KeralaNews

മൂന്നാര്‍– മറയൂര്‍ പാതയില്‍ പൂക്കാലം

 

മറയൂര്‍: മൂന്നാര്‍ മറയൂര്‍ പാതയിലെ മഴനിഴല്‍ക്കാടുകളിലെ ഹരിതാഭയ്ക്ക് മേലെ വിഷുക്കാലത്തെത്തിയ പീതവര്‍ണം ഇപ്പോഴും മറയാതെ നില്‍ക്കുന്നത് മധ്യവേനലവധി ആഘോഷിക്കാനെത്തുന്ന സഞ്ചാരികള്‍ക്ക് കൗതുക കാഴ്ചയാണ്. തേയില ത്തോട്ടങ്ങളിലെ വാകമരങ്ങള്‍ ഒരുക്കിയ പൂവസന്തം കണ്ട് മറയൂരിലേക്ക് അടുക്കുമ്പോള്‍ പാതയോരങ്ങള്‍ നിറയെ കണിക്കൊന്ന മരങ്ങള്‍ ഇപ്പോഴും പൂവിട്ട് നില്‍ക്കുന്നത് ആരെയും മയക്കുന്ന കാഴ്ചയാകുന്നു.

വേനലില്‍ കണ്ണിന് കുളിരായി പൂത്തുനില്‍ക്കുന്ന ഗുല്‍മോഹറും യാത്ര പറഞ്ഞുപോകാന്‍ മടിയുള്ള കൂട്ടുകാരിയെപോലെ കണിക്കൊന്നയും ഒരുമിച്ചപ്പോള്‍ സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത് ഓര്‍മകളിലേക്കുള്ള മടക്കംകൂടിയാണ്. മറയൂരില്‍നിന്ന് മൂന്നാറിലേക്കുള്ള പാതയോരങ്ങളിലെ തേയിലത്തോട്ടങ്ങള്‍ക്ക് നടുവില്‍ പച്ചപ്പിന് കൂട്ടായി ചുവന്ന പൂക്കാലം തീര്‍ത്ത് വാകമരങ്ങളും മനസ്സ് നിറച്ച മഞ്ഞപ്പൂക്കളും നിറങ്ങളുടെ നവ്യാനുഭവംകൂടി സമ്മാനിക്കുന്നു.

മറയൂര്‍ കോച്ചാരം ഭാഗത്തെ ചന്ദന റിസര്‍വിലാണ് കൊന്നമരങ്ങള്‍ കൂട്ടത്തോടെ പൂവിട്ടിരിക്കുന്നത്. പള്ളാനാട് കോഫി സ്റ്റോര്‍ ഭാഗത്ത് വാകമരങ്ങളും കണിക്കൊന്നകളും പൂവിട്ടിരിക്കുന്ന അപൂര്‍വ കാഴ്ചയുമുണ്ട്. ഇവിടെനിന്നും വാകമരത്തിന്റെ പശ്ചാത്തലത്തില്‍ ഫോട്ടോയെടുക്കുന്ന സഞ്ചാരികളുടെ തിരക്കും ഏറെയാണ്. വര്‍ഷത്തില്‍ എല്ലാ മാസങ്ങളിലും വിവിധ വര്‍ണങ്ങളിലുള്ള പൂക്കള്‍ ഒരുക്കുന്ന നിറക്കാഴ്ച മൂന്നാര്‍ മറയൂര്‍ പാതയുടെ മാത്രം പ്രത്യേകതയാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button