Election News

ലക്ഷ്യം കണ്ട് സ്വീപ്; ചരിത്രം കുറിച്ച് പത്തനംതിട്ട

ഇത്തവണ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പു കഴിഞ്ഞപ്പോള്‍ ഏറെ ശ്രദ്ധേയമായത് സ്വീപിന്റെ നേതൃത്വത്തില്‍ നടന്ന വോട്ടര്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍. ബൂത്തിലെത്താന്‍ മടികാണിച്ചിരുന്നവരുടെ മണ്ഡലം എന്ന പേര് മാറ്റി, മുഖ്യധാരയിലേക്ക് പത്തനംതിട്ടയെയും കൈപിടിച്ചുയര്‍ത്തിയത് ജില്ലാ കളക്ടര്‍ പി.ബി. നൂഹ്, സ്വീപ്പ് നോഡല്‍ ഓഫീസര്‍ കെ.കെ. വിമല്‍രാജ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന വിജയകരമായ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കൊണ്ടുുകൂടിയാണ്. ‘നമ്മുടെ ഭാവി നമ്മുടെ വിരല്‍ത്തുമ്പില്‍’ എന്ന സ്വീപ് ആപ്തവാക്യം ജനങ്ങള്‍ നെഞ്ചിലേറ്റിയെന്ന് തെളിയിക്കുന്നതാണ് വോട്ടിംഗ് നില.

വോട്ടിംഗ് ശതമാനത്തില്‍ എന്നും പിന്നില്‍ നില്‍ക്കുന്ന ജില്ലയായിരുന്നു പത്തനംതിട്ട. 60 ശതമാനം പോളിംഗ് പോലും നടക്കാത്ത ബൂത്തുകള്‍തന്നെ നിരവധി. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 41 ബൂത്തുകളാണ് 60 ശതമാനം തികയ്ക്കാതിരുന്നത്. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥിതി പിന്നെയും മോശമായി. 92 ബൂത്തുകളില്‍ പോളിംഗ് 60 ശതമാനത്തിന് തഴെയായി. ഇതോടെയാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമായത്. അതോടെ പോളിംഗ് ശതമാനവും കുതിച്ചുകയറി.
വ്യക്തമായ ആക്ഷന്‍ പ്ലാനോടെയായിരുന്നു ഇത്തവണ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. പ്രധാന നോഡല്‍ ഒഫീസറുടെ കീഴില്‍, ഓരോ നിയമസഭാ മണ്ഡലത്തിനും ഓരോ നോഡല്‍ ഓഫീസറെ നിയോഗിച്ചു. ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ സാം പി. തോമസ് (ആറന്മുള), എന്‍.വി. സന്തോഷ് (റാന്നി), സജീവ് കുമാര്‍ (കോന്നി), അജയകുമാര്‍ (അടൂര്‍), ജൂനിയര്‍ സൂപ്രണ്ട് ബിനു ഗോപാലകൃഷ്ണന്‍ (തിരുവല്ല) എന്നിവരും കര്‍മ്മ നിരതരായി രംഗത്തുണ്ടായിരുന്നു. ചലച്ചിത്രതാരം കൈലാഷ് സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളുടെ ബ്രാന്‍ഡ് അംബാസിഡര്‍ ആയതോടെ യുവാക്കളുടെയും സിനിമാ സ്‌നേഹികളുടെയും സജീവ ശ്രദ്ധ നേടിയെടുക്കാനായി. ഭിന്നശേഷി വിഭാഗത്തില്‍ ഉള്‍പ്പെടുന്ന സാന്ദ്രയെന്ന കൊച്ചുമിടുക്കിയെ ഭിന്നശേഷി വിഭാഗക്കാരുടെ തെരഞ്ഞെടുപ്പ് ബ്രാന്‍ഡ് അംബാസഡറായി കണ്ടെത്താന്‍ കഴിഞ്ഞതും ഏറെ പ്രശംസിക്കപ്പെട്ടു. ഇതിനു പുറമേ കാമ്പസുകളിലും അംബാസഡര്‍മാരെ നിയോഗിച്ചത് സ്വീപ് പ്രവര്‍ത്തനങ്ങള്‍ക്ക് ചടുലത നല്‍കി. സിനിമ-സീരിയല്‍ താരം രേണു സൗധര്‍ അടൂര്‍ എസ്എന്‍ഐറ്റി കോളജിലും കടമ്മനിട്ട മൗണ്ട് സിയോന്‍ എന്‍ജിനീയറിംഗ് കോളജിലും നടന്ന വോട്ടര്‍ ബോധവത്ക്കരണ പരിപാടികളില്‍ പങ്കെടുത്തു.

