Latest NewsIndiaElection Special

എന്തുകൊണ്ട് നരേന്ദ്ര മോദിക്ക് വോട്ട് ചെയ്യണം ? രാജ്യത്തിൻറെ ഭാവി എന്താവണം എന്ന് തീരുമാനിക്കാനുള്ള അവസരം : മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

എന്തൊക്കെയാണ് ഈ ലോകസഭ തിരഞ്ഞെടുപ്പിൽ ചർച്ചാവിഷയമാവുക, പരിഗണിക്കപ്പെടുക എന്നതാണ് ചർച്ച. ആദ്യ മൂന്ന് ഭാഗങ്ങളിൽ ചൂണ്ടിക്കാട്ടിയത് നാല്‌ കാര്യങ്ങളാണ്; അത് ഓർമ്മിപ്പിക്കാം. (ഒന്ന്): ശബരിമല പ്രശ്നം എത്രത്തോളം അവഗണിക്കാനാവും. (രണ്ട്‌ ): വിശ്വാസികൾക്കൊപ്പം എന്ന് പറയുന്ന കോൺഗ്രസിന് വിശ്വാസ സമൂഹത്തോട് എങ്ങിനെ നീതി പുലർത്താനാവും; കോൺഗ്രസ് കേന്ദ്ര നേതൃത്വം ആചാരാനുഷ്ടാനങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഭക്തസമൂഹത്തോട് ഒപ്പമില്ലാത്ത സാഹചര്യത്തിൽ.

(മൂന്ന്): ശബരിമല പ്രശ്നം ഉയർന്നുവന്നപ്പോൾ പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം ചർച്ചാവിഷയമല്ലാതായി. എന്നാൽ വെള്ളപ്പൊക്ക കെടുതികൾ അനുഭവിച്ച ആയിരങ്ങൾ കേരളത്തിലുണ്ട്; അതും ഇന്നിപ്പോൾ സജീവ ചർച്ചാ വിഷയമാവുകയാണ്. (നാല് ): വോട്ടിങ് യന്ത്രം സംബന്ധിച്ച പ്രതിപക്ഷ പരാതിയാണ് വേറൊന്ന്; തിരഞ്ഞെടുപ്പിൽ പരാജയപ്പെടുമ്പോൾ വോട്ടിംഗ് യന്ത്രത്തിന്റെ കുഴപ്പം കണ്ടെത്തുന്നവർ വിജയിക്കുമ്പോൾ മിണ്ടാതിരിക്കുന്നത്, ഇക്കാര്യത്തിൽ ആദ്യം മുതലേ കോൺഗ്രസ് സ്വീകരിച്ച ഇരട്ടത്താപ്പുമാണ് ചൂണ്ടിക്കാണിച്ചത്.

