Nattuvartha

ജവഹർ ബാലഭവനിൽ ജനറേറ്ററിന് തീപിടിച്ചു; രക്ഷകരായി അഗ്നിരക്ഷാസേന

ശ്വാസതടസ്സം അനുഭവപ്പെട്ട ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

തൃശ്ശൂർ: ജവഹർ ബാലഭവനിൽ ജനറേറ്ററിന് തീപിടിച്ചു , അഗ്നിരക്ഷാസേനയുടെ അവിചാരിതമായ ഇടപെടൽ ജവഹർ ബാലഭവനിലെ അവധിക്കാല ക്യാമ്പിലുള്ള കുട്ടികളുടെ ജീവൻ രക്ഷിച്ചു.ചെമ്പുക്കാവിലെ ജവഹർ ബാലഭവനിലെ ഒന്നാം നിലയിൽ രാവിലെ പതിനൊന്നരയോടെയാണ് കറുത്ത പുക ഉയർന്നത്. ഈ സമയം അവധിക്കാല ക്യാമ്പിൽ പങ്കെടുക്കുന്ന 1,300 കുട്ടികൾ ഉണ്ടായിരുന്നു. മൂന്ന് നിലകളിലും കുട്ടികളുണ്ടായിരുന്നു. നഗരത്തിൽ ചൊവ്വാഴ്ച വൈദ്യുതിവിതരണം നിലച്ചതിനാൽ പ്രവർത്തിപ്പിച്ച ജനറേറ്റർ ഓവർലോഡായി . ഇതേ തുടർന്ന് ജനറേറ്ററിന് തീപിടിച്ച് കറുത്ത പുക ഉയരുകയായിരുന്നു.

എന്നാൽ ബാലഭവനിൽ അഗ്നിരക്ഷാസേനയുടെ മോക്ഡ്രിൽ സംഘടിപ്പിച്ചിരുന്നു. ഇതിനായി സേനാംഗങ്ങൾ എത്തുന്നതിന് ഏതാനും നിമിഷം മുമ്പ് മാത്രമാണ് തീ കണ്ടത്. ബാലഭവനിൽനിന്ന് പുക ഉയരുന്നത് കണ്ട സേനാംഗങ്ങൾ കരുതിയത് മോക്ഡ്രില്ലിനായി ആരോ തീയിട്ടതാണെന്നായിരുന്നു. വളരെപ്പെട്ടെന്നുതന്നെ അതല്ലെന്ന് ബോധ്യപ്പെട്ടതോടെ അതിവേഗത്തിൽ കുട്ടികളെ ഒഴിപ്പിച്ചു.

സ്ഥലത്തുണ്ടായിരുന്ന സേനാംഗങ്ങൾ തീയണച്ചു. ഇതിനിടെ ശ്വാസതടസ്സം അനുഭവപ്പെട്ട ഏഴ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളെ അശ്വനി ആശുപത്രിയിലും അഞ്ച് കുട്ടികളെ ജില്ലാ സഹകരണ ആശുപത്രിയിലുമാണ് പ്രവേശിപ്പിച്ചത്. ഓക്‌സിജൻ നൽകിയ ശേഷം കുട്ടികൾക്ക് കുഴപ്പമൊന്നുമില്ലെന്നു കണ്ട് വിട്ടയച്ചു.കുട്ടികൾക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ബാലഭവൻ ഡയറക്ടർ പി. കൃഷ്ണൻകുട്ടി പറഞ്ഞു

shortlink

Related Articles

Post Your Comments

Related Articles


Back to top button