Kerala

എച്ച്1 എന്‍1 പനിക്കെതിരെ ജാഗ്രത പാലിക്കാൻ നിർദേശം

കോഴിക്കോട്: ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ നിന്നും ജനുവരി മുതല്‍ ഇതുവരെയായി 43 എച്ച്1 എന്‍1 പനികേസുകള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ഇതില്‍ 3 മരണവും സംഭവിച്ചിട്ടുണ്ട്. ഏപ്രില്‍ മാസത്തില്‍ മാത്രം 12 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത സാഹചര്യത്തില്‍ എച്ച്1 എന്‍1 പനിക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജയശ്രീ.വി. അറിയിച്ചു. ഇന്‍ഫ്‌ളുവന്‍സ ടൈപ്പ് എ വൈറസ് മൂലമുണ്ടാകുന്ന ഒരു രോഗമാണ് എച്ച്1 എന്‍1. വായുവിലൂടെ എളുപ്പത്തില്‍ പകരുന്ന സാംക്രമിക രോഗമാണിത്. ചുമക്കുമ്പോഴും, തുമ്മുമ്പോഴും സൂക്ഷ്മ കണങ്ങള്‍ വായുവിലൂടെ മറ്റൊരാളിലേക്ക് പകരുന്നു. കൂടാതെ രോഗി ഉപയോഗിക്കുന്ന വസ്തുക്കളിലൂടെയും രോഗം പകരാനുളള സാധ്യതയുണ്ട്. മറ്റു വൈറല്‍ പനികളുടെ ലക്ഷണങ്ങളായ ജലദോഷം പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടല്‍, ശരീരവേദന, വിറയല്‍, ക്ഷീണം, പേശീവേദന തുടങ്ങിയവയാണ് രോഗ ലക്ഷണങ്ങള്‍. പനിക്കൊപ്പം സാധാരണയിലും കൂടുതല്‍ വേഗത്തില്‍ ഹൃദയമിടിക്കുക, നാഡീചലനം ധ്യതിയിലാവുക, രക്തസമ്മര്‍ദ്ദം ക്രമാതീതമായി കുറയുക എന്നീ ലക്ഷണങ്ങളുമുണ്ടാകാം. ചിലരില്‍ ഛര്‍ദ്ദിയും വയറിളക്കവും ഉണ്ടാകും. രോഗി ഉപയോഗിച്ച വസ്ത്രങ്ങള്‍, തൂവാല എന്നിവ മറ്റുളളവര്‍ വീണ്ടും ഉപയോഗിക്കുന്നത് ഇരട്ടി ദോഷമുണ്ടാക്കും. ജലദോഷപ്പനിയായതിനാല്‍ ആരെയും ബാധിക്കാമെങ്കിലും രോഗപ്രതിരോധ ശേഷി കുറവുളളവര്‍ക്ക് ഈ രോഗം വളരെ പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്.

വൈറസ് ബാധിച്ച പ്രതലങ്ങളില്‍ സ്പര്‍ശിച്ച ശേഷം കണ്ണിലോ, മൂക്കിലോ, വായിലോ സ്പര്‍ശിക്കുന്നത് അണുബാധക്ക് കാരണമാകും. സാധാരണ അന്തരീക്ഷ ഊഷ്മാവില്‍ വൈറസ് മിക്കപ്പോഴും നശിച്ചുപോകും. എന്നാല്‍ എയര്‍കണ്ടീഷന്‍ മുറികളില്‍ വൈറസ് കൂടുതല്‍ നേരം നിലനില്‍ക്കും. രോഗബാധയുടെ കാ0ിന്യം അനുസരിച്ച് ഈ രോഗത്തെ മൂന്നായി തരം തിരിച്ചാണ് ചികിത്സ നിര്‍ണ്ണയിക്കുന്നത്. കാറ്റഗറി എ വിഭാഗത്തില്‍ ചെറിയതോതിലുളള പനിയും, ജലദോഷവുമാണ് രോഗലക്ഷണം. എച്ച്1.എന്‍.1 ടെസ്റ്റ് ഇത്തരക്കാര്‍ക്ക് ആവശ്യമില്ല. ഇതിന് സാധാരണ ചികിത്സ മാത്രമേ ആവശ്യമുളളൂ. പൂര്‍ണ്ണവിശ്രമവും എളുപ്പം ദഹിക്കുന്ന ഭക്ഷണവും കൂടുതല്‍ പാനീയവും കഴിക്കണം. കാറ്റഗറി ബി വിഭാഗത്തലുളള രോഗികള്‍ ആദ്യ വിഭാഗത്തിന്റെ ലക്ഷണങ്ങള്‍ക്ക് പുറമെ കടുത്ത പനിയും തൊണ്ടവേദനയും ഉണ്ടാകും. എച്ച്1.എന്‍1 രോഗത്തിനെതിരെയുളള ഒസാള്‍ട്ടാമിവീര്‍ (Oseltamivir) ചികിത്സ ആവശ്യമാണ്. വീട്ടില്‍ വെച്ചുളള പൂര്‍ണ്ണ വിശ്രമം മാത്രം മതിയാകും. മറ്റുളളവരുമായുളള സമ്പര്‍ക്കം ഒഴിവാക്കണം. എച്ച്1 എന്‍1 ടെസ്റ്റ് ഇവരിലും ആവശ്യമില്ല. രോഗത്തിന്റെ പുരോഗതി ദിവസേന വിലയിരുത്തണ്ടതും ഗുരുതരമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഉണ്ടാവുകയാണെങ്കില്‍ കിടത്തി ചികിത്സ ആവശ്യമാണ്. കാറ്റഗറി സിയില്‍ മറ്റ് ലക്ഷണങ്ങളോടൊപ്പം ശ്വാസംമുട്ടല്‍, നെഞ്ചുവേദന, അമിതമായക്ഷീണം, രക്തസമ്മര്‍ദ്ദം, ശരീരം നീലിക്കുക, രക്തംചുമച്ചുതുപ്പുക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകും. ഇത്തരക്കാരെ ഉടന്‍തന്നെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണം.