ഇനി ശ്രദ്ധിക്കേണ്ടത്, എന്തുകൊണ്ടാണ് ജനങ്ങൾ ഇത്തവണ വോട്ട് ചെയ്യേണ്ടത് എന്ന ബിജെപി – കേന്ദ്ര സർക്കാർ നിലപാടുകളാണ്. അത് ഓരോന്നായി പരിശോധിക്കാം. ലോകത്തിലെതന്നെ ഏറ്റവും വലിയ ബാലറ്റ് യുദ്ധത്തിനാണ് അരങ്ങൊരുങ്ങിയിരിക്കുന്നത് എന്നതിൽ ആർക്കും സംശയമില്ല. അടുത്ത അഞ്ചുവർഷം ആരാണ് ഭരിക്കുക എന്നതല്ല മറിച്ച് എന്താവും ഈ രാജ്യത്തിൻറെ ഭാവി എന്ന് നിശ്ചയിക്കുന്നതാവും ഈ തിരഞ്ഞെടുപ്പ് എന്നതിൽ തർക്കമില്ല. ലോകശക്തിയായി ഇന്ത്യയെ മാറ്റിയ നരേന്ദ്ര മോദിയും ബിജെപിയും അധികാരത്തിൽ തുടരണോ അതോ ഒരു കാര്യത്തിലും യോജിപ്പിലെത്താൻ ഇനിയുമായിട്ടില്ലാത്ത, അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും പര്യായമായിട്ടുള്ള ‘തല്ലിക്കൂട്ടിയ’ ഒരു പ്രതിപക്ഷ സഖ്യത്തിന് മേൽക്കൈ ഉണ്ടാക്കണോ എന്നതാണ് പ്രധാന പ്രശ്നം. ഇപ്പോഴത്തെ ഒരു പ്രത്യേകത, ‘പുൽവാമ’ക്ക് ശേഷം രാജ്യം മുഴുവൻ നമ്മുടെ പ്രതിരോധ സേനക്കൊപ്പം ഒറ്റക്കെട്ടായി നിൽക്കുന്നത് നാം കണ്ടുകൊണ്ടാണ് രാജ്യം വോട്ടെടുപ്പിന് നീങ്ങുന്നത് എന്നതാണ്. ദേശസുരക്ഷക്ക് മറ്റെന്തിനേക്കാൾ പ്രാമുഖ്യം ലഭിച്ചിരിക്കുന്നു; അവിടെ നരേന്ദ്ര മോഡി സർക്കാർ രാഷ്ട്രത്തിന്റെ പ്രതീക്ഷക്കൊത്ത് ഉയരുകയും ചെയ്തു. തീർച്ചയായും ഈ തിരഞ്ഞെടുപ്പിലെ പ്രധാന വിഷയം ദേശ സുരക്ഷതന്നെയാണ്. അതിനൊപ്പം മോഡി സർക്കാർ ജനങ്ങൾക്കായി ചെയ്ത നല്ല കാര്യങ്ങളും തീർച്ചയായും തിരഞ്ഞെടുപ്പ് വിഷയമാകും. എന്തുകൊണ്ട് ഇത്തവണ ബിജെപിക്ക്, നരേന്ദ്ര മോദിക്ക്, വോട്ട് ചെയ്യണം എന്നതാണ് ഇവിടെ വിശകലനം ചെയ്യുന്നത്. ഇന്ത്യയിലെ രാഷ്ട്രീയ കാലാവസ്ഥയുടെ ഒരു വിശകലനം കൂടിയാണിത്. ഓരോ വിഷയമായി പരിശോധിക്കാം.

 