ഇവര്‍ക്കെല്ലാം കൃത്യമായ പരിശീലനം നല്‍കിയ ശേഷമാണ് ഉദ്ഘാടന പരിപാടിയിലേക്ക് കടന്നത്. സിനിമാതാരം കൈലാഷിന്റെ നേതൃത്വത്തില്‍ കൂട്ടയോട്ടം, റാലി. ഒപ്പം സ്വീപിന്റെയും ഹരിത തെരഞ്ഞെടുപ്പിന്റെയും ലോഗോ പ്രകാശനവും. തുടര്‍ന്നങ്ങോട്ട് അണമുറിയാതുള്ള ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍. ആദിവാസി കോളനികളില്‍ ആദ്യം ബോധവത്കരണം ആരംഭിച്ചു. ചീഫ് ഇലക്ടറല്‍ ഓഫീസറായ ടിക്കാ റാം മീണ രചിച്ച വോട്ടര്‍ ബോധവത്ക്കരണ തെരുവ് നാടകം ഗവി, മൂഴിയാര്‍, അരയാഞ്ഞിലിമണ്‍, അട്ടത്തോട് എന്നിവിടങ്ങളില്‍ അവതരിപ്പിച്ചു. പിന്നാലെ എല്ലാ പ്രധാനവകുപ്പുകളുടെയും തലവന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്ത് സ്വീപ് പ്രവര്‍ത്തനങ്ങളില്‍ അവരുടെ പങ്കാളിത്തം ഉറപ്പിച്ചു. എന്‍.സി.സി., എന്‍.എസ്.എസ്., എസ്.പി.സി തുടങ്ങിയ വിഭാഗങ്ങളുടെ പിന്തുണയും സഹായവും ഉറപ്പിക്കാനും ഇതിലൂടെ കഴിഞ്ഞു. ബോധവത്കരണത്തിനായി ബസുകളിലും കാറുകളിലും ഓട്ടോറിക്ഷകളിലും സ്റ്റിക്കര്‍ പതിപ്പിക്കുന്നതായിരുന്നു അടുത്ത പരിപാടി. പൊതുജനങ്ങളുടെ കണ്ണില്‍ പെട്ടെന്ന് സന്ദേശമെത്തിക്കാന്‍ ഇതിലൂടെ കഴിഞ്ഞു. ഇതോടെ പോലീസ് വാഹനങ്ങള്‍ അടക്കമുള്ള ഔദ്യോഗിക വാഹനങ്ങളിലും ബോധവത്കരണ സന്ദേശങ്ങള്‍ ഇടംപിടിച്ചു.
തുടര്‍ന്ന് പത്തനംതിട്ട കളക്ടറേറ്റ് പരിസരത്ത് സംഘടിപ്പിച്ച കൂട്ടയോട്ടം ഏറെ ശ്രദ്ധയാകര്‍ഷിച്ചു. കളക്ടര്‍ ഫ്‌ളാഗ് ഓഫ് ചെയ്ത ഈ റാലിയും കൂട്ടയോട്ടവും യുവജനപങ്കാളിത്തത്താല്‍ സമ്പന്നമായി. ഇതേതുടര്‍ന്ന് കൂട്ടയോട്ടവും റാലിയും മറ്റു സ്ഥലങ്ങളിലേക്കും വ്യാപിപ്പിച്ചു. തിരുവല്ലയില്‍ ഇതിനൊപ്പം സൂംബ ഡാന്‍സ് സംഘടിപ്പിച്ചത് വ്യത്യസ്ഥയുള്ള അനുഭവമായി. കളക്ടറും നിരീക്ഷകരുമൊക്കെ ഈ ഡാന്‍സിന്റെ ഭാഗഭാക്കായത് സ്വീപ്പ് വോട്ടര്‍ ബോധവത്ക്കരണ പ്രവര്‍ത്തനത്തിന് കൂടുതല്‍ പ്രചാരം ലഭിക്കുന്നതിന് സഹായകമായി. ചിത്രരചനാ മത്സരങ്ങളായിരുന്നു മറ്റൊരു മാര്‍ഗം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമെല്ലാം വെവ്വേറെ മത്സരങ്ങള്‍ ജില്ലയുടെ പലഭാഗത്തായി സംഘടിപ്പിക്കപ്പെട്ടു. തെരഞ്ഞെടുത്ത പ്രദേശങ്ങളില്‍, ജനങ്ങള്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്ന സമയംനോക്കി തെരുവുനാടകങ്ങളും ഫ്‌ളാഷ്‌മോബുകളും സംഘടിപ്പിച്ചതും വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകത വോട്ടര്‍മാരില്‍ അരക്കിട്ടുറപ്പിക്കാന്‍ സഹായകമായി.
കാമ്പസുകള്‍ കേന്ദ്രീകരിച്ചുള്ള പ്രവര്‍ത്തനങ്ങളിലും പ്രത്യേക ശ്രദ്ധയൂന്നിയതായി സ്വീപ്പ് നോഡല്‍ ഓഫീസറും അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മീഷണറുമായ കെ.കെ. വിമല്‍രാജ് പറഞ്ഞു. തങ്ങളുടെ മാതാപിതാക്കളേയും ബന്ധുക്കളെയും വോട്ട് ചെയ്യാന്‍ നിര്‍ബന്ധിപ്പിക്കുമെന്ന് സ്‌കൂള്‍ കുട്ടികള്‍ കൂട്ടത്തോടെ പ്രതിജ്ഞയെടുത്തു. ഇതിനായി സ്വന്തംഭവനങ്ങളില്‍ അവര്‍ ശ്രമിക്കുന്നുെന്നന്ന് തുടര്‍ച്ചയായി ഉറപ്പുവരുത്താനും സ്വീപ് ടീം അംഗങ്ങള്‍ ശ്രദ്ധിച്ചിരുന്നു. ഭിന്നശേഷി വിഭാഗക്കാര്‍ക്കായി പ്രത്യേക സെമിനാറുകള്‍ തന്നെ സംഘടിപ്പിച്ചു. അവരെയും ബോധവത്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാക്കുകയും ചെയ്തു. ഇത് വോട്ട് ചെയ്ത ഭിന്നശേഷി വിഭാഗക്കാരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുണ്ടാക്കാന്‍ സഹായകമായി.

