില്‍ ബിരുദാനന്തര ബിരുദ നേടിയ ശേഷം അദ്ദേഹം സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനാവുകയായിരുന്നു. കെഎസ്യുവിന്റെ ഉന്നത പദവികളില്‍ ഇരുന്നാണ് പിന്നീട് സുധാകരന്‍ മുന്നേറിയത്. 1968-80 കാലഘട്ടത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെയും കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായതോടെയാണ് കണ്ണൂര്‍ ജില്ലയില്‍ സുധാകരന്‍ വലിയ നേതാവായി ഉയര്‍ന്ന് വന്നത്. 1969ല്‍ കോണ്‍ഗ്രസ് പിളര്‍ന്നപ്പോള്‍ സംഘടനാ കോണ്‍ഗ്രസിന്റെ കൂടെ നിന്നതോടെ സുധാകരന്‍ കോണ്‍ഗ്രസിലെ തന്നെ വലിയ നേതാവായി അംഗീകരിക്കപ്പെടുകയായിരുന്നു.

ഇടയ്ക്ക് കോണ്‍ഗ്രസില്‍ നിന്ന് രാജിവെച്ച് അദ്ദേഹം ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. അടിയന്തരാവസ്ഥ കാലത്തിനിടയിലാണ് ഇത്. സുധാകരന്‍ തന്റെ തീപ്പൊരി പ്രസംഗങ്ങള്‍ കൊണ്ട് നിരവധി അനുയായികളെ കോണ്‍ഗ്രസിലേക്ക് ആകര്‍ഷിക്കുകയും ചെയ്തിരുന്നു. 1991ല്‍ കണ്ണൂര്‍ ഡിസിസി പ്രസിഡന്റായി ചുമതല ഏറ്റെടുത്തതോടെ കോണ്‍ഗ്രസ് ജില്ലയില്‍ ശക്തിപ്പെട്ടു. അതേവര്‍ഷം തന്നെ അദ്ദേഹം എടക്കാട് നിയമസഭാ മണ്ഡലത്തില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് കോടതി വിധിയിലൂടെ ഇവിടെ ചരിത്ര വിജയം നേടാനും കോണ്‍ഗ്രസിന് സാധിച്ചു. മൂന്ന് തവണ പരാജയം വഴങ്ങിയ ശേഷമായിരുന്നു സുധാകരന്റെ വിജയം.

മൂന്ന് തവണ നിയസഭയിലേക്കും ഒരു തവണ ലോക്സഭയിലേക്കും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് അദ്ദേഹം. 2014ല്‍ പികെ ശ്രീമതിയോട് തോറ്റതോടെയാണ് മണ്ഡലം കോണ്‍ഗ്രസിന് നഷ്ടമായത്. ആന്റണി സര്‍ക്കാരില്‍ വനംവകുപ്പ് മന്ത്രിയായി ഇരുന്നിട്ടുണ്ട്. സുധാകരന്‍. കണ്ണൂര്‍ രാഷ്ട്രീയത്തിന്റെ പോരാട്ടം കാത്തുസൂക്ഷിക്കുന്ന സുധാകരന്‍, വിവാദങ്ങള്‍ കൊണ്ടാണ് പലപ്പോഴും അറിയപ്പെട്ടിരുന്നത്. കണ്ണൂരില്‍ കോണ്‍ഗ്രസിലെ പുതു തലമുറ നേതാക്കളെ മുഴുവന്‍ വളര്‍ത്തി കൊണ്ടുവന്നതിന്റെ നേട്ടവും അദ്ദേഹത്തിനുള്ളതാണ്. ജില്ലയില്‍ സിപിഎം രാഷ്ട്രീയ എതിരാളിയായി പ്രഖ്യാപിച്ചിരിക്കുന്നതും സുധാകരനെ തന്നെയാണ്.

സി. കെ പത്മനാഭന്‍ കണ്ണൂരുകാരുടെ പപ്പേട്ടനാണ്. സംസ്ഥാനത്താകമാനവും ജന്മനാടായ കണ്ണൂരിലും സുപരിചിതനായ സി.കെ.പത്മനാഭന്‍ ജനസംഘത്തിലൂടെ വന്ന് ആര്‍എസ്എസ് പ്രചാരകന്റെ ചുമതല മുതല്‍ ബിജെപി സംസ്ഥാന പ്രസിഡണ്ട് പദംവരെ അലങ്കരിച്ച നേതാവാണ്.

ശ്രീകണ്ഠാപുരം കോട്ടൂരിലെ പയറ്റാല്‍ അനന്തന്‍ നമ്പ്യാരുടെയും ദേവകിയമ്മയുടെയും മകനായി ജനിച്ച പത്മനാഭന്‍ കമ്മ്യൂണിസ്റ്റ് കുടുംബത്തില്‍ നിന്നാണ് ദേശീയ പ്രസ്ഥാനങ്ങളിലേക്ക് പ്രവര്‍ത്തനപഥം മാറ്റുന്നത്. കര്‍ഷകസംഘത്തിന്റെ നേതാവായി, കാവുമ്പായി സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന കമ്മ്യൂണിസ്റ്റ് നേതാവായിരുന്നു അനന്തന്‍ നമ്പ്യാര്‍. 1969 മുതല്‍ പത്മനാഭന്‍ കമ്മ്യൂണിസ്റ്റ് ബന്ധം അവസാനിപ്പിച്ച് ജനസംഘത്തില്‍ ചേര്‍ന്നു. രണ്ട് വര്‍ഷം ആര്‍എസ്എസ് പ്രചാരകനായി പ്രവര്‍ത്തിച്ചു. കണ്ണൂര്‍ അഴീക്കോട് താമസിക്കുന്ന സി.കെ.പത്മനാഭന്‍. 1980 ല്‍ ബിജെപി കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി, പിന്നീട് സംസ്ഥാന ജനറല്‍ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ്, ദേശീയ നിര്‍വ്വാഹകസമിതിയംഗം തുടങ്ങി വിവിധ ചുമതലകള്‍ വഹിച്ചു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതിയുടെ ഉത്തരവിന്റെ മറപറ്റി സ്ത്രീകളെ സന്നിധാനത്ത് പ്രവേശിപ്പിച്ച് ആചാരലംഘനം നടത്താനുളള നീക്കത്തിനെതിരേയും അയ്യപ്പഭക്തരെ കളളക്കേസില്‍ക്കുടുക്കി ശബരിമല സന്നിധാനത്ത് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചും ബിജെപി തിരുവനന്തപുരം സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ നിരാഹാര സമരത്തിന്റെ ഭാഗമായി പത്ത് ദിവസം സി.കെ.പത്മനാഭന്‍ സെക്രട്ടറിയേറ്റ് നടയില്‍ നിരാഹാരം അനുഷ്ടിക്കുകയുണ്ടായി. അടിയന്തരാവസ്ഥാ വിരുദ്ധസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചു. കണ്ണൂര്‍, തീഹാര്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജയില്‍വാസമനുഷ്ഠിച്ചിട്ടുണ്ട്. ജനസംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ചെക്ക് പോസ്റ്റ് സമരം, വിലക്കയറ്റ വിരുദ്ധസമരം തുടങ്ങിയ പ്രക്ഷോഭങ്ങള്‍, വയനാട്ടില്‍ ആദിവാസി സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരങ്ങള്‍ എന്നിവക്ക് നേതൃത്വം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button