ഒന്നുകൂടി ഈ സമയത്ത് സൂചിപ്പിക്കേണ്ടതുണ്ട്; ഇതൊരു ശക്തമായ പരീക്ഷണമാണ് എന്നും ഇന്ത്യയിൽ ജനാധിപത്യം നിലനിൽക്കണമെങ്കിൽ നരേന്ദ്ര മോദിയെ പരാജയപ്പെടുത്തണം എന്നും പറഞ്ഞുകൊണ്ട് രാജ്യത്തെ പ്രതിപക്ഷ കക്ഷികൾ അരയും തലയും മുറുക്കി രംഗത്തിറങ്ങാൻ ശ്രമിക്കുന്നതും എന്നാൽ അതൊക്കെ എവിടെയുമെത്താതെ പോകുന്നതും നാം ഇപ്പോൾ കാണുന്നുണ്ട് . അതേസമയം തന്നെയാണ് മുന്പൊരിക്കലൂം കാണാത്ത ആത്മവിശ്വാസവുമായി മുന്നോട്ട് പോകാൻ ബിജെപിയും എൻഡിഎ -യും മുന്നിട്ടിറങ്ങുന്നതും രാജ്യം കാണുന്നത് . മറ്റൊരു പ്രത്യേകത, അഴിമതിയിൽ പെട്ടുപോകാറുള്ളത് സാധാരണ ഭരണകക്ഷിയാണ്; എന്നാൽ ഇവിടെ അഴിമതിക്കുണ്ടിൽ ചെന്നുപെട്ട് ഉഴലുന്നത് പ്രതിപക്ഷമാണ്; സോണിയ പരിവാർ എന്തൊരു അവസ്ഥയിലാണ് ചെന്നുപെട്ടിരിക്കുന്നത്…….. ഓരോ ദിവസവും പുറത്തുവരുന്ന തട്ടിപ്പിന്റെ കഥകൾ അക്ഷരാർഥത്തിൽ കോൺഗ്രസിനെ ചെറുതായൊന്നുമല്ല അലട്ടുന്നത്. ഇവർ അഴിമതിക്കാരാണ് എന്നറിയാമായിരുന്നുവെങ്കിലും അത് ഇത്രത്തോളമായിരുന്നു എന്ന് പലരും കരുതിയിരുന്നില്ല എന്നതും സ്മരിക്കേണ്ടതുണ്ട്. ടോം വടക്കനെപ്പോലെ ദീർഘകാലമായി കോൺഗ്രസിന്റെ മുഖമായി മാറിയവർക്ക്‌ പോലും ഇന്ന് സോണിയ- രാഹുൽ പരിവാറിൽ വിശ്വാസമില്ലാതായത് ചെറിയ കാര്യമല്ല. മോഡി സർക്കാരിനെതിരെ ഉയര്ത്തിക്കൊണ്ടുവന്ന റഫാൽ യുദ്ധവിമാന വിഷയം പോലും തിരിച്ചടിച്ചതും കോൺഗ്രസിന് തലവേദന ഉണ്ടാക്കിയിട്ടുണ്ട്. മാത്രമല്ല രാജ്യസുരക്ഷ ഇന്നിപ്പോൾ ഒരു സുപ്രധാന വിഷയമായി മാറുന്നു എന്നതാണ് ശ്രദ്ധിക്കേണ്ടത്. തീർച്ചയായും, സമഗ്രമായി വിലയിരുത്തേണ്ട വിഷയമാണിത്.

