KeralaNews

പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ വന്‍ പ്രതിസന്ധിയില്‍

 

കൊച്ചി: ബിഎസ്എന്‍എലില്‍ എഫ്ടിടിഎച്ചും ഇന്റര്‍നെറ്റ് ലൈനും ഉള്‍പ്പെടെയുള്ള പണികള്‍ കരാറെടുത്തവരുടെ പ്രതിഫലവും വിവിധ കരാര്‍ തൊഴിലാളികളുടെ ശമ്പളവും മാസങ്ങളായി മുടങ്ങിക്കിടക്കുന്നു. 115 കോടിയോളം രൂപയുടെ കുടിശ്ശികയാണുള്ളത്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് കഴിഞ്ഞ ഏഴുമാസമായി ചെയ്തുതീര്‍ത്ത പണികള്‍ക്ക് 50 കോടിയോളം രൂപയാണ് നല്‍കാനുള്ളത്. ഏണ്ണായിരത്തോളം കാഷ്വല്‍ കോണ്‍ട്രാക്ട് ജീവനക്കാര്‍ക്ക് മൂന്നുമാസത്തെ വേതനമായി 65 കോടി രൂപയും നല്‍കാനുണ്ട്.

തിരുവനന്തപുരം, എറണാകുളം സെക്കന്‍ഡറി സ്വിച്ചിങ് ഏരിയകള്‍ക്കു കീഴിലാണ് കരാറുകാര്‍ക്കും കരാര്‍തൊഴിലാളികള്‍ക്കും കുടിശ്ശികത്തുക കൂടുതലുള്ളത്. ഈ രണ്ട് എസ്എസ്എകളും വലിയ എസ്എസ്എകളാണെന്നതും തൊഴിലാളികള്‍ കൂടുതലുണ്ടെന്നതുമാണ് കാരണം. ഒഎഫ്‌സി, സ്‌റ്റേ വയറുകള്‍, സ്വിച്ചുകള്‍, ടെര്‍മിനേഷന്‍ ബോക്‌സുകള്‍, മീഡിയ കണ്‍വെര്‍ട്ടറുകള്‍ തുടങ്ങിയവ വാങ്ങുന്നത് ചേര്‍ത്തുള്ള കരാര്‍ ജോലികളുമുണ്ട്. കഴിഞ്ഞ വര്‍ഷം മേയിലാണ് ഒരു വര്‍ഷത്തേക്ക് പ്രാദേശികമായി കരാര്‍ നല്‍കിയത്.

ഒരു വര്‍ഷത്തെ കാലാവധിയാണ് കരാറിന്. അത് ഈ വര്‍ഷം മേയില്‍ തീരും. ഫൈബര്‍ ടു ദ ഹോം (എഫ്ടിടിഎച്ച്), ഇന്റര്‍നെറ്റ് ലൈന്‍, ട്രാന്‍സ്മിഷന്‍ ജോലികള്‍ കരാറെടുത്തവര്‍ക്ക് കഴിഞ്ഞ സെപ്തംബര്‍ മുതലുള്ള ജോലികള്‍ക്ക് തുക നല്‍കിയിട്ടില്ല. സംസ്ഥാനത്തെ വിവിധ എസ്എസ്എകളിലായി പതിനഞ്ചോളം കരാറുകാരുണ്ട്. ഇവര്‍ക്ക് മെറ്റീരിയല്‍ വാങ്ങിയ തുകയുള്‍പ്പെടെ കിട്ടാനുള്ളത് 50 കോടിയിലേറെ രൂപ വരും. ഭൂമിക്കടിയിലൂടെ കേബിളിടുന്ന ജോലികള്‍ മാത്രം കരാറെടുത്തവരുമുണ്ട്.

ബിഎസ്എന്‍എല്‍ സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ പ്രാദേശികമായി ചെയ്യുന്ന ജോലികള്‍ നിര്‍ത്തിവയ്ക്കാനും പുതിയ ടെന്‍ഡറുകള്‍ കോര്‍പറേറ്റ് ഓഫീസില്‍നിന്നുള്ള അറിയിപ്പിനുശേഷം അനുവദിച്ചാല്‍ മതിയെന്നും എല്ലാ സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍മാര്‍ക്കും കോര്‍പറേറ്റ് ഡിജിഎം ഫെബ്രുവരിയില്‍ സര്‍ക്കുലര്‍ അയച്ചിരുന്നു. ഇതുകൂടിയായതോടെ ചെയ്തു തീര്‍ത്ത പണികളുടെ തുക കിട്ടാതെ നെട്ടോട്ടമോടുകയാണ് കരാറുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button