വൃദ്ധസദനങ്ങളിലും ഇത്തവണ പ്രത്യേകം ശ്രദ്ധവച്ചു. ആറ് വൃദ്ധസദനങ്ങളിലാണ് ബോധവത്കരണ പ്രവര്‍ത്തനങ്ങളുമായി സ്വീപ് എത്തിയത്. 270 ല്‍പരം മാതാപിതാക്കളാണ് ഈ പ്രവര്‍ത്തനങ്ങളില്‍ സജീവമായത്. ഇതോടൊപ്പം എല്ലാ മണ്ഡലങ്ങളിലും പരമാവധി സ്ഥലങ്ങളില്‍ വോട്ടിംഗ് യന്ത്രങ്ങളും വിവി പാറ്റും പരിചയപ്പെടുത്തുകയും ചെയ്തു. കോളജുകളില്‍ മോക്‌പോളുകള്‍ സംഘടിപ്പിച്ചത് യുവാക്കളില്‍ ഹരംകൂട്ടി. സഞ്ചരിക്കുന്ന ‘വോട്ടുവണ്ടിക്ക് ഹൃദ്യമായ സ്വീകരണമാണ് ജില്ലയിലുടനീളം ലഭിച്ചത്. കാമ്പസുകള്‍ കേന്ദ്രീകരിച്ച് വന്‍തോതില്‍ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടന്നു. ലൈവ് റേഡിയോ ഷോകളും പ്രതിദിനമുള്ള വോട്ടര്‍ ക്വിസ് മത്സരങ്ങളും ബോധവത്കരണപ്രവര്‍ത്തനങ്ങളുടെ മാറ്റ് കൂട്ടിയതായും നോഡല്‍ ഓഫീസര്‍ വിമല്‍രാജ് പറഞ്ഞു. വോട്ടര്‍ ബോധവത്ക്കരണത്തിന്റെ ഭാഗമായി സജ്ജമാക്കിയ വോട്ട് സ്മാര്‍ട്ട് ആപ്പിലൂടെയായിരുന്നു പ്രതിദിനമുള്ള ക്വിസ് മത്സരം. പ്രതിദിനം ഒന്നാം സമ്മാനമായി 5000 രൂപയും രണ്ടാം സമ്മാനമായി 2500 രൂപയും വിജയികള്‍ക്ക് നല്‍കി. തെരഞ്ഞെടുപ്പ് ദിവസത്തെ പോളിംഗ് ശതമാനം പ്രവചിക്കുന്നവര്‍ക്ക് 25000 രൂപയാണ് സമ്മാനം. ഈ അക്ഷീണ പ്രവര്‍ത്തനങ്ങളുടെ ഫലം വോട്ടിംഗ് ശതമാനത്തില്‍ പ്രതിഫലിച്ചതിലുള്ള സന്തോഷത്തിലാണ് കളക്ടര്‍ പി.ബി. നൂഹ്. ഈ നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച സ്വീപ് ടീമംഗങ്ങളെ കളക്ടര്‍ അഭിനന്ദിച്ചു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button