അഞ്ച്‌ വര്ഷം പൂർത്തിയാക്കിയ ഒരു സർക്കാരിന് മുൻപിൽ തീർച്ചയായും കുറെ വലിയ വെല്ലുവിളികൾ ഉണ്ടാവും. എന്താണ് തിരഞ്ഞെടുപ്പ് വേളയിൽ വാഗ്‌ദാനം ചെയ്തത്, അതിൽ എന്തൊക്കെ എത്രത്തോളം നടപ്പിലാക്കി….. അതിനെക്കുറിച്ചൊരു ‘ബാലൻസ് ഷീറ്റ്’ ജനസമക്ഷം വെക്കാനുള്ള ചുമതല ഏതൊരു ഭരണകൂടത്തിനുമുണ്ട്. അതിന് സർക്കാർ തയ്യാറായില്ലെങ്കിൽ ജനങ്ങൾ അത് ഉന്നയിക്കും; പ്രതിപക്ഷവും ഇക്കാര്യത്തിൽ ശ്രദ്ധചെലുത്തും എന്നത് പറയേണ്ടതില്ലല്ലോ. അതുകൊണ്ട് സാധാരണ നിലക്ക് ഏതൊരു പൊതു തിരഞ്ഞെടുപ്പിലും പ്രധാന ചർച്ചാവിഷയം വാഗ്‌ദാനങ്ങൾ പാലിക്കാത്തത് സംബന്ധിച്ചാണ് . എന്നാൽ ആ പതിവും ഇത്തവണ ഇല്ലാതായി; കാരണം വ്യക്തം; തങ്ങൾ എന്താണോ വാഗ്‌ദാനം ചെയ്തത്, എന്താണോ നടപ്പിലാക്കിയത്, അതൊക്കെ ഉയർത്തിക്കാട്ടിക്കൊണ്ടാണ് മോഡി സർക്കാർ, ബിജെപിയും എൻഡിഎ -യും, ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. അവർക്ക് ഒന്നും മറച്ചുവെക്കാനില്ല; പറഞ്ഞതിലേറെ പലതും ചെയ്തു കാണിച്ചുകഴിഞ്ഞു ….. പിന്നെന്തിന് സങ്കോചം?. വേറൊന്ന് ഇന്ത്യയുടെ യശസ്സ് ലോകത്തിന് മുന്നിൽ വാനോളം ഉയർത്തിയ പ്രധാനമന്ത്രി എന്നതാണ്. വിദേശനയത്തിലെ ചാരുതയാണ് അത്; അതിനൊപ്പം ലോകരാഷ്ട്രങ്ങൾക്ക് തങ്ങളിൽ ഒരാളായി ഇന്ത്യയെക്കൂടി കാണേണ്ടിവരുന്ന അവസ്ഥ സൃഷ്ടിക്കാൻ മോഡി സർക്കാരിനായിരിക്കുന്നു …… ലോക നേതാവായി നരേന്ദ്ര മോഡി മാറുന്നതും ഇക്കാലത്ത്‌ കണ്ടു എന്നതും പ്രധാനം തന്നെ. നേരത്തെ സൂചിപ്പിച്ച രാഷ്ട്ര സുരക്ഷയാണ് മറ്റൊന്ന്, അല്ലെങ്കിൽ ഏറെ പ്രധാനപ്പെട്ടത്. അനവധി ഉദാഹരണങ്ങൾ അതിന് സൂചിപ്പിക്കാനുണ്ട്; ഏറ്റവുമൊടുവിൽ പാക്കിസ്ഥാനിൽ ഇന്ത്യൻ സേന നടത്തിയ ആക്രമണം, സർജിക്കൽ സ്ട്രൈക്ക് മാത്രം പോരെ ഇന്ത്യയുടെ കരുത്തും ഭരണകൂടത്തിന്റെ പ്രതിബദ്ധതയും വിളിച്ചോതാൻ.

