കൊളംബോ: ശ്രീലങ്കയെ ഞെട്ടിച്ച് വീണ്ടും സ്‌ഫോടന പരമ്പരകള്‍. ഇന്ന് രാവിലെയുണ്ടായ ആറ് സ്‌ഫോടനങ്ങളിലായി 160-ഓളം പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഉച്ചയ്ക്ക് ശേഷം വീണ്ടും രണ്ട് സ്‌ഫോടനങ്ങള്‍ ഉണ്ടായതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്‌ഫോടനം തുടരുന്ന സാഹചര്യത്തില്‍ ശ്രീലങ്കയില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചു.
കൊളംബോയിലെ ദെയവാല മൃഗശാലയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഹോട്ടലിലാണ് ഉച്ചയ്ക്ക് ശേഷം ബോംബ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടതായാണ് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ശേഷം വീണ്ടുമൊരു സ്‌ഫോടനം കൂടി നടന്നതായി സൂചനയുണ്ട്. ഡെമറ്റാഗൊഡയിലാണ് സ്‌ഫോടനം നടന്നതെന്നാണ് വിവരം.
സ്‌ഫോടനത്തില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തതായി സൂചനയുണ്ട്. ബോംബ് സ്‌ഫോടനത്തിന് പിന്നാലെ ദെയവാലയില്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മുന്‍കരുതലെന്ന നിലയില്‍ രാജ്യത്തെ സാമൂഹിക മാധ്യമങ്ങള്‍ സര്‍ക്കാര്‍ താത്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിവസം രാവിലെയുണ്ടായ സ്‌ഫോടന പരമ്പരകളില്‍ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. കൊളംബോയിലെ മൂന്ന് പള്ളികളിലും മൂന്ന് പഞ്ചനക്ഷത്രഹോട്ടലുകളിലുമാണ് സ്‌ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 160-ഓളം പേര്‍ മരിച്ചതായും ഇരുന്നൂറോളം പേര്‍ക്ക് പരിക്കേറ്റുവെന്നുമാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊല്ലപ്പെട്ടവരില്‍ ഒന്‍പത് പേര്‍ വിദേശികളാണ്. മരിച്ചവരില്‍ ഒരു മലയാളിയും ഉള്‍പ്പെടുന്നു.
Post Your Comments