Latest NewsKerala

സിനിമാ മേഖലയില്‍ നിയന്ത്രണങ്ങള്‍ വരുന്നു; മന്ത്രിസഭ തീരുമാനം ഇങ്ങനെ

തിരുവനന്തപുരം: ചലച്ചിത്ര രംഗത്തെ വിവിധ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതിനു സമഗ്ര നിയമം കൊണ്ടുവരാന്‍ തീരുമാനം. അതിനു മുന്നോടിയായി ഇപ്പോള്‍ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്യുന്ന ഈ വിഷയം സാംസ്‌കാരിക വകുപ്പിനു കീഴിലേക്കു മാറ്റാനും മന്ത്രിസഭ തീരുമാനിച്ചു.സിനിമറ്റോഗ്രഫ് ആക്ട്, സിനിമ റഗുലേഷന്‍ ആക്ട് എന്നിവ ഭേദഗതി ചെയ്താകും സമഗ്ര നിയമം കൊണ്ടുവരിക. ഇപ്പോള്‍ ഇവ രണ്ടും കൈകാര്യം ചെയ്യുന്നത് ആഭ്യന്തര വകുപ്പാണ്. ഇനി ഇതു സാംസ്‌കാരിക വകുപ്പ് കൈകാര്യം ചെയ്യും. ഇതിനായി സര്‍ക്കാരിന്റെ കാര്യനിര്‍വഹണച്ചട്ടങ്ങള്‍ ഭേദഗതി ചെയ്യും. പുതിയ നിയമം നടപ്പാക്കുന്നതോടെ ചലച്ചിത്ര രംഗത്തു പരാതി പരിഹാരത്തിനു സ്ഥിരം അതോറിറ്റി നിലവില്‍ വരും.

ഗവര്‍ണറുടെ അംഗീകാരം ലഭിക്കുന്നതോടെയാണ് ഇതു നിലവില്‍ വരിക. ചലച്ചിത്ര നിര്‍മാണം, വിതരണം, പ്രദര്‍ശനം തുടങ്ങി എല്ലാ മേഖലകളും ഉള്‍ക്കൊള്ളിച്ചു പുതിയ നിയമം കൊണ്ടുവരണമെന്നും സിനിമ റഗുലേറ്ററി അതോറിറ്റി രൂപീകരിക്കണമെന്നും ഈ മേഖലയിലെ പ്രശ്‌നങ്ങളെക്കുറിച്ചു പഠിച്ച അടൂര്‍ ഗോപാലകൃഷ്ണന്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിരുന്നു. നിയമത്തിന്റെ കരട് സാംസ്‌കാരിക വകുപ്പ് തയാറാക്കി വരികയാണ്.

ചലച്ചിത്ര രംഗത്തെ വനിതകളുടെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ രണ്ടു വര്‍ഷം മുന്‍പ് സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍ 31 ന് റിപ്പോര്‍ട്ട് നല്‍കുമെനന്നാണ് പ്രതീക്ഷ. അവരുടെ ശുപാര്‍ശകളും നിയമത്തില്‍ ഉണ്ടാകും. കരടു തയാറാക്കിയ ശേഷം ചലച്ചിത്ര രംഗത്തെ സംഘടനകളുമായി ചര്‍ച്ച നടത്തും. ഏകപക്ഷീയമായി നിയമം അടിച്ചേല്‍പിക്കാന്‍ ഉദ്ദേശിക്കുന്നില്ല. ചലച്ചിത്ര പ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ ഉയരുന്ന ഭേദഗതി നിര്‍ദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാകും അന്തിമ രൂപം നല്‍കുക. സിനിമ ഫിലിമില്‍ നിന്നു മാറി ഡിജിറ്റലായി. സാങ്കേതിക കാര്യങ്ങളില്‍ വലിയ മാറ്റങ്ങള്‍ വന്നു. അതിനനുസരിച്ചു നിയമത്തില്‍ മാറ്റം വരുത്തിയിട്ടില്ല. തിയറ്ററിലെ സൗകര്യങ്ങള്‍, സിനിമ റിലീസിനുള്ള നടപടികള്‍, വനിതകളുടെ പ്രശ്‌നങ്ങള്‍ എന്നിവയെല്ലാം നിയമത്തില്‍ ഉണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button