ഇന്ത്യയെപ്പോലുള്ള ഒരു രാജ്യത്തെ സർക്കാരിന് അഞ്ച് വർഷക്കാലത്ത് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനായിട്ടുണ്ടാവും. അത് മുഴുവൻ ഒരു ചെറു ലേഖനത്തിൽ വിശദീകരിക്കുക എളുപ്പമല്ല. എന്നാൽ ചില സുപ്രധാന കാര്യങ്ങൾ ഓർമ്മിപ്പിക്കേണ്ടതുണ്ടുതാനും. സാധാരണ നാം പറയാറുണ്ട്, ഒരു സർക്കാരും വലിയ തോതിലുള്ള പരിഷ്‌ക്കാരങ്ങൾക്ക് ശ്രമിക്കാറില്ല എന്ന്. സാമ്പത്തിക പരിഷ്കരണ നടപടികളുടെ കാര്യമാവുമ്പോൾ എല്ലാവരും വളരെയേറെ മടി കാണിക്കുന്നതാണ് കണ്ടിട്ടുള്ളത്. കാരണം വ്യക്തമാണ്. പരിഷ്കരണ നടപടികൾ എപ്പോഴും ഭരണകർത്താക്കൾക്ക് ആശങ്ക പ്രദാനം ചെയ്യുന്നതാണ്. എവിടെയെങ്കിലും , ചെറുതായിട്ടാണെങ്കിലും, പാളിപ്പോയാൽ അത് തന്റെ രാഷ്ട്രീയ ഭാവിയെത്തന്നെ ബാധിക്കുമെന്ന് കരുതുന്ന രാഷ്ട്രീയക്കാരാണ് പലരും. ഇവിടെയാണ് നരേന്ദ്ര മോഡി വ്യത്യസ്തനാവുന്നത്. രണ്ട്‌ സുപ്രധാന സാമ്പത്തിക പരിഷ്കരണ നടപടികൾക്ക് അദ്ദേഹം മുന്നിട്ടിറങ്ങിയത് കഴിഞ്ഞ അഞ്ചുവര്ഷത്തിനിടയിൽ രാജ്യം കണ്ടുവല്ലോ. ഒന്ന്, നോട്ട് നിരോധനം; രണ്ടാമത്തേത് ജിഎസ്‌ടി. ഇന്ത്യൻ സമ്പദ് ഘടനയെ മാറ്റിമറിച്ച സംഭവങ്ങളാണ് അവ രണ്ടും. സ്വന്തം വോട്ട് ബാങ്ക് പോലും നോക്കാതെ, രാജ്യതാല്പര്യം മാത്രംനോക്കി അദ്ദേഹം തീരുമാനമെടുത്തു, മുന്നോട്ട് പോയി. ശരിയാണ്, കുറെഏറെ പ്രശ്നങ്ങൾ ഉയർന്നുവന്നിരുന്നു. എന്നാൽ അത് കൂടിയേതീരൂ….. പ്രശ്നങ്ങൾ ഉണ്ടാവും, അതൊക്കെ ഇതിനെ ഭാഗമാണ്, അതിനെ അതിന്റെ വഴിക്ക് നേരിടുക …. ഇതായിരുന്നു മോദിയുടെ മന്ത്രം. ഇന്നിപ്പോൾ പിന്തിരിഞ്ഞു നോക്കുമ്പോൾ ഈ രണ്ടു നടപടികളും ഇന്ത്യയുടെ സാമ്പത്തിക മേഖലക്ക് പകർന്ന ശക്തി ഏവർക്കും ബോധ്യമാവുന്നുണ്ടാവണം. മുൻ സർക്കാരുകളുടെ മുന്നിൽ ഈ വിഷയമൊക്കെ ഉയർന്നു വന്നിരുന്നതാണ്. എന്നാൽ തീരുമാനമെടുക്കാനുള്ള ചങ്കുറപ്പ് ഇല്ലായിരുന്നു; അത് മോഡിക്ക്‌ ഉണ്ടായിരുന്നുതാനും.

മറ്റൊന്ന് സർക്കാർ ഊന്നൽ നൽകിയത് ഗ്രാമങ്ങളിലെ ജനങ്ങളുടെ സ്ത്രീകളുടെ വിഷമങ്ങളിലേക്കാണ്; അവർ പാചകം ചെയ്യാനായി ആശ്രയിച്ചിരുന്നത് വിറകിനെയാണ്, പുക അടുപ്പുകളെയാണ്. ഏൽപിജിയും മറ്റും അവർക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. എന്നാൽ ആ അസാധ്യമായതും സാധ്യമാക്കാൻ മോഡി തീരുമാനിച്ചതാണ് പിന്നീട് കണ്ടത്. ‘ഉജ്വല യോജന’ അതിന്റെ ഭാഗമായിരുന്നു…… പാവപ്പെട്ട പിന്നാക്കം നിൽക്കുന്നവർക്ക് സൗജന്യമായി പാചകവാതക കണക്ഷനുകൾ നൽകാനുള്ള പദ്ധതി. അടുപ്പിന് മുന്നിലിരുന്ന് പുക ഊതി, വിറകും മറ്റും ഉപയോഗിച്ച് പാചകം ചെയ്തിരുന്ന മൂന്നര കോടി ഭവനങ്ങളിലെ അമ്മമാരും സഹോദരിമാരും ഇന്ന് സന്തോഷവതികളാണ്; അവർക്കിന്ന് എൽപിജി അടുക്കളയിലുണ്ട്; ഏഴ് കോടി എൽപിജി കണക്ഷനുകളാണ് ഇതിനകം സൗജന്യമായി വിതരണം ചെയ്തത്. ഇത്രമാത്രം സാധാരണക്കാരിലേക്ക് ഇറങ്ങിച്ചെന്ന ഒരു ഭരണകൂടം വേറെ ഉണ്ടായിട്ടുണ്ടാവുമോ, ഇന്ത്യ ചരിത്രത്തിൽ. ഇല്ല എന്ന് പറയാൻ ഏറെ ആലോചിക്കേണ്ടിവരുമെന്ന് തോന്നുന്നില്ല.