പ്രതേ്യക സ്വാബ് ഉപയോഗിച്ച് തൊണ്ടയില്‍ നിന്നും, മൂക്കില്‍ നിന്നും എടുക്കുന്ന സ്രവങ്ങളാണ് പരിശോധനക്ക് വിധേയമാക്കുന്നത്. തിരുവനന്തപുരം രാജീവ്ഗാന്ധി ബയോടെക്‌നോളജി കേന്ദ്രം, ആലപ്പുഴ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട്, എന്നിവിടങ്ങളിലേക്കാണ് സ്രവം പരിശോധനക്ക് അയക്കുന്നത്. വൈറസിനെ നശിപ്പിക്കുന്ന ‘ഒസാള്‍ട്ടമിവിര്‍’ മരുന്നാണ് ചികിത്സക്ക് ഉപയോഗിക്കുന്നത്. ഇവ എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ലഭ്യമാണ്. രോഗപ്രതിരോധ ശേഷികുറവുളളവരില്‍ ഈ രോഗം പെട്ടെന്ന് ബാധിക്കാനും മൂര്‍ച്ചിക്കാനും സാധ്യതയുണ്ട്. ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രമേഹരോഗികള്‍, വൃക്ക, കരള്‍രോഗം ബാധിച്ചവര്‍, ഹൃദ്രോഗികള്‍, രക്തസമ്മര്‍ദ്ദം, കാന്‍സര്‍, എച്ച്.ഐ.വി ബാധിതര്‍, അവയവം മാറ്റിവെച്ചവര്‍ എന്നിവര്‍ക്ക് അപകട സാധ്യത കൂടുതലാണ്.

കൈകാലുകള്‍ വൃത്തിയായി സൂക്ഷിക്കുക., സോപ്പും, വെളളവും ഉപയോഗിച്ച് ഇടക്കിടക്ക് കഴുകുക, , യാത്രക്ക്‌ശേഷം ഉടന്‍ കുളിക്കുക., രോഗികളുമായുളള സമ്പര്‍ക്കം ഒഴിവാക്കുക, രോഗലക്ഷണമുളളവര്‍ വീടുകളില്‍ പൂര്‍ണ്ണ വിശ്രമം എടുക്കുക., തുമ്മുമ്പോഴും, ചുമക്കുമ്പോഴും, മൂക്കും വായയും തൂവാല ഉപയോഗിച്ച് പൊത്തിപ്പിടിക്കുക, ഉടന്‍ തന്നെ കൈ നന്നായി കഴുകുക. ധാരാളം വെളളം കുടിക്കുക/ നന്നായി ഉറങ്ങു, പോഷകമൂല്യമുളള ഭക്ഷണം ധാരാളം കഴിക്കുക, ഇളംചൂടുളള പാനീയങ്ങള്‍ ഇടക്കിടെ കുടിക്കുക, രോഗലക്ഷണമുളളവര്‍ ആളുകള്‍ കൂടി നില്‍ക്കുന്ന സ്ഥലങ്ങളില്‍ പോകാതിരിക്കുക. മറ്റുളളവരുമായുളള സമ്പര്‍ക്കം പരമാവധി കുറക്കുക, തുടങ്ങി മുന്‍കരുതലുകള്‍ രോഗവ്യാപനം തടയാന്‍ എല്ലാവരും സ്വീകരിക്കുവാന്‍ തയ്യാറാവണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button