KeralaLatest News

നിയമം തെറ്റിച്ച് നിലം നികത്താന്‍ വ്യാജ ഉത്തരവ്; അന്വേഷണം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : നെല്‍വയല്‍തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിലുള്ള നിലം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ പേരില്‍ വ്യാജരേഖ തയാറാക്കിയെന്ന സംഭവത്തെക്കുറിച്ചു വിശദ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെട്ടു. തണ്ണീര്‍ത്തടം പുരയിടമാക്കി മാറ്റാന്‍ ലാന്‍ഡ് റവന്യൂ കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയ സംഭവത്തില്‍ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ യു.വി ജോസാണ് പോലീസില്‍ പരാതി നല്‍കിയത്. എറണാകുളം ചൂര്‍ണിക്കര വില്ലേജിലെ 25 സെന്റ് നിലം നികത്താനായാണ് കമ്മീഷണറുടെയും ആര്‍ഡിഒയുടെയും പേരില്‍ വ്യാജ ഉത്തരവിറക്കിയത്. മ്യൂസിയെ പൊലീസ് സ്റ്റേഷനിലാണ് ലാന്‍ഡ് റവന്യൂ കമ്മിഷണര്‍ പരാതി നല്‍കിയത്.

മാര്‍ച്ച് 29 നാണ് ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്. കമ്മിഷണര്‍ യു.വി.ജോസ് അപ്പോള്‍ തിരഞ്ഞെടുപ്പു ഡ്യൂട്ടിയില്‍ സംസ്ഥാനത്തിനു പുറത്തായിരുന്നു. റവന്യു സെക്രട്ടറി വി.വേണുവിനായിരുന്നു ചുമതല. വ്യാജ ഉത്തരവാണെന്നു ബോധ്യപ്പെട്ട ഇദ്ദേഹം മന്ത്രി ചന്ദ്രശേഖരനെ വിവരമറിയിച്ചു. മന്ത്രിയുടെ നിര്‍ദേശപ്രകാരം ഉദ്യോഗസ്ഥസംഘം നേരിട്ടെത്തി കലക്ടറേറ്റ്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ നിന്നു ഫയലുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് റവന്യുമന്ത്രി ഇ. ചന്ദ്രശേഖരന്‍ മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിരുന്നു. തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് വ്യാജരേഖ നിര്‍മ്മിച്ചതെന്നാണ് വിവരം. ഇതിനായി ഒരുസംഘം പ്രവര്‍ത്തിക്കുന്നതായും സൂചനയുണ്ട്. ലാന്‍ഡ് റവന്യൂ കമ്മിഷണറേറ്റില്‍നിന്ന് യഥാര്‍ഥ നമ്പര്‍ സംഘടിപ്പിച്ചാണ് വ്യാജ ഉത്തരവ് നിര്‍മ്മിച്ചിരിക്കുന്നത്. കമ്മിഷണറേറ്റിലെ ഓഫീസ് സീലും ഉത്തരവ് ഒപ്പിട്ട സീനിയര്‍ സൂപ്രണ്ടിന്റെ ഒപ്പുള്ള ഉത്തരവിലുണ്ട്.

തൃശ്ശൂര്‍ മതിലകത്ത് മൂളംപറമ്പില്‍ വീട്ടില്‍ ഹംസ എന്നയാളുടെയും ബന്ധുക്കളുടെയും പേരില്‍ എറണാകുളം ചൂര്‍ണിക്കരയിലുള്ള 25 സെന്റ് സ്ഥലം തരംമാറ്റുന്നതിന് വേണ്ടിയാണ് വ്യാജ ഉത്തരവുണ്ടാക്കിയത്. ഹംസ ഇതിന് അപേക്ഷിച്ചിരുന്നു. ഭേദഗതിചെയ്ത നെല്‍വയല്‍-തണ്ണീര്‍ത്തട നിയമപ്രകാരം ഇത് പരിഗണിക്കപ്പെടില്ലെന്ന് കണ്ടപ്പോഴാണ് വ്യാജ ഉത്തരവ് ഹാജരാക്കിയത്.ലാന്‍ഡ് റവന്യു കമ്മിഷണറുടെ പേരില്‍ വ്യാജ ഉത്തരവു തയാറാക്കിയതിനു പിന്നില്‍ ഉദ്യോഗസ്ഥരുടെ പങ്കാളിത്തമുണ്ടോയെന്ന് അന്വേഷണം ആരംഭിച്ചു. വ്യാജ ഉത്തരവില്‍ സീല്‍ പതിപ്പിച്ചിട്ടുണ്ട്. എന്നാല്‍ കമ്മിഷണര്‍ ഉത്തരവിറക്കുമ്പോള്‍ സീല്‍ വയ്ക്കാറില്ല. കമ്മിഷണറേറ്റില്‍ മൂന്നു സീലുണ്ട്. അവയും വ്യാജ ഉത്തരവിലെ സീലുമായി താരതമ്യം ചെയ്തപ്പോള്‍ വ്യത്യാസമുണ്ടായിരുന്നു. എന്നാല്‍ ഉത്തരവിലെ ഭാഷ സര്‍ക്കാര്‍ശൈലിയിലാണ്. കമ്മിഷണറേറ്റിലെ ഉദ്യോഗസ്ഥര്‍ക്കു തട്ടിപ്പില്‍ ബന്ധമുണ്ടെന്നതിനു തെളിവ് ഇനിയും ലഭിച്ചിട്ടില്ല. എന്നാല്‍ വ്യാജ ഉത്തരവുകള്‍ തയാറാക്കുന്ന ശക്തമായ ഒരു സംഘമുണ്ടെന്നാണു സൂചന.

അന്വേഷണം വിജിലന്‍സിനു വിട്ടേക്കും. മന്ത്രി ഇ.ചന്ദ്രശേഖരന്‍ നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണു നടപടി. നിലം നികത്തുന്നതിനായി ഒരു വര്‍ഷത്തിനിടെ നല്‍കിയ അനുമതികളെക്കുറിച്ച് അന്വേഷിക്കാന്‍ ലാന്‍ഡ് റവന്യു കമ്മിഷണറുടെ ചുമതലയുള്ള റവന്യു സെക്രട്ടറി ഡോ.വി.വേണുവിനോടു മന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ വ്യാജ ഉത്തരവുകള്‍ തയാറാക്കിയിട്ടുണ്ടാകാമെന്നു പ്രാഥമിക പരിശോധനയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണു വകുപ്പുതല അന്വേഷണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button