വൈദ്യുതിയാണ് വേറൊന്ന്. നമ്മുടെ പല വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും നാലും അഞ്ചും മണിക്കൂർ ആണ് പ്രതിദിനം വൈദ്യുതി ലഭ്യമായിരുന്നത്. ബാക്കിയൊക്കെ പവർ കട്ട്. ഇതിന് മാറ്റമുണ്ടാവണം എന്നതാണ് ഈ സർക്കാർ തീരുമാനിച്ചത്. അതിന് വൈദ്യുതി ഉത്പാദനം വര്ധിപ്പിക്കാൻ തീരുമാനിച്ചു…..സ്വകാര്യ- പൊതുമേഖലാ സ്ഥാപനങ്ങൾ അതിനാവശ്യമായ നടപടികൾ സ്വീകരിച്ചു. കൽക്കരിയാണ് പലരും അതിന് ഉപയോഗിച്ചത്; അത് ലേലംചെയ്‌ത് ആവശ്യക്കാർക്ക് ന്യായമായ വിലക്ക് കൊടുക്കാൻ അനുമതി നൽകി…….. കൽക്കരി പാടം ലേലത്തിലൂടെ സർക്കാർ ഖജനാവിലേക്ക് പണമെത്തി; അതേസമയം തന്നെ വൈദ്യുതി ഉത്പാദനം സർവകാല റെക്കോർഡിട്ടു. ’24 മണിക്കൂറും മുടങ്ങാതെ വൈദ്യുതി’ എന്നത് പലർക്കും ഒരു സ്വപ്നം മാത്രമായിരുന്നു; ഇന്നിപ്പോൾ ജനങ്ങൾക്ക് അത് ബോധ്യമായി. അതിനൊപ്പമാണ് എല്ലായിടത്തും വൈദ്യുതി എത്തിക്കാനുള്ള പദ്ധതി കൂടി തുടങ്ങിയത്. ഇന്ത്യയിൽ വൈദ്യുതി എത്താത്ത ഒരു ഗ്രാമവും ഒരു ഭവനവും ഉണ്ടായിക്കൂടാ എന്നതായിരുന്നു ലക്‌ഷ്യം. ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് 2. 4 കോടി വീടുകൾക്ക് വൈദ്യുതി എത്തിച്ചു; ഈ മേഖലയിൽ ഏതാണ്ടൊക്കെ നൂറു ശതമാനം എന്ന നേട്ടവും ഇക്കാലത്ത് ഉണ്ടായി. ഇന്നിപ്പോൾ വൈദ്യുതി എത്താത്ത ഒരു ഗ്രാമവും ഇന്ത്യയിൽ ഇല്ല . ഇതൊരു വിപ്ലവമല്ലേ അല്ലെങ്കിൽ ഇതല്ലേ ഒരു വിപ്ലവം?. അതിനും നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ വരേണ്ടിവന്നു. അങ്ങിനെ വൈദ്യുതി ലഭിച്ചവർ, എൽപിജി കിട്ടിയവർ ഒക്കെ ഈ തിരഞ്ഞെടുപ്പ് വേളയിൽ എങ്ങിനെ മോദിയെ മറക്കും?.

