KeralaLatest NewsConstituency

ഇടതുമുന്നണിയും വലതുമുന്നണിയും തമ്മില്‍ കടുത്ത പോരാട്ടം നടക്കുന്ന പത്തനംതിട്ടയില്‍ ജനപ്രിയനായ സുരേന്ദ്രനെത്തുമ്പോള്‍ വിജയം ആര്‍ക്കൊപ്പം

പത്തനംതിട്ട: പത്തനംതിട്ട ലോക്‌സഭാ മണ്ഡലം നിലവില്‍വരുന്നത് 2009-ലാണ്. ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളും കോട്ടയം ജില്ലയിലെ രണ്ടു നിയമസഭാ മണ്ഡലങ്ങളുംകൂടി ചേര്‍ന്നതാണ് ഇന്നത്തെ പത്തനംതിട്ട ലോക്‌സഭാ മണ്ഡലം. 2019 ജനുവരി 30 വരെയുള്ള കണക്കുകള്‍ പ്രകാരം ലോക്‌സഭാ മണ്ഡലത്തില്‍ മൊത്തം 13,40,193-വോട്ടര്‍മാരാളുള്ളത്. ഇതില്‍ 6,41,473 പുരുഷവോട്ടര്‍മാരും 6,98,718 സ്ത്രീവോട്ടര്‍മാരും ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് വിഭാഗത്തില്‍നിന്ന് രണ്ടുപേരും ഉള്‍പ്പെടുന്നുണ്ട്. 1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പില്‍ തിരു-കൊച്ചി സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന മൂന്ന് മണ്ഡലങ്ങളിലായാണ് പത്തനംതിട്ട ഉള്‍പ്പെട്ടിരുന്നത്. തിരുവല്ല, കൊല്ലം, കോട്ടയം പാര്‍ലമെന്റ് മണ്ഡലങ്ങളുടെ ഭാഗമായിരുന്നു അന്ന് ജില്ലയിലെ വിവിധപ്രദേശങ്ങള്‍. 1962-ല്‍ മാവേലിക്കര ലോക്‌സഭാ മണ്ഡലം നിലവില്‍വന്നു.

സംവരണ മണ്ഡലമായ ഇവിടെനിന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ സി.പി.ആദിച്ചനാണ് ആദ്യമായി ലോക്‌സഭയിലെത്തുന്നത്. 1971-ലെ തിരഞ്ഞെടുപ്പില്‍ മാവേലിക്കരയില്‍ ആര്‍.ബാലകൃഷ്ണപിള്ള, അടൂരില്‍ ഭാര്‍ഗവി തങ്കപ്പന്‍ എന്നിവര്‍ വിജയിച്ചു. 1970ലെ നിയമസഭാ തിഞ്ഞെടുപ്പില്‍ കൊട്ടാരക്കരയില്‍ കോണ്‍ഗ്രസിലെ കൊട്ടറ ഗോപാലകൃഷ്ണനോട് പരാജയപ്പെട്ട ബാലകൃഷ്ണപിള്ളയുടെ തിരിച്ചുവരവായിരുന്നു 71-ലെ തിരഞ്ഞെടുപ്പ്. അടൂരില്‍ വിജയിച്ച ഭാര്‍ഗവി തങ്കപ്പന്‍ പിന്നീട് പലതിരഞ്ഞെടുപ്പുകളിലും വിജയിക്കുകയും സി.പി.ഐ. യുടെ നേതൃപദവിയിലേക്കും ഡെപ്യൂട്ടി സ്പീക്കര്‍ പദവിവരെ എത്തുകയും ചെയ്തു.

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറ്റവും ശക്തമായ മല്‍സരം നടക്കുന്ന മണ്ഡലങ്ങളിലൊന്നായി പത്തനംതിട്ട മാറിയതെങ്ങനെ എന്നു ചോദിച്ചാല്‍ ശബരിമല പത്തനംതിട്ടയിലായതിനാലാണ് എന്നതാണ് ആദ്യ ഉത്തരം. പിന്നീടാണ് മല്‍സരിക്കുന്നവരിലേക്കു വരിക. അപ്പോഴാണ് ഈ തിരഞ്ഞെടുപ്പിലെ ഏറ്റവും ശക്തമായ ത്രികോണ മല്‍സരങ്ങളിലൊന്നായി പത്തനംതിട്ടയിലെ മല്‍സരം മാറുന്നത്. സിറ്റിങ് എംപി ആന്റോ ആന്റണിയും ഇടതുമുന്നണി സ്ഥാനാര്‍ഥിയായ ആറന്‍മുള എംഎല്‍എ വീണ ജോര്‍ജും തമ്മിലുള്ള മല്‍സരത്തിന്റെ ഗ്രാഫ് കുത്തനെ മാറിയതും ത്രികോണമല്‍സരത്തിനു മൂര്‍ച്ച കൂടിയതും ശബരിമലയുടെ പോരാളിയായി ബിജെപി ഉയര്‍ത്തിക്കൊണ്ടുവന്ന കെ. സുരേന്ദ്രന്‍ രംഗത്തെത്തിയതോടെയാണ്.

അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ആന്റോ ആന്റണിയെ പത്തനംതിട്ട മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. മണ്ഡലം രൂപീകൃതമായ ശേഷം 2009,2014 തെരഞ്ഞെടുപ്പുകളില്‍ മത്സരിച്ചു ജയിച്ച ആത്മവിശ്വാസവുമായാണ് ആന്റോ മൂന്നാം അങ്കത്തിനിറങ്ങുന്നത്.  2004ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോട്ടയം മണ്ഡലത്തില്‍ നിന്നും മത്സരിച്ച് പരാജയപ്പെട്ടതിന് ശേഷം ആന്റോ ആന്റണി തന്റെ തട്ടകം പത്തനംതിട്ടയിലേക്ക് മാറ്റുകയായിരുന്നു. ഇടതുമുന്നണിയുടെ കെ.സുരേഷ് കുറുപ്പിനോടായിരുന്നു അന്ന് പരാജയപ്പട്ടത്. 2009ലും 2014ലും വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് പത്തനംതിട്ടയില്‍ നിന്നും ആന്റോ ആന്റണി വിജയിക്കുന്നത്.2009ല്‍ ആണ് പത്തനംതിട്ടയിലെ ആദ്യ മത്സരം. എതിര്‍ സ്ഥാനാര്‍ത്ഥിയായ സിപിഎമ്മിലെ കെ. അനന്തഗോപനെ 1,11,206 വോട്ടുകള്‍ക്കാണ് അന്ന് പരാജയപ്പെടുത്തിയത്. 2014ല്‍ 56,191 വോട്ടുകള്‍ക്കാണ് വിജയം ഉറപ്പാക്കിയത്. പതിനഞ്ചാം ലോകസഭയില്‍ പത്തനംതിട്ട ലോകസഭാമണ്ഡലത്തെ പ്രതിനിധീകരിക്കുന്ന അംഗമാണ് ആന്റോ ആന്റണി.

veena george

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആറന്മുള മണ്ഡലത്തില്‍ സിപിഎമ്മിന്റെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയായിരുന്നു മാധ്യമപ്രവര്‍ത്തകയായ വീണ ജോര്‍ജ്. വീണയുടെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി പാര്‍ട്ടി പ്രാദേശിക ഘടകങ്ങളില്‍ തുടക്കത്തില്‍ ചില അസ്വാരസ്യങ്ങളുണ്ടായെങ്കിലും തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സംവിധാനം എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു. 7646 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വീണ ജോര്‍ജ് സിറ്റിംഗ് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസിന്റെ ശിവദാസന്‍ നായരില്‍ നിന്ന് മണ്ഡലം തിരിച്ചുപിടിച്ചത്.

പ്രളയത്തില്‍ തകരുകയും ശബരിമല വിവാദത്തില്‍ കലങ്ങിമറിയുകയും ചെയ്ത പത്തനംതിട്ടയില്‍ വീണ ജോര്‍ജിനെ മത്സരിപ്പിക്കുമ്പോള്‍ അനുകൂലമാകുമെന്ന് സിപിഎം കരുതുന്ന ഒരുപിടി ഘടകങ്ങളുണ്ട്. സിറ്റിംഗ് എംഎല്‍എ എന്ന നിലയിലുള്ള സ്വാധീനം, ക്രിസ്ത്യന്‍ വിഭാഗങ്ങളില്‍ നിന്ന് പൊതുവെയും ഓര്‍ത്തഡോക്‌സ് സഭയില്‍ നിന്ന് പ്രത്യേകിച്ചുമുള്ള പിന്തുണ, സീറ്റിനെ ചൊല്ലി കോണ്‍ഗ്രസില്‍ തുടങ്ങിയ ഉള്‍പ്പോര്, ബിജെപിക്കെതിരായ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഇവയൊക്കെ വീണയെ തുണയ്ക്കുമെന്ന് പാര്‍ട്ടി കണക്കുകൂട്ടുന്നു.

K SURENDRAN

കര്‍ക്കശമായ നിലപാടുകളും എതിരാളികളെ നിഷ്പ്രഭരാക്കാനുള്ള വാക്സാമര്‍ത്ഥ്യവുമാണ് കെ സുരേന്ദ്രനെ ബിജെപിയിലെ ജനപ്രിയനേതാവാക്കിയത്്. ചാനല്‍ ചര്‍ച്ചകളില്‍ യുഡിഎഫിനും എല്‍ഡിഎഫിനും അപ്രതിരോധ്യനായ പ്രതിപക്ഷമായി കെ സുരേന്ദ്രന്‍ നിറഞ്ഞുനിന്നതോടെയാണ് കേരളം അദ്ദേഹത്തെ അംഗീകരിക്കാന്‍ തുടങ്ങിയത്. അഴിമതികള്‍ക്കും കെടുകാര്യസ്ഥതയ്ക്കും എതിരെ തെളിവ് സഹിതം പോരാടി കെ സുരേന്ദ്രന്‍ ഭരണകക്ഷികളുടെ കണ്ണിലെ കരടായി. പിണറായി സര്‍ക്കാരിന്റെ പ്രതികാര നടപടികള്‍ സുരേന്ദ്രനോളം ഏറ്റുവാങ്ങേണ്ടി വന്ന മറ്റൊരു നേതാവില്ല ബിജെപിയില്‍.

പ്രളയവും ശബരിമലയും കൊണ്ട് യുഡിഎഫും കോണ്‍ഗ്രസും ഇടതിനെ നേരിടുമ്പോള്‍ വികസനവും പ്രളയത്തില്‍നിന്നു കരകയറാന്‍ സംസ്ഥാന സര്‍ക്കാര്‍ ചെയ്ത കാര്യങ്ങളും നിരത്തി തിരിച്ചടിക്കാന്‍ നോക്കുന്നു ഇടതു പക്ഷം. ആന്റോയ്‌ക്കെതിരെ വികസനമുരടിപ്പ് ആരോപിക്കുന്നതില്‍ ബിജെപിയും ഇടതുമുന്നണിയും ശ്രദ്ധിക്കുന്നു. ശബരിമല ഏറ്റവും വലിയ തിരഞ്ഞെടുപ്പു വിഷയമാകുന്ന മണ്ഡലമാണ് പത്തനംതിട്ട. കഴിഞ്ഞ മൂന്നു തിരഞ്ഞെടുപ്പുകളിലും ക്രമാനുഗതമായ വളര്‍ച്ചയാണ് ബിജെപിക്കു മണ്ഡലത്തിലുള്ളത്. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 1,38,954 വോട്ടായിരുന്നു ബിജെപിയുടെ എം.ടി. രമേശ് നേടിയതെങ്കില്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ലോക്‌സഭാ മണ്ഡലത്തിലെ നിയമസഭാ സീറ്റുകളിലെല്ലാം കൂടി 1,92,000 എന്‍ഡിഎ വോട്ടു നേടി. വലിയ തരംഗമോ സാധ്യതകളോ ഇല്ലാതെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ലഭിച്ച ഈ വോട്ട് ബിജെപിയുടെ സംഘടനാ സംവിധാനത്തില്‍ ലഭിച്ച പാര്‍ട്ടി വോട്ടുകളാണെന്നാണ് വിലയിരുത്തല്‍. ശബരിമല മുന്‍നിര്‍ത്തി കെ. സുരേന്ദ്രന്‍ മല്‍സരിക്കാനെത്തുന്ന ഈ തിരഞ്ഞെടുപ്പ് എല്ലാ കണക്കൂകൂട്ടലുകളും മറികടന്ന് എന്‍ഡിഎയെ വിജയത്തിലെത്തിക്കുമെന്ന് നേതൃത്വം കരുതുന്നു. എന്‍ഡിഎയുടെ ഈ കണക്കുകൂട്ടലുകളിലാണ് ഇടതുപക്ഷത്തിന്റെ കണക്കുകൂട്ടല്‍. കോണ്‍ഗ്രസ് വോട്ടുകളിലാകും എന്‍ഡിഎ വിള്ളലുണ്ടാക്കുകയെന്ന് സിപിഎം പ്രതീക്ഷിക്കുന്നു. അതേസമയം, എന്‍ഡിഎയുടെ ഈ വോട്ടു നിലയാണ് കോണ്‍ഗ്രസിനെ കരുതലോടെ നീങ്ങാന്‍ പ്രേരിപ്പിക്കുന്നത്. സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളിലും എന്‍ഡിഎയുടെ കടന്നുകയറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും കോണ്‍ഗ്രസിനുണ്ട്.

shortlink

Related Articles

Post Your Comments


Back to top button