Life Style

പങ്കാളിയോട് കടുത്ത പ്രണയം ഉണ്ടായിട്ടും ഡിവോഴ്സില്‍ എത്തുന്നതിനു പിന്നില്‍ ഈ കാര്യങ്ങള്‍

ആരോഗ്യകരമായ ദാമ്പത്യ ജീവിതത്തിന് പങ്കാളികള്‍ രണ്ടുപേരും ഒരു പോലെ താല്‍പര്യപ്പെടേണ്ടതുണ്ട്. പലപ്പോഴും പ്രണയം മാത്രമാകില്ല രണ്ടുപേര്‍ തമ്മിലുള്ള ബന്ധത്തിന്റെ അടിസ്ഥാനം. രണ്ടുപേര്‍ തമ്മില്‍ ഒരുമിച്ചു ജീവിക്കുമ്പോഴോ പ്രണയത്തിലായിരിക്കുമ്പോഴോ പോലും കാര്യങ്ങള്‍ വഴിതിരിഞ്ഞു പോകുമെന്നു പ്രവചിക്കാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് പങ്കാളിയോട് കടുത്ത സ്നേഹം ഉണ്ടായിരിക്കുമ്പോള്‍ പോലും അവരെ ഉപേക്ഷിക്കാന്‍ ചില കാരണങ്ങള്‍ കൊണ്ട് സ്ത്രീകള്‍ തയാറാകുന്നത്.

1. വില നല്‍കാതിരിക്കുക

അവരര്‍ഹിക്കുന്ന വില ലഭിക്കാതിരുന്നാല്‍ ആര്‍ക്കും അതു സഹിക്കാന്‍ കഴിയില്ല. സ്ത്രീകളെ സംബന്ധിച്ചിടത്തോളം അവര്‍ നൂറ്റാണ്ടുകളായി സമൂഹത്തില്‍ നേരിടുന്ന പ്രതിസന്ധിയാണിത്. കുടുംബജിവിതത്തില്‍ പോലും തുടക്കത്തിലെ കൗതുകവും ആഘോഷവും അവസാനിക്കുമ്പോള്‍ പിന്നീട് തന്റെ സ്ത്രീ പങ്കാളിയെ പരിഗണിക്കുന്ന രീതിയില്‍ മിക്കവാറും മാറ്റം സംഭവിക്കുന്നു. അവര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അവര്‍ ചെയ്യാന്‍ വിധിക്കപ്പെട്ടതാണെന്ന തോന്നല്‍ പുരുഷന്‍മാരില്‍ ഉണ്ടാകും. സാമൂഹികവും സാമ്പത്തികവുമായി സ്വാതന്ത്ര്യത്തിനു വില കല്‍പ്പിക്കുന്ന ഇക്കാലത്തെ സ്ത്രീകള്‍ക്ക് ഇത് സഹിക്കാനാവുന്നതല്ല. എത്ര കടുത്ത സ്നേഹമുണ്ടെങ്കിലും സ്വയം വിലകുറഞ്ഞവളെന്ന തോന്നലുണ്ടാക്കിയാല്‍ അവര്‍ നിങ്ങളെ വിട്ടുപോകാന്‍ ഒട്ടും മടിച്ചെന്ന് വരില്ല.

2. അവര്‍ക്ക് വേണ്ടി സമയം നല്‍കാതിരിക്കുക

ഒരുമിച്ചുള്ള സമയങ്ങളാണ് രണ്ടുപേരുടെ പ്രണയത്തിലേയും ജീവിതത്തിലേയും ഏറ്റവും മനോഹര മുഹൂര്‍ത്തങ്ങള്‍. പ്രണയത്തിനും വിരഹത്തിനും എല്ലാം അതിന്റേതായ സൗന്ദര്യമുണ്ടെങ്കിലും അവയുടെയെല്ലാം അടിസ്ഥാനം രണ്ടുപേര്‍ അവര്‍ക്കു വേണ്ടി മാറ്റി വക്കുന്ന സമയത്തിന്റെയും അവരുടെ കരുതലിന്റെയും അടിസ്ഥാനത്തിലായിരിക്കും. പങ്കാളികള്‍ക്കു വേണ്ടി മാറ്റി വെക്കുന്ന സമയത്തിലും കരുതലിലും കുറവു വരുമ്പോള്‍ അത് അവഗണിക്കപ്പെടുന്നുവെന്നോ അല്ലെങ്കില്‍ താന്‍ അധികപ്പറ്റാണെന്നോ ഉള്ള തോന്നല്‍ അവരിലുണ്ടാകാന്‍ ഇടയുണ്ട്.

3. സെക്സ് പ്രണയത്തിന്റെ ഭാഗമല്ലാതാകുമ്പോള്‍

സെക്സ് സ്ത്രീകളെ സംബന്ധിച്ച് പ്രണയത്തിന്റെ ഭാഗമാണ്, അത് വെറും ശാരീരിക ആവശ്യമല്ല. സെക്സില്‍ വൈകാരികതയില്ല ശാരീരിക താല്‍പ്പര്യം മാത്രമേ ഉള്ളു എന്നു തിരിച്ചറിഞ്ഞാല്‍ അതവരെ മാനസികമായി തന്നെ തകര്‍ക്കും. സ്വയം ഒരു ഉപഭോഗ വസ്തുവാകാന്‍ ഒരു സ്ത്രീയും ആഗ്രഹിക്കില്ല. അതിനാല്‍ തന്നെ നിങ്ങളോട് എത്ര സ്നേഹമുണ്ടെങ്കിലും അവര്‍ നിങ്ങളെ ഉപേക്ഷിക്കാനുള്ള എല്ലാ സാദ്ധ്യതയും ഉണ്ട്.

4. പുരുഷനില്‍ സ്വാര്‍ഥതയും രഹസ്യവും വര്‍ദ്ധിച്ചാല്‍

തന്റെ പുരുഷ പങ്കാളി തന്നില്‍ നിന്നു കാര്യങ്ങള്‍ മറച്ചു പിടിക്കുന്നതായി തോന്നിയാല്‍ അത് സ്ത്രീകളില്‍ മാനസികമായ അകലം സൃഷ്ടിക്കും. അവര്‍ സ്വന്തം കാര്യം മാത്രം നോക്കുന്നവരായി മാറിയാല്‍ അതും സ്ത്രീകള്‍ക്ക് സഹിക്കാനാകില്ല. ഏതൊരു ബന്ധത്തിലും പരസ്പരമുള്ള വിശ്വാസം അനിവാര്യമാണ്. തന്റെ ഭാര്യയില്‍ നിന്നായാലും കാമുകിയില്‍ നിന്നായാലും ഇങ്ങനെ കാര്യങ്ങള്‍ മറച്ചു പിടിക്കുന്നത് പരസ്പരമുള്ള വിശ്വാസത്തെ ബാധിക്കും. എത്ര വലിയ സ്നേഹത്തിലും പരസ്പര വിശ്വാസമില്ലായ്മ വിള്ളല്‍ വീഴ്ത്തുമെന്നതില്‍ സംശയമില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button