Latest NewsIndia

ദേശീയപാത വികസനം അട്ടിമറിച്ചു ; ശ്രീധരൻപിള്ളയ്‌ക്കെതിരെ തോമസ് ഐസക്

തിരുവനന്തപുരം : ദേശീയപാത വികസനം അട്ടിമറിച്ചത് ബിജെപിയെന്ന് ധനമന്ത്രി തോമസ് ഐസക് ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള നിതിൻ ഗഡ്കരിക്ക് അയച്ച കത്തിന്റെ പകർപ്പ് പുറത്തുവിട്ടു.ബി.ജെ.പി സംസ്ഥാന പ്രസിഡന്റിന്റെ ലെറ്റര്‍പാഡില്‍ 2018 സെപ്റ്റംബര്‍ 14നാണ് കത്ത് എഴുതിയിരിക്കുന്നത്.

കൊച്ചി ഇടപ്പള്ളി മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിര്‍ത്തി വയ്ക്കണമെന്നാണ് കത്തിലെ ആവശ്യം. പ്രളയം കൂടി കണക്കിലെടുത്താകണം മുന്നോട്ട് പോകേണ്ടതെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്‍.എച്ച് 66ന് വേണ്ടി ദേശീയപാതാ അതോറിറ്റിയുടെ സ്ഥലം ഏറ്റെടുക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളും പ്രതിഷേധങ്ങളും കത്തില്‍ സൂചിപ്പിക്കുന്നുണ്ട്.

മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവർണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരൻ പിള്ള. കേരളത്തിൻ്റെ ദേശീയപാതാ വികസനം അട്ടിമറിച്ച അദ്ദേഹത്തെ നാടിൻ്റെ പൊതുശത്രുവായി പ്രഖ്യാപിച്ച് സാമൂഹ്യമായി ബഹിഷ്കരിക്കുകയാണ് വേണ്ടത്. രാഷ്ട്രീയനിലപാടുകളിലെ കേവലമായ അഭിപ്രായവ്യത്യാസമായി ഈ പ്രശ്നത്തെ ചുരുക്കാനാവില്ല. ഈ നാടിൻ്റെ ഭാവിവികസനത്തെ പിൻവാതിലിലൂടെ അട്ടിമറിച്ച ശേഷം വെളുക്കെച്ചിരിച്ച് പഞ്ചാരവർത്തമാനവുമായി നമ്മെ വീണ്ടും വഞ്ചിക്കാൻ അദ്ദേഹത്തെ അനുവദിക്കണോ എന്ന് നാടൊന്നാകെ ചിന്തിക്കണം.

ഈ സർക്കാരിൻ്റെ കാലത്ത് ദേശീയപാതാ വികസനം നടക്കില്ലെന്ന് ഉറപ്പുവരുത്തുകയാണ് ദേശീയപാതാ വികസന അതോറിറ്റി. കേരളത്തോടുള്ള മോദി സർക്കാരിൻ്റെ പകപോക്കലാണ് ഇതുവഴി വ്യക്തമാകുന്നത്. അതിനൊരു ചട്ടുകമായി നിന്നുകൊടുക്കുന്നത് ബിജെപിയുടെ സംസ്ഥാനാധ്യക്ഷനും. എങ്ങനെയും ഈ നാടിനെ നശിപ്പിക്കാനും പിന്നോട്ടടിക്കാനുമാണ് അവർ അഹോരാത്രം പരിശ്രമിക്കുന്നത് എന്നതിന് മറ്റൊരു തെളിവു കൂടി.

2020ൽ പദ്ധതി പൂർത്തിയാക്കാൻ യുദ്ധകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിൻ്റെ ചുമതലകൾ നിറവേറ്റുകയാണ് പിണറായി വിജയൻ സർക്കാർ. തൊണ്ടയാട‌്, രാമനാട്ടുകര, വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമാണം സംസ്ഥാന സർക്കാർ ഏറ്റെടുത്തു. തൊണ്ടയാട്, രാമനാട്ടുകര മേൽപ്പാലങ്ങൾ കഴിഞ്ഞ ഡിസംബറിൽ നാടിനു സമർപ്പിച്ചു. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങളുടെ നിർമ്മാണം കിഫ്ബി ഏറ്റെടുത്ത് അതിവേഗം പൂർത്തീകരിക്കുന്നു. കരമന–-കളിയിക്കാവിള റോ‌ഡ‌ും കിഫ്ബിയിൽ പെടുത്തി നാലുവരിപ്പാതയാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.

വെല്ലുവിളികൾക്കു മുന്നിൽ അടിപതറി 2013ൽ ഉമ്മൻചാണ്ടി സർക്കാർ ഉപേക്ഷിച്ചതാണ് കേരളത്തിൻ്റെ ദേശീയപാതാവികസനം. ഭൂമി ഏറ്റെടുക്കലായിരുന്നു പ്രധാന വെല്ലുവിളി. എന്നാൽ, എൽഡിഎഫ് സർക്കാർ പ്രശ്നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു. കണ്ണൂർ കീഴാറ്റൂർ, മലപ്പുറം ഉൾപ്പെടെ പല സ്ഥലങ്ങളിലും ബിജെപിയും യുഡിഎഫ‌് നേതാക്കളും കുത്തിത്തിരിപ്പിനും കലാപത്തിന‌ും ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. സ്ഥലമേറ്റെടുക്കാനായി ത്രീ എ വിജ്ഞാപനമിറക്കി പദ്ധതി ട്രാക്കിലായപ്പോഴാണ‌് രാഷ്ട്രീയവിരോധം തീർക്കാൻ കേന്ദ്രം പദ്ധതി അട്ടിമറിച്ചത‌്.

നവകേരളത്തിൻ്റെ നട്ടെല്ലാണ് നാലുവരിയിലെ ദേശീയപാത. വികസനലക്ഷ്യങ്ങൾ അതിവേഗം കരഗതമാക്കാൻ ആദ്യം പിന്നിടേണ്ട നാഴികക്കല്ലാണ് ദേശീയപാതാവികസനം. ഭാവിതലമുറയുടെ വികസനപ്രയാണങ്ങൾ സുഗമമാക്കാനുള്ള ഈ സുപ്രധാന മുന്നുപാധിയെയാണ് പി എസ് ശ്രീധരൻ പിള്ള നീചമായി അട്ടിമറിച്ചത്. അദ്ദേഹത്തിനും അദ്ദേഹത്തിൻ്റെ പാർടിയ്ക്കും കേരളം മാപ്പു നൽകില്ല.

https://www.facebook.com/thomasisaaq/photos/a.210357065647109/2709729029043221/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button