കാർഷിക മേഖലയിൽ ബഹുമുഖ കർഷകക്ഷേമ പദ്ധതികളാണ് ഈ സർക്കാർ നടപ്പിലാക്കിയത്. കർഷകരുടെ കൃഷി ഭൂമി പരിശോധിച്ച്‌ ‘സോയിൽ കാർഡ്’ കൊടുക്കുന്നതാണ് അതിലൊന്ന്. കൃഷിയിടങ്ങളിൽ എന്തൊക്കെയാണ് മാറ്റമുണ്ടാവേണ്ടത്, എന്തൊക്കെ വളമാണ് ചേർക്കേണ്ടത്, എന്താണ് കൃഷി ചെയ്യാനാവുക തുടങ്ങിയ വിവരങ്ങൾ അതിലൂടെ കർഷകന് ലഭ്യമാവുന്നു. അത് ശാസ്ത്രീയമായ പഠനമാണ് . ഗുജറാത്തിൽ മുഖ്യമന്ത്രി ആയിരിക്കെ മോഡി നടപ്പിലാക്കിയ പദ്ധതിയാണിത്. കാർഷികോൽപ്പാദന വർദ്ധനവിന് അത് സഹായിച്ചു എന്നതാണ് അന്ന് കണ്ടത്. അതിനിപ്പോൾ രാജ്യമെമ്പാടും നടപ്പിലാക്കിയിരിക്കുന്നു. 5,000 കോടിയുടെ മൈക്രോ ഇറിഗേഷൻ ഫണ്ടും സർക്കാർ രൂപീകരിച്ചു. ഏതാണ്ട് 31. 03 ലക്ഷം ഹെക്ടർ കൃഷി ഭൂമിയിൽ അതനുസരിച്ച് മൈക്രോ ഇറിഗേഷൻ കൊണ്ടുവരാൻ കഴിഞ്ഞു. ‘ഹർ ഖേത് കോ പാനി’ പദ്ധതിക്കായി നീക്കിവെച്ചത് 50,000 കോടിയാണ്. ഇതിനൊക്കെ പുറമെ കാര്ഷികോല്പന്നങ്ങൾ സൂക്ഷിക്കാനായി എയർ കണ്ടിഷൻ ചെയ്ത സംഭരണശാലകൾ അനവധി നിർമ്മിച്ചു . ഇ- ട്രേഡ് ഈ രംഗത്ത് കൊണ്ടുവന്നു. മുന്പെങ്ങുമില്ലാത്തവിധത്തിൽ ഫുഡ് പ്രോസസിംഗ് ശാലകൾ തുടങ്ങി; അത് കാർഷികോല്പന്നങ്ങൾക്ക് നല്ലൊരു വിപണിയുമായി. ഇങ്ങനെ എല്ലാമേഖലയിലും കർഷകരുടെ ആവശ്യങ്ങൾ അറിഞ്ഞുകൊണ്ട് പ്രവർത്തിച്ചു എന്നതാണ് ശ്രദ്ധിക്കേണ്ടത്. യൂറിയ, വളം തുടങ്ങിയവ കുറഞ്ഞവിലയ്ക്ക് ലഭ്യമാക്കിയത്, അതിന്റെ സബ്‌സിഡി നേരിട്ട് കർഷകന് കിട്ടുന്ന സമ്പ്രദായം രൂപീകരിച്ചത്, സർവോപരി തറവില വലിയ തോതിൽ വർധിപ്പിച്ചത്…….. തറവില ഇത്രയേറെ വർധിപ്പിച്ച ഒരു സർക്കാർ വേറെ ഉണ്ടായിട്ടില്ലല്ലോ. ഏറ്റവുമൊടുവിൽ രണ്ട്‌ ഏക്കർ വരെ കൃഷിഭൂമി ഉള്ള കർഷകന് ഏക്കർ ഒന്നിന് ആറായിരം രൂപ പ്രതിവർഷം നൽകുന്ന പദ്ധതിയുമായി. ഒരു സാധാരണ കർഷക കുടുംബത്തിന് നരേന്ദ്ര മോദിയെ മറക്കാൻ കഴിയാത്ത അവസ്ഥയുണ്ടായിരിക്കുന്നു എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്.

ചികിത്സ തേടുന്നവർക്കായി പ്രഖ്യാപിച്ച ‘ആയുഷ്‌മാൻ ഭാരത്’ പദ്ധതിയാണ് മറ്റൊന്ന്……. ഇതൊരു സമഗ്ര ആരോഗ്യ ഇൻഷുറൻസ് പദ്ധതിയാണ്. സാധാരണക്കാരൻ ചികിത്സക്കായി ബുദ്ധിമുട്ടുന്നത് ഒഴിവാക്കുകയാണ് ലക്‌ഷ്യം. അഞ്ചു ലക്ഷം വരെയുള്ള ചികിത്സ അതിലൂടെ ഉറപ്പാക്കാൻ കഴിയും. അൻപത് കോടി ജനങ്ങളെയാണ് അതിലുൾപ്പെടുത്താൻ ഉദ്ദേശിച്ചത്. മറ്റൊന്ന് സർക്കാർ കൊണ്ടുവന്ന ‘ജൻ ഔഷധി’ സ്റ്റോറുകൾ ആണ്. കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കുകയാണ് അതിലൂടെ ലക്ഷ്യമിട്ടത്. അത് വലിയ വിജയമായിക്കഴിഞ്ഞു. കാൻസർ ഉൾപ്പടെയുള്ള ചികിത്സക്കാവശ്യമുള്ള മരുന്നുകളുടെ വില ഏതാണ്ട് എഴുപത് ശതമാനം വരെ കുറച്ചതും ഈ കാലഘട്ടത്തിലാണല്ലോ.

സ്വച്ഛ് ഭാരത് അഭിയാൻ ആണ്‌ മറ്റൊന്ന്. കേട്ടാൽ നിസാരമെന്ന് തോന്നും. എന്നാൽ നമ്മുടെ വീടുകളിൽ കക്കൂസ് നിർമ്മിക്കാനുള്ള പദ്ധതിയാണത്. എഴുപത് ശതമാനം വീടുകളിൽ കക്കൂസുകൾ ഇല്ലായിരുന്ന കാലഘട്ടത്തിലായിരുന്നു അത്. ഇന്ന് അത് പരിഹൃതമായിരിക്കുന്നു; നൂറ് ശതമാനം നേട്ടം ആ പദ്ധതി ഏതാണ്ട് കൈവരിച്ചിരിക്കുന്നു. ഇത് ഒരു കുടുംബത്തിന്റെ നിലപാടുകൾ, കാഴ്ചപ്പാടുകൾ മാറ്റിമറിച്ച സംഭവമായിരുന്നു എന്നത് പറയാതെ വയ്യ.

BJP MOI

നമ്മുടെ വിമുക്ത ഭടന്മാർക്ക് ഓആർഒപി നടപ്പിലാക്കണം എന്ന നിർദ്ദേശം എത്രയോ വർഷമായി നിലനിൽക്കുന്നു. അത് നടപ്പിലായത്‌ ഈ സർക്കാരിന്റെ കാലത്തല്ലേ. പ്രതിരോധ സേനക്ക് എത്രയോ കാലമായി ഒരു ആയുധവും വാങ്ങാതിരിക്കുകയായിരുന്നു….. അതിനും നടപടി സ്വീകരിച്ചത് ഇക്കാലത്താണ്. വിമുക്ത ഭടന്മാർക്കും സൈനികരുടെ കുടുംബങ്ങൾക്കും എങ്ങിനെയാണ് ഈ പ്രധാനമന്ത്രിയെയും സർക്കാരിനെയും കണക്കിലെടുക്കാതിരിക്കാൻ കഴിയുക. (തുടരും).

shortlink

Related Articles

Post Your Comments

Related Articles